ഗോത്രസാരഥിക്ക് പകരം ആനവണ്ടി; ജില്ലയിലെ ആദ്യ സർവിസ് ആറളത്ത്
text_fieldsപേരാവൂർ: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയെ കോർത്തിണക്കി കെ.എസ്.ആർ.ടി.സിയുടെ 'ഗ്രാമവണ്ടി' സർവിസ് ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി കെ.എസ്.ആർ.ടി.സി ഉന്നതസംഘം സ്ഥലത്തെത്തി റൂട്ട് റോഡ് പരിശോധന നടത്തി. കെ.എസ്.ആർ.ടി.സിയുടെ ബസ് കടന്നുപോകാൻ പറ്റുന്ന പ്രദേശങ്ങൾ മനസ്സിലാക്കാനും പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകളെ കൂട്ടിയിണക്കി സർവിസ് നടത്തുന്നതിനുമുള്ള പരിശോധനയാണ് നടത്തിയത്.
ഗ്രാമവണ്ടി ആരംഭിക്കുന്നതിന് ജില്ല, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ നേരത്തേ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമവണ്ടികൾ വരുന്നതോടെ വിദ്യാർഥികൾ ഉൾപ്പെടെ ഫാം മേഖലയിൽ കഴിയുന്നവരുടെ യാത്ര പ്രതിസന്ധിക്ക് പരിഹാരം കാണാനാകും. ജില്ലയിൽ ആദ്യത്തെ ഗ്രാമവണ്ടി പദ്ധതിയാണ് ആറളം ഫാമിൽ നടപ്പാക്കുന്നത്. സർവിസ് നടത്താൻ സാധ്യതയുള്ള വഴികൾ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, സ്കൂൾ പ്രധാനാധ്യാപകൻ ടി. തിലകൻ എന്നിവരുടെ നേതൃത്വത്തിൽ അധികൃതർക്കൊപ്പം പരിശോധന നടത്തി. റൂട്ട് മാപ്പ് തയാറാക്കി സർവിസ് ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി. മനോജ് കുമാർ പറഞ്ഞു.
ഇപ്പോൾ ഗോത്രസാരഥി പദ്ധതി പ്രകാരമാണ് ഫാമിലെ 3500 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പുനരധിവാസ മേഖലയിലെ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നത്. നിലവിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതിനും തിരികെ വീടുകളിൽ എത്തിക്കുന്നതിനുമായി ഗോത്ര സാരഥി പദ്ധതിയിൽ 27 സർവിസുകളാണ് നടത്തുന്നത്. 13 ലക്ഷത്തോളം രൂപയാണ് ജീപ്പ്, ഓട്ടോ, വാൻ, ടൂറിസ്റ്റ് ബസ് എന്നിവ ഒരു മാസത്തേക്ക് സർവിസ് നടത്തുന്നതിന് ചെലവിടുന്നത്. ആദ്യഘട്ടത്തിൽ രണ്ടു ബസുകളാണ് കെ.എസ്.ആർ.ടിസിയോട് ഫാമിൽ സർവിസ് നടത്താൻ ആവശ്യപ്പെട്ടത്. പദ്ധതി നടപ്പാകുന്നതോടെ ഗോത്ര സാരഥിയുടെ ചെലവ് മൂന്നിലൊന്നായി കുറയും. ഗ്രാമവണ്ടി സർവിസ് നടത്തുമ്പോൾ 4000 രൂപയാണ് പ്രതിദിനം ഡീസൽ ചെലവിനായി നൽകേണ്ടത്. ആറളം പുനരധിവാസ മേഖല എന്ന പ്രത്യേകത കണക്കിലെടുത്ത് ടി.ആർ.ഡി.എം ഈ ഫണ്ട് നൽകും. സ്കൂൾ സമയത്ത് വിദ്യാർഥികൾ എത്തേണ്ട മേഖലകളിലൂടെ ഷട്ടിൽ സർവിസ് നടത്തുന്ന ബസുകൾ അല്ലാത്ത സമയത്ത് കീഴ്പ്പള്ളി ഇരിട്ടി കണ്ണൂർ പ്രദേശങ്ങളെ കോർത്തിണക്കി പൊതു സർവിസും നടത്തും. വിദ്യാർഥികൾക്ക് സൗജന്യ നിരക്കിലുള്ള കൂപ്പൺ പ്രകാരമുള്ള യാത്ര സൗകര്യമാണ് ലഭിക്കുക. പൊതുജനങ്ങളിൽനിന്ന് ടിക്കറ്റും ഈടാക്കും. ലാഭകരമായി ഫാമിൽ ഗ്രാമവണ്ടി സർവിസ് നടത്താനാകും എന്നാണ് ജനപ്രതിനിധികൾ കെ.എസ്.ആർ.ടി.സിക്ക് ഉറപ്പുനൽകിയത്. ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി സർവിസ് എന്ന നിലയിൽ വിപുലമായ ഉദ്ഘാടന പരിപാടികൾ ഉൾപ്പെടെയാണ് ആലോചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.