ഈ ചോർന്നൊലിക്കുന്ന കൂരയിലുണ്ട് 'ഫുൾ എ പ്ലസ്' മിടുക്കി
text_fields
കണ്ണൂർ: പ്ലാസ്റ്റിക്കുകൊണ്ട് മൂടിയ ഈ കൊച്ചുകുടിലിലെ മൺതറയിലിരുന്ന് പഠിച്ചാണ് ഗോപിക എന്ന മിടുക്കി എസ്.എസ്.എൽ.സി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയത്. മാലൂർ കരോത്ത് വയൽ സ്വദേശികളായ രാജീവെൻറയും രജിതയുടെയും മകളാണ് ഇല്ലായ്മയിലും നേട്ടം കൊയ്തത്. മാലൂർ പഞ്ചായത്തിൽനിന്ന് പത്താം തരത്തിൽ ഫുൾ എ പ്ലസ് ലഭിച്ച വിദ്യാർഥികളെ അവരുടെ വീടുകളിൽ ചെന്ന് അനുമോദിക്കുന്നതിെൻറ ഭാഗമായി കോൺഗ്രസ് ഭാരവാഹികൾ ഗോപികയുടെ വീട്ടിൽ എത്തിയപ്പോഴാണ് ശോച്യാവസ്ഥ ശ്രദ്ധയിൽപെട്ടത്. ടാർപോളിനും തുണിയും വലിച്ചുകെട്ടിയ ഒറ്റമുറി വീട്ടിൽ പഠിക്കാൻ കസേരയോ മേശയോ ഉണ്ടായിരുന്നില്ല. കൂലിപ്പണിക്കാരനായ അച്ഛെൻറ വരുമാനം രണ്ട് കുട്ടികളുടെ പഠനമടക്കമുള്ള നിത്യചെലവിന് പോലും തികയാത്ത അവസ്ഥയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന നിവേദ് എന്ന സഹോദരനും ഗോപികക്കുണ്ട്. മാലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കോമേഴ്സ് ബാച്ചിൽ അഡ്മിഷൻ ലഭിച്ചിട്ടുണ്ട് ഈ മിടുക്കിക്ക്.
ഇവർ താമസിക്കുന്ന വീടിന് നമ്പർ ലഭിക്കാത്തതിനാൽ സർക്കാർ ഭവന പദ്ധതിയിലൊന്നും കുടുംബം ഇടംപിടിച്ചിട്ടില്ല. സന്മനസ്സുകൾ സഹായിച്ചെങ്കിൽ മാത്രമേ ഈ കുടുംബത്തിന് സ്വന്തമായൊരു വീടെന്ന സ്വപ്നം യാഥാർഥ്യമാവുകയുള്ളൂ. നാട്ടുകാരുടെ നേതൃത്വത്തിൽ മാലൂർ പഞ്ചായത്തംഗം കാഞ്ഞരോളി രാഘവൻ മാസ്റ്റർ ചെയർമാനും സി. ഭാർഗവൻ കൺവീനറുമായി ഗോപിക ഭവന നിർമാണ കമ്മിറ്റി രൂപവത്കരിച്ചു. കേരള ഗ്രാമീൺ ബാങ്ക് തൃക്കടാരിപ്പൊയിൽ ശാഖയിൽ അക്കൗണ്ടും (നമ്പർ -40498 1010 28030) തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ് കോഡ് -KL GBOO40498. ഗൂഗ്ൾ പേ നമ്പർ -8848880759.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.