ധർമടത്ത് ശക്തൻ വേണമെന്ന്; ഇരിക്കൂറിൽ ഗ്രൂപ് പോര്
text_fieldsകണ്ണൂർ: ജില്ലയിൽ ഇരിക്കൂർ, ധർമടം മണ്ഡലത്തിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് കോൺഗ്രസിൽ കലഹം രൂക്ഷം. ധർമടത്ത് ശക്തനായ സ്ഥാനാർഥിക്കുവേണ്ടിയാണ് മുറവിളിയെങ്കിൽ ഇരിക്കൂറിൽ ഗ്രൂപ് വഴക്കാണ് പ്രതിസന്ധിക്ക് വഴിയൊരുക്കിയത്. നേമത്തെപ്പോലെ ധർമടത്തും ശക്തമായ സ്ഥാനാർഥിയെ നിർത്തണമെന്നാണ് ജില്ലയിലെ പാർട്ടി നേതൃത്വത്തിെൻറയും അണികളുടെയും ആവശ്യം. ധർമടത്ത് ആദ്യഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫോർവോഡ് ബ്ലോക്ക് ദേശീയ നേതാവായ ജി. ദേവരാജെൻറ പേരായിരുന്നു ഉയർന്നത്. എന്നാൽ, പാർട്ടി ദേശീയ നേതാക്കൾ ഇൗ സാധ്യത തള്ളുകയായിരുന്നു. അതേസമയം, താൻ ധർമടത്ത് മത്സരിക്കാനിലെന്ന് ജി. ദേവരാജൻ 'മാധ്യമ'ത്തോട് പറഞ്ഞു.
എ.െഎ.സി.സി വക്താവ് ഷമാ മുഹമ്മദ് ഇവിടെ സ്ഥാനാർഥിയാകുമെന്ന അഭ്യൂഹവും ശക്തമായിരുന്നു. നിലവിൽ ഡി.സി.സി ജനറല് സെക്രട്ടറി സി. രഘുനാഥിെൻറ പേരാണ് മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ഉയർന്നുകേൾക്കുന്നത്. ചുവന്നകോട്ടയായ ഇവിടെ ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കുക എന്നതാണ് ശക്തനായ സ്ഥാനാർഥിയെ നിർത്തുന്നത്തിലൂടെ പാർട്ടി ലക്ഷ്യമിടുന്നത്.
എ ഗ്രൂപ്പിെൻറ സ്ഥിരം മണ്ഡലമായ ഇരിക്കൂറിൽ ആദ്യം ഉയർന്നുകേട്ടത് അതേ ഗ്രൂപ്പിലെ തന്നെ നേതാവും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായിരുന്ന അഡ്വ. സോണി സെബാസ്റ്റ്യെൻറ പേരായിരുന്നു. എന്നാൽ, ഇദ്ദേഹത്തെ തഴഞ്ഞ് മറ്റൊരു കെ.പി.സി.സി ജനറൽ സെക്രട്ടറിയായ അഡ്വ. സജീവ് ജോസഫിനെ സ്ഥാനാർഥിയാക്കുമെന്ന സൂചന പാർട്ടിക്കുള്ളിൽ ശക്തമായി. ഇതേ തുടർന്ന് നേതാക്കളടക്കം പ്രതിഷേധവുമായെത്തുകയായിരുന്നു. എ ഗ്രൂപ്പിലെ നേതാവായ കെ.സി. ജോസഫ് തുടർച്ചയായി അഞ്ചു തവണ ജയിച്ച മണ്ഡലമാണിത്. ശനിയാഴ്ചയും ഇരിക്കൂറിൽ സ്ഥാനാർഥിത്വത്തെ സംബന്ധിച്ചുള്ള നേതാക്കളുടെയടക്കം പ്രതിഷേധം തുടരുകയാണ്.
ജില്ലയിൽ കണ്ണൂർ, പേരാവൂർ മണ്ഡലങ്ങളിൽ മാത്രമാണ് കോൺഗ്രസ് സ്ഥാനാർഥികളെ സംബന്ധിച്ച് ഏകദേശ ധാരണയായത്. പേരാവൂരിൽ സിറ്റിങ് എം.എൽ.എ അഡ്വ. സണ്ണി ജോസഫും കണ്ണൂരിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനിയും ജനവിധി തേടും. ജില്ലയിൽ ആകെയുള്ള 11 മണ്ഡലങ്ങളിൽ എട്ടിടത്താണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. രണ്ടിടത്ത് ലീഗ് സ്ഥാനാർഥികളും ഒരിടത്ത് ആർ.എസ്.പിയും ജനവിധി തേടും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഴീക്കോട്, പേരാവൂർ, ഇരിക്കൂർ എന്നിവിടങ്ങളിലാണ് യു.ഡി.എഫ് ജയിച്ചുകയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.