പരിയാരം മെഡിക്കൽ കോളജിലെ ജീവനക്കാർക്ക് പഴയ ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ
text_fieldsകണ്ണൂർ: പരിയാരം സഹകരണ മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിന് മുമ്പ് ജീവനക്കാർക്ക് ലഭിച്ചിരുന്ന സഹകരണമേഖലയിലെ ശമ്പളം നിലനിർത്തണമെന്ന ആവശ്യം നിലവിലെ വ്യവസ്ഥകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന് സർക്കാർ മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
2006 മുതൽ ജോലിചെയ്തു വരുന്നവർക്ക് ഹെഡ് നഴ്സായി താഴ്ന്ന തസ്തികയിലേക്ക് നിയമനം നൽകിയെന്നും ശമ്പളത്തിൽ കുറവുണ്ടായെന്നും ആരോപിച്ച് ജീവനക്കാർ സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട വിശദീകരണത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം അറിയിച്ചത്. എന്നാൽ ജീവനക്കാരുടെ ആവശ്യം അനുഭാവപൂർവം പരിഗണിച്ച് മൂന്നു മാസത്തിനകം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് കമീഷൻ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകി.
2019 മാർച്ച് രണ്ടിന് പഴയ പരിയാരം മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന സ്ഥിരം നഴ്സിങ് ജീവനക്കാരെ സർക്കാർ സർവിസിലെടുക്കുന്നതിനായി 521 തസ്തികകൾ സൃഷ്ടിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അവർ വാങ്ങിക്കൊണ്ടിരുന്ന ശമ്പളത്തിന് ആനുപാതികമായാണ് പുതിയ തസ്തികകളിൽ വേതനം നിശ്ചയിച്ചത്. എന്നാൽ സർക്കാർ സർവിസിലേക്ക് മാറ്റുമ്പോൾ അവരുടെ ശമ്പളം ഏറ്റെടുക്കുന്ന തസ്തികയുടെ തുടക്കത്തിലുള്ളതായിരിക്കും നിർണയിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നതാണ്. പഴയ ശമ്പള സ്കെയിൽ കണക്കാക്കിയാണ് പുതിയ ശമ്പളം നിർണയിച്ചത്. ജീവനക്കാരുടെ നിയമന ക്രമീകരണം, പ്രൊബേഷൻ എന്നിവ പൂർത്തിയാക്കുന്ന മുറക്ക് വാർഷിക വേതന വർധനവുകൾ അനുവദിക്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഷേർലി സെബാസ്റ്റ്യനും മറ്റുള്ളവരും സമർപ്പിച്ച പരാതികളിലാണ് കമീഷന്റെ ഉത്തരവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.