Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightക്ലച്ച് പിടിക്കാതെ...

ക്ലച്ച് പിടിക്കാതെ ഗ്രാമവണ്ടി; കൈനീട്ടാതെ പഞ്ചായത്തുകൾ

text_fields
bookmark_border
ക്ലച്ച് പിടിക്കാതെ ഗ്രാമവണ്ടി; കൈനീട്ടാതെ പഞ്ചായത്തുകൾ
cancel

കണ്ണൂർ: തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി നടപ്പാക്കുന്ന ഗ്രാമവണ്ടി പദ്ധതിക്ക് ജില്ലയിൽ ഇതുവരെ ഡബ്ൾബെൽ മുഴങ്ങിയില്ല. ഓപറേറ്റ് ചെയ്യാതെ മുടങ്ങിക്കിടക്കുന്ന കെ.എസ്.ആർ.ടി.സി സർവിസുകൾ ഡീസൽ ചെലവ് വഹിച്ചുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുനരാരംഭിക്കാനാവുന്നതാണ് പദ്ധതി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കും സെക്രട്ടറിമാർക്കും പദ്ധതി സംബന്ധിച്ച് കെ.എസ്.ആർ.ടി.സി വിശദമായ രൂപരേഖ കൈമാറിയിട്ടുണ്ടെങ്കിലും സർവിസ് തുടങ്ങാനായി ആരും ഇതുവരെ താൽപര്യമറിയിച്ചിട്ടില്ല. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പഞ്ചായത്തുകൾക്ക് ഇന്ധനചെലവ് വഹിക്കൽ ഇരട്ടിഭാരമാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് കണ്ണൂരിലേക്ക് സർവിസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസിന് ശരാശരി 9,000 രൂപയുടെ ഇന്ധനം ആവശ്യമാണ്. 300 കിലോമീറ്ററാണ് ഒരുദിവസം താണ്ടുക. ഗ്രാമവണ്ടി പദ്ധതി പ്രകാരം പഞ്ചായത്തുകൾ പറയുന്ന സമയത്തും റൂട്ടിലുമാണ് ബസുകൾ സർവിസ് നടത്തുക. ദിവസേന 5,000 രൂപയെങ്കിലും ഡീസൽ ചെലവായി തദ്ദേശസ്ഥാപനങ്ങൾ വഹിക്കേണ്ടിവരും. ജീവനക്കാർക്ക് അടക്കം ശമ്പളം നൽകാൻ ബുദ്ധിമുട്ടുന്ന പഞ്ചായത്തുകൾക്ക് പദ്ധതി ഏറ്റെടുക്കാനാവില്ല.

പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ മലയോര മേഖലയിലടക്കം പൊതുഗതാഗതം ശക്തമാകും. സർക്കാർ നൽകുന്ന ജനറൽ പർപ്പസ് ഫണ്ടും തനത് ഫണ്ടും ഉപയോഗിച്ച് ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ തികയാത്ത മലപ്പട്ടം പോലെയുള്ള മലയോര പഞ്ചായത്തുകളിലാണ് ഗ്രാമവണ്ടിയുടെ സേവനം അത്യാവശ്യം. എന്നാൽ, പദ്ധതി ഏറ്റെടുക്കണമെങ്കിൽ മാസം ഒന്നരലക്ഷം രൂപയെങ്കിലും കണ്ടെത്തണം. ഒരുമാസത്തെ തുക കെ.എസ്.ആർ.ടി.സിയിൽ മുൻകൂറായി അടച്ചാൽ മാത്രമേ സർവിസ് തുടങ്ങുകയുള്ളൂ. കുടിശ്ശിക വരുത്തുകയാണെങ്കിൽ പലിശയും അടക്കേണ്ടിവരും. യാത്രക്ക് സാധാരണ ടിക്കറ്റ് നിരക്കാണ് ഈടാക്കുക.

ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ കഴിഞ്ഞദിവസമാണ് തിരുവനന്തപുരം പാറശ്ശാലയിൽ നിർവഹിച്ചത്. കോവിഡ് കാലത്ത് അടക്കം നിർത്തലാക്കിയ സർവിസുകൾ പുന:സ്ഥാപിക്കാൻ സാധ്യമാകുന്നതാണ് പദ്ധതി. കോവിഡ് കാലത്ത് നിർത്തലാക്കിയ സർവിസുകൾ തുടങ്ങാനായി ജില്ല റോഡ് സുരക്ഷ കൗൺസിലിൽ ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നത് സംബന്ധിച്ച് ജില്ല വികസന സമിതിയിൽ ചർച്ചയായിരുന്നു. മലയോരത്ത് അടക്കം വിദ്യാർഥികൾ ഉൾപ്പെടെ യാത്രാപ്രശ്‌നം അനുഭവിക്കുന്നത് തുടരുകയാണ്. ലോക്ഡൗണിൽ ഓട്ടം നിർത്തിയ നിരവധി സ്വകാര്യ ബസുകൾ ഇതുവരെ സർവിസ് പുനരാരംഭിച്ചില്ല. കോവിഡ് കാലത്ത് നിർത്തിവെച്ച ബസ് സർവിസുകൾ കെ.എസ്.ആർ.ടി.സി ഏറക്കുറെ പുന:സ്ഥാപിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsKSRTCgrama vandi
News Summary - grama vandi program with ksrtc
Next Story