സ്വർണപ്പണയ തട്ടിപ്പ്; പരാതി നൽകാൻ തയാറാകാതെ ഇരകൾ
text_fieldsസ്വർണ ഉടമകൾക്ക്
നൽകിയ രേഖകളുടെ
പകർപ്പ്
കണ്ണൂർ: പലിശരഹിത സ്വർണപ്പണയ വായ്പ വാഗ്ദാനം നൽകി സ്വർണാഭരണങ്ങൾ തട്ടിയ സംഘത്തിന്റെ വലയിൽ കുടുങ്ങിയത് നിരവധിപേർ. കണ്ണൂർ സിറ്റിയിൽ മാത്രം 250 പവനോളം നഷ്ടമായതായി വിവരം. എടക്കാട്, മുഴപ്പിലങ്ങാട്, തലശ്ശേരി, അഴീക്കോട്, അലവിൽ, കപ്പക്കടവ് ഭാഗങ്ങളിലും തട്ടിപ്പ് നടന്നു.
അതേസമയം, തട്ടിപ്പിനെ സംബന്ധിച്ച് ഇതുവരെ ആരും പൊലീസിൽ പരാതി നൽകാൻ തയാറായില്ല. സ്വർണപ്പണയ തട്ടിപ്പ് സംബന്ധിച്ച് ഇതുവരെ പരാതിയൊന്നും ലഭിച്ചില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടർ ‘മാധ്യമ’ത്തോട് പറഞ്ഞു. മാനഹാനി ഭയന്നാണ് ആളുകൾ പരാതിപ്പെടാത്തതെന്നാണ് വിവരം.
തട്ടിപ്പിനിരയായ വിവരം നാട്ടിലെ വാട്സ്ആപ് ഗ്രൂപ്പുകളിൽ ചിലർ പറയുന്നുണ്ട്. അഴീക്കൽ കപ്പക്കടവിലെ വീട്ടമ്മയുടെ 23 പവൻ സ്വർണാഭരണങ്ങൾ ഇത്തരത്തിൽ നഷ്ടമായി. തലശ്ശേരി കേന്ദ്രീകരിച്ചുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നും സംശയമുണ്ട്. കമീഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയമിച്ചാണ് തട്ടിപ്പ്. പലിശരഹിത സ്വർണപ്പണയ വായ്പ വാഗ്ദാനം നൽകി വീടുകളിലെത്തി ഏജന്റുമാർ മുഖേനയാണ് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ തട്ടിയത്. സ്വർണാഭരണം ഈടായി വായ്പ നൽകിയാൽ പവന് നിശ്ചിത തുക ഏജന്റിന് ലഭിക്കും.
മേൽത്തട്ടിലുള്ളവർ സ്വർണവുമായി കടന്നുകളഞ്ഞതോടെ ഏജന്റുമാരും ഫോൺ എടുക്കാതെയായി. പണം നൽകിയ ശേഷം സ്വർണാഭരണങ്ങളുടെ ചിത്രവും എണ്ണവും മോഡലും അടക്കമുള്ള വിവരങ്ങളും അടങ്ങിയ കടലാസ് മാത്രമാണ് രേഖയായി നൽകിയത്.
ബാങ്ക് നൽകുന്നതിനേക്കാൾ കൂടുതൽ പണം വായ്പയായും നൽകി. തട്ടിപ്പിനിരയായതിൽ അധികവും സ്ത്രീകളാണ്. വീട് നിർമാണത്തിനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കും ചികിത്സക്കുമെല്ലാം വായ്പയെടുത്തവരുടെ സ്വർണമാണ് നഷ്ടമായത്. ഒരു വർഷമാണ് വായ്പാകാലാവധിയായി പറഞ്ഞത്. സ്വർണാഭരണം തിരിച്ചെടുക്കാൻ വായ്പാ സമയത്ത് നൽകിയ ഫോൺ നമ്പറിൽ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
തലശ്ശേരിയിൽ ജ്വല്ലറി നിർമാണത്തിന്റെ തിരക്കിലാണെന്നും വായ്പാസംഘത്തിലെ പ്രധാനിക്ക് അപകടം പറ്റി ചികിത്സയിലാണെന്നും ഭേദമായാൽ പണം തിരിച്ചുനൽകാമെന്നൊക്കെ ചിലരോട് പറഞ്ഞെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോൾ പ്രതികരണമുണ്ടായില്ല.
ചാരിറ്റി പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് പലിശരഹിത വായ്പ നൽകുന്നതെന്നാണ് ഇടപാടുകാരോട് പറഞ്ഞത്. ചിലപ്രദേശങ്ങളിൽ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് വായ്പ നൽകുന്നതെന്നും പറഞ്ഞതായാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.