ജോലി കിട്ടി; ശ്രീകണ്ഠപുരത്ത് സി.പി.എം കൗണ്‍സിലര്‍ രാജിവെച്ച് സി.പി.ഐ യൂനിയനില്‍
text_fieldsശ്രീകണ്ഠപുരം: മൃഗസംരക്ഷണ വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരിയായി നിയമനം ലഭിച്ചതിനെ തുടർന്ന് ശ്രീകണ്ഠപുരം നഗരസഭയിലെ സി.പി.എം വനിത കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് സി.പി.ഐ യൂനിയനില്‍ ചേര്‍ന്നു.
സി.പി.എം ശക്തികേന്ദ്രമായ ശ്രീകണ്ഠപുരം കോട്ടൂരില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട ടി.സി. ഭവാനിയാണ് സി.പി.ഐയുടെ സര്‍വിസ് സംഘടനയായ ജോയിന്റ് കൗണ്‍സിലില്‍ അംഗത്വമെടുത്തത്. സി.പി.എമ്മിന്റെ ഉറച്ച സീറ്റായിരുന്ന കോട്ടൂരില്‍നിന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ കടുത്ത മത്സരം മറികടന്നാണ് 252 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഭവാനി വിജയിച്ചത്. കഴിഞ്ഞയാഴ്ചയാണ് മൃഗസംരക്ഷണ വകുപ്പില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ജോലി ലഭിച്ചത്.
ജോലി ലഭിച്ചാൽ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് സി.പി.എം ശ്രീകണ്ഠപുരം ഏരിയ നേതൃത്വത്തെ അറിയിച്ചിരുന്നു. തിങ്കളാഴ്ചയാണ് ഇവർ കൗൺസിലർ സ്ഥാനം രാജിവെച്ച് കത്ത് നഗരസഭ സെക്രട്ടറിക്ക് നൽകിയത്. സി.പി.എം കോട്ടൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗമാണ് ഭവാനി. അതേസമയം, പാര്‍ട്ടി അംഗത്വം രാജിവെച്ചെന്ന പ്രചാരണം തെറ്റാണെന്ന് ഭവാനി അറിയിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ അലവിലുള്ള ഓഫിസിലാണ് തിങ്കളാഴ്ച ചുമതലയേറ്റത്.
ഇതിന് പിന്നാലെയാണ് ശ്രീകണ്ഠപുരത്ത് നടന്ന ചടങ്ങില്‍ ജോയിന്റ് കൗണ്‍സിലില്‍ അംഗത്വമെടുത്തത്. സര്‍വിസ് മേഖലയില്‍ സി.പി.എമ്മിന്റെ ശക്തമായ എന്‍.ജി.ഒ യൂനിയന്‍ നിലവിലിരിക്കെയാണ് ഭവാനി ജോയിന്റ് കൗണ്‍സിലില്‍ ചേര്‍ന്നത്. ഇത് സി.പി.എം പ്രാദേശിക നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.
പങ്കാളിത്ത പെന്ഷന് ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്ന സംഘടന എന്ന നിലയിലാണ് ജോയിന്റ് കൗണ്‍സിലില്‍ അംഗത്വം സ്വീകരിച്ചതെന്ന് ഭവാനി പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ഇരിക്കൂര്‍ മേഖല പ്രസിഡന്റ് കെ.വി. ജിതിനില്നിന്നാണ് അവര്‍ അംഗത്വം സ്വീകരിച്ചത്.
ജില്ല കൗണ്‍സിലംഗം പി. റഹ്മത്ത്, സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് ഡിപ്പാര്‍ട്മെന്റ് എംപ്ലോയീസ് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയംഗം കെ.കെ കൃഷ്ണന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഭവാനിക്ക് നിയമനം ലഭിച്ച മൃഗസംരക്ഷണ വകുപ്പ് ഭരിക്കുന്നത് സി.പി.ഐയാണ്. കൗൺസിലർ സ്ഥാനം രാജിവെച്ചതോടെ കോട്ടൂർ ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കും.
അടുത്തകാലത്തായി ജില്ലയുടെ വിവിധയിടങ്ങളിൽനിന്നായി നിരവധി സി.പി.എം പ്രവര്‍ത്തകരാണ് സി.പി.ഐയില്‍ ചേർന്നത്. തളിപ്പറമ്പ് മാന്ധംകുണ്ടില്‍ കോമത്ത് മുരളീധരന്റെ നേതൃത്വത്തില്‍ ഒരുസംഘം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നത് സി.പി.എമ്മിന് കനത്ത ആഘാതമായിരുന്നു. കണ്ണൂരിലും പ്രമുഖരായ സി.പി.എം നേതാക്കളുടെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ സി.പി.ഐയില്‍ ചേര്‍ന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.