ഹജ്ജ് പുറപ്പെടൽ കേന്ദ്രം: കണ്ണൂർ വിമാനത്താവളത്തിന് ഉണർവ്
text_fieldsകണ്ണൂർ: ഹജ്ജ് എംബാർക്കേഷൻ പോയന്റായി പ്രഖ്യാപിച്ചതോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് പുത്തനുണർവ്. നാലുവർഷം മുമ്പ് സംസ്ഥാനത്തെ ഏറ്റവും വലിയ വിമാനത്താവളമായി ആരംഭിച്ചെങ്കിലും വിദേശ വിമാന സർവിസുകൾക്ക് അനുമതിയില്ലാത്തതായിരുന്നു ഏറ്റവും വലിയ പ്രതിസന്ധി.
ഹജ്ജ് പുറപ്പെടൽ കേന്ദ്രമായതോടെ ഈ പ്രശ്നത്തിന് പരിഹാരമാവുമെന്നാണ് കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡി (കിയാൽ)ന്റെ പ്രതീക്ഷ. വിദേശവിമാനങ്ങൾക്കുള്ള അനുമതിക്കായി നാലുവർഷമായി അപേക്ഷ നൽകി കാത്തിരിക്കെയാണ് ഹജ്ജ് പുറപ്പെടൽ കേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
അതിനിടെ, ഹജ്ജ് പുറപ്പെടൽ കേന്ദ്രം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികൾ ഉടൻ കണ്ണൂർ വിമാനത്താവളത്തിലെത്തും. ടെൻഡർ വിളിച്ചാണ് ഹജ്ജ് സർവിസിനുള്ള വിമാനക്കമ്പനികളെ തെരഞ്ഞെടുക്കുക. ഇന്ത്യയിലെയും സൗദി അറേബ്യയിലെയും വിമാനക്കമ്പനികൾക്കാണ് ടെൻഡറിൽ പങ്കെടുക്കാനുള്ള അർഹത. ഇത്തരം കാര്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്ന് കിയാൽ അധികൃതർ പറഞ്ഞു.
3050 മീറ്റര്‍ റണ്‍വേ വിസ്തൃതിയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഏറ്റവും വലിയ മുതൽക്കൂട്ട്. സംസ്ഥാനത്തെ ഇതര വിമാനത്താവളങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ സൗകര്യം കൂടിയാണിത്.
എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ഗോ ഫസ്റ്റ് എന്നിവ മാത്രമാണ് നിലവിൽ കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്നത്. ഹജ്ജ് തീർഥാടകർക്കുള്ള എല്ലാ സൗകര്യവുമൊരുക്കാനുള്ള തയാറെടുപ്പിലാണ് വിമാനത്താവള അതോറിറ്റി. തീര്‍ഥാടകര്‍ക്ക് വിശ്രമം, പ്രാര്‍ഥന തുടങ്ങിയ സൗകര്യവും വിമാനത്താവളത്തിൽ തന്നെ ഒരുക്കാൻ കഴിയും. പ്രത്യേക ടെർമിനൽ ഒരുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും സജ്ജീകരിക്കും.
ഹജ്ജ് പുറപ്പെടൽ സൗകര്യങ്ങൾ സംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദേശം ലഭിക്കുന്ന മുറക്ക് ഇത്തരം കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.