ഓൺലൈനായി പഠിപ്പിച്ച ഗെസ്റ്റ് അധ്യാപകർക്കും വേതനം നൽകണം
text_fieldsകണ്ണൂർ: കോവിഡ് പശ്ചാത്തലത്തിൽ 2020-21 അധ്യയന വർഷം ഓൺലൈനായി ക്ലാസെടുത്ത ഗെസ്റ്റ് അധ്യാപകർക്കും വേതനം ലഭിക്കാൻ അർഹതയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. ഇക്കാര്യം പരിശോധിച്ച് ഒരു മാസത്തിനുള്ളിൽ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജുനാഥ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകർക്കുവേണ്ടി ഷെറിൻ വി. മാത്യു സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2019-20 വരെയാണ് അതിഥി അധ്യാപകർക്കുള്ള വേതനം ലഭിച്ചത്. എന്നാൽ, കോവിഡ് കാലത്ത് ഓൺലൈനായി പഠിപ്പിച്ചതിന് വേതനം ലഭിച്ചില്ല. 2020 ജൂൺ മുതൽ 2021 ഒക്ടോബർ വരെയുള്ള വേതനം നൽകണമെന്നാണ് ആവശ്യം.
ഓൺലൈൻ ക്ലാസുകൾ നടത്തുന്നതിന് പരാതിക്കാരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കാൻ മാനേജർ അപേക്ഷ നൽകിയിരുന്നെങ്കിലും സ്കൂൾ പ്രവർത്തിക്കാത്തതിനാൽ അപേക്ഷ നിരസിച്ചെന്നാണ് ഇതുസംബന്ധിച്ച് ഹയർ സെക്കൻഡറി മേഖല ഡയറക്ടർ നൽകിയ റിപ്പോർട്ട്. സ്കൂൾ പ്രവർത്തനം തുടങ്ങിയ ദിവസം മുതൽ നിയമനാംഗീകാരം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. 2020 ജൂൺ മുതൽ 2021 ഒക്ടോബർ വരെയുള്ള വേതനം പരാതിക്കാർക്ക് ലഭിക്കണമെങ്കിൽ സർക്കാറിന്റെയോ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെയോ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.