ഹജ്ജ്: കണ്ണൂർ വിമാനത്താവളം വഴി പ്രതീക്ഷിക്കുന്നത് 3500 പേരെ
text_fieldsകണ്ണൂർ: പ്രഥമ ഹജ്ജ് പുറപ്പെടൽ കേന്ദ്രമായ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ വർഷം പ്രതീക്ഷിക്കുന്നത് 3500ഓളം പേരെ. ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി മാർച്ച് 10ന് അവസാനിക്കാനിരിക്കെ ഇതിനകം കണ്ണൂർ വിമാനത്താവളം തിരഞ്ഞടുത്തത് 2527പേർ.
ഹജ്ജ് ക്യാമ്പിന്റെ വിജയത്തിന് എല്ലാ വകുപ്പുകളും സജ്ജമാകാൻ എ.ഡി.എം കെ.കെ. ദിവാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഓരോ വകുപ്പും ക്യാമ്പിനാവശ്യമായ മുന്നൊരുക്കം നടത്തും. ഒരു ഉദ്യോഗസ്ഥനെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തും.
വിമാനത്താവളത്തിൽ ഹാജിമാർക്ക് താമസിക്കാനാവശ്യമായ പന്തൽ, 24 മണിക്കൂറും ആരോഗ്യ സേവനം എന്നിവക്കുള്ള ക്രമീകരണങ്ങളടക്കം സജ്ജമാക്കും. ഇതിനായി സംസ്ഥാന സർക്കാർ ഒരു കോടി അനുവദിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി മുഹമ്മദ് അലി പറഞ്ഞു. മേയ് 20 ന് ശേഷമായിരിക്കും ക്യാമ്പ് ആരംഭിക്കുക.
സംസ്ഥാനത്ത് കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവയാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങൾ. ഇതിൽ കോഴിക്കോട് ആണ് ഏറ്റവുമധികം പേർ തിരഞ്ഞെടുത്തത്-9249. കൊച്ചി 3166 പേർ തിരഞ്ഞെടുത്തു. മൂന്നാം സ്ഥാനത്താണ് കണ്ണൂർ. ഹജ്ജ് അപേക്ഷ സമർപ്പണം പൂർത്തീകരിക്കുന്നതോടെ എണ്ണം ഇനിയും കൂടും.
കേരളത്തിൽനിന്ന് പതിനായിരത്തിനും പന്ത്രണ്ടായിരത്തിനുമിടയിൽ പേർ ഈ വർഷം ഹജ്ജിന് പോകുമെന്നാണ് കണക്കാക്കുന്നത്. ഇതിൽ 3000-3500 പേർ കണ്ണൂർ വിമാനത്താവളംതിരഞ്ഞെടുക്കുമെന്നാണ് കണക്കുകൂട്ടൽ.കണ്ണൂർ, കാസർകോട്, വയനാട് ജില്ലകൾക്ക് പുറമെ കോഴിക്കോട് ജില്ലയുടെ വടകര മേഖലയിലുള്ളവരുമാണ് കണ്ണൂരിനെ ആശ്രയിക്കുക. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ (എൽ.ആർ) പി. ഷാജു, അഡീഷനൽ എസ്.പി. എ.വി. പ്രദീപ്, അഗ്നിരക്ഷാ സേന ഓഫിസർ കെ.വി. ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.