അപകടഭീതിയൊഴിയാതെ ഹാജിമെട്ട
text_fieldsകല്യാശ്ശേരി: കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയിൽ ഹാജിമെട്ടയിലെ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീണതിനെ തുടർന്നുണ്ടായ അപകട ഭീഷണി ഇപ്പോഴും നിലനിൽക്കുന്നു. മണ്ണിടിഞ്ഞതിനെ തുടർന്ന് പ്രദേശത്തെ നിരവധി വീടുകൾക്ക് സുരക്ഷ ഭീഷണി ഉയർന്നിരുന്നു. നാലു മുതൽ ഏഴുമീറ്റർ വരെ ആഴത്തിൽ ദേശീയപാതക്കായി ഏറ്റെടുത്ത സ്ഥലം കഴിച്ച് മണ്ണെടുത്തതിനെ തുടർന്നാണ് ഹാജിമെട്ടയുടെ ഇരു ഭാഗത്തുമുള്ള നിരവധി വീട്ടുകാർക്ക് അപകട ഭീഷണിയായത്. പ്രശ്നം നിരന്തരം നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ഒരു സുരക്ഷ നടപടിയും സ്വീകരിച്ചിട്ടില്ല. ചൊവ്വാഴ്ചത്തെ കനത്ത മഴയോടെ 20 മീറ്ററോളം ദൂരത്തിൽ മണ്ണിടിഞ്ഞ് പാതയിലേക്ക് വീഴുകയുണ്ടായി. എന്നാൽ, കുന്നിന് മുകളിൽ കെട്ടിയ മതിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയാണ്.
ദേശീയപാതക്കായി മണ്ണെടുത്ത ഭാഗത്തെ കുന്നിടിഞ്ഞതോടെ കുന്നിന്റെ മുകളിലുള്ള കെ. മുഹമ്മദ്കുഞ്ഞിയുടെ വീടിന്റെ ചുമരിൽ വിള്ളലും വീണിട്ടുണ്ട്. മണ്ണിടിച്ചിൽ തടയാനായി മണ്ണെടുത്ത റോഡിന്റെ ഇരുഭാഗത്തും ഇരുമ്പ് വലകെട്ടി സിമന്റ് മിശ്രിതം ചേർത്ത് ഉറപ്പിക്കുമെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, പ്രവൃത്തി തുടങ്ങിയിട്ടില്ല. ജനകീയ പരാതികളെ തുടർന്ന് ബുധനാഴ്ച സ്ഥലം സന്ദർശിച്ച കണ്ണൂർ റീച്ചിന്റെ ചുമതലയുള്ള എൻജി. വിഭാഗം തലവൻ ജഗദീഷ് സോണ്ടൂർ ആണ് നാട്ടുകാരുമായി ചർച്ച ചെയ്തത്. കല്യാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ടി.ടി. ബാലകൃഷ്ണൻ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കൂനത്തറ മോഹനൻ, സി.പി.എം ലോക്കൽ സെക്രട്ടറി വി.സി. പ്രേമരാജൻ എന്നിവരടക്കമുള്ളവർ ദേശീയപാത അധികൃതരുമായി സംസാരിക്കുകയും പ്രദേശത്തെ ജനങ്ങളുടെ ഭീതി ചൂണ്ടിക്കാണിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.