സർക്കാർ ഫണ്ട്: കോടതിയെ സമീപിക്കണമെന്ന് ഭരണപക്ഷം, നിവേദക സംഘം മതിയെന്ന് പ്രതിപക്ഷം
text_fieldsകണ്ണൂർ: വാർഷിക പദ്ധതി നടത്തിപ്പിനുള്ള വികസന ഫണ്ട് അനുവദിക്കുന്നതിലെ സർക്കാർ വിവേചനത്തിനെതിരെ കോർപറേഷൻ കോടതിയെ സമീപിക്കണമെന്ന് ഭരണപക്ഷം. സർക്കാറിൽനിന്ന് ആവശ്യമായ ഫണ്ട് നേടിയെടുക്കാൻ സർവകക്ഷി നിവേദക സംഘത്തെ അയക്കണമെന്ന് പ്രതിപക്ഷവും.
വാർഷിക പദ്ധതി നടത്തിപ്പിനുള്ള വികസനഫണ്ട് അനുവദിക്കുന്നതിൽ സർക്കാർ കൃത്യത പാലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ കെ.പി. അബ്ദുൽ റസാഖ് അവതരിപ്പിച്ച പ്രമേത്തിന്മേലുള്ള ചർച്ചയിലാണ് ഇരുപക്ഷവും ആവശ്യം ഉന്നയിച്ചത്.
നീണ്ടനേരത്തെ വാദപ്രതിവാദങ്ങൾക്കുശേഷം പ്രമേയം അംഗീകരിച്ചതായി റൂളിങ് നൽകിയ മേയർ മുസ്ലീഹ് മഠത്തിൽ സർക്കാരിൽ സമ്മർദ്ദം ചെലുത്തി ആവശ്യം നേടിയടുക്കാൻ സർവകക്ഷി സംഘത്തെ അയക്കുമെന്നും അറിയിച്ചു. തീയതി പിന്നീട് തീരുമാനിക്കും.
തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഫണ്ട് വർഷങ്ങളായി കൃത്യമായി അനുവദിക്കുന്നില്ലെന്ന് പ്രമേയം അവതരിപ്പിച്ച് കെ.പി. അബ്ദുൽ റസാഖ് പറഞ്ഞു. ഉത്തരവായെന്നു പറയുന്ന തുക തന്നെ ട്രഷറിയിൽ കൃത്യമായി എത്താത്ത സാഹചര്യമാണ്.
സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ ട്രഷറിയിൽ ഫണ്ട് എത്തുകയും അവ മണിക്കൂറിനുള്ളിൽതന്നെ ചെലവഴിക്കണമെന്ന് നിർദേശം നൽകുകയും ചെലവഴിക്കാത്ത തുക തിരിച്ചു പിടിക്കുകയും ചെയ്യുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാട്ടി.
നമ്മുടെതല്ലാത്ത വീഴ്ചകൊണ്ട് ഫണ്ട് കിട്ടാതെ വന്നിട്ടുണ്ടെങ്കിൽ സർവകക്ഷി സംഘത്തെ അയച്ച് സർക്കാറിൽനിന്ന് നേടിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടതെന്ന് സി.പി.എമ്മിലെ എൻ. സുകന്യ പറഞ്ഞു.
രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള പ്രമേയത്തോട് യോജിക്കാനാവില്ല. ആവശ്യം നേടിയെടുക്കുന്നതിനു പകരം സർക്കാറുമായി ഏറ്റുമുട്ടുകയല്ല വേണ്ടതെന്നും സുകന്യ ഓർമിപ്പിച്ചു. ഭരണകൂടത്തിന്റെ പരാജയമാണ് ഫണ്ട് കിട്ടാത്തതിന് കാരണമെന്ന് സി.പി.എമ്മിലെ കെ. പ്രദീപൻ പറഞ്ഞു.
അതുമറച്ചുവെക്കാനാണ് സർക്കാറിനെതിരെ പ്രമേയം കൊണ്ടുവന്നത്. കോർപറേഷനിൽ യു.ഡി.എഫ് ഭരിക്കുന്നതിനാൽ സർക്കാർ വികസന കാര്യത്തിൽ മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര പറഞ്ഞു.
ആവശ്യത്തിന് ജീവനക്കാരെ അനുവദിക്കാത്തത് ഇതിന്റെ ഭാഗമാണ്. അർഹമായ ഫണ്ട് നേടിയെടുക്കാൻ കോടതിയിൽ പോകണമെന്ന് മുൻ മേയർ അഡ്വ. ടി.ഒ. മോഹനനും വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂരും പറഞ്ഞു.
അർഹതപ്പെട്ട ഫണ്ട് നേടിയെടുക്കാൻ സർവകക്ഷി സംഘത്തെ അയക്കണമെന്ന പ്രതിപക്ഷ നിർദേശം വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷും ആവർത്തിച്ചു. സമ്മർദ്ദം ചെലുത്തണം. ഇടപെടലിലൂടെ നേടിയെടുക്കാൻ കഴിയുന്ന ആവശ്യത്തിന് പ്രമേയത്തിന്റെ ആവശ്യമേയില്ലെന്ന് സി.പി.ഐയിലെ എൻ. ഉഷ പറഞ്ഞു.
ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് പ്രമേയമെന്ന് വ്യക്തമാക്കിയ മേയർ മുസ്ലിഹ് മഠത്തിൽ പ്രതിപക്ഷ അംഗങ്ങളുടെ എതിർപ്പിനിടയിലും പ്രമേയം അംഗീകരിക്കുന്നതായി റൂളിങ് നൽകി. എന്നാൽ, പ്രതിപക്ഷം ഉന്നയിച്ച നിർദേശം അംഗീകരിച്ച് സർക്കാറിനെ കാണാൻ സർവകക്ഷി സംഘത്തെ അയക്കാൻ തീരുമാനിക്കുകയാണെന്നും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.