ഹജ്ജ്: അപേക്ഷ സമർപ്പണത്തിന് ജില്ലയിൽ വിപുലമായ സംവിധാനം
text_fieldsകണ്ണൂർ: കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2021 വർഷത്തെ ഹജ്ജിന് പോകാൻ ഉദ്ദേശിക്കുന്നവർക്ക് അപേക്ഷ സമര്‍പ്പണത്തിന് ജില്ലയിൽ ട്രെയിനർമാരുടെ നേതൃത്വത്തിൽ വിപുലമായ സംവിധാനം ആരംഭിച്ചു. ഇതിനു മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളിലായി ട്രെയിനർമാർക്കും അക്ഷയ സംരംഭകർക്കും ഓൺലൈൻ അപേക്ഷ സന്നദ്ധസേവനം ചെയ്യുന്നവർക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കി. കോവിഡ് പശ്ചാത്തലത്തിൽ പ്രത്യേക നിർദേശങ്ങളും വിശദമായ ആക്ഷൻ പ്ലാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറപ്പെടുവിച്ചിട്ടുണ്ട്.
അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഡിസംബർ 10 ആണ്. ഇത്തവണ രണ്ടു ഘട്ടങ്ങളിലായാണ് അപേക്ഷ സമര്‍പ്പണം. ആദ്യ ഘട്ടത്തില്‍ ഹജ്ജ് അപേക്ഷ പൂർണമായും ഓണ്‍ലൈനായാണ് സമര്‍പ്പിക്കേണ്ടത്. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും കേരള ഹജ്ജ് കമ്മിറ്റിയുടെയും വെബ്സൈറ്റിൽ ഇത് ലഭ്യമാകും (www.hajcommittee.gov.in, keralahajcommittee.org). കൂടാതെ 'HAJ COMMITTEE OF INDIA' എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും അപേക്ഷിക്കാം.
ആദ്യ ഘട്ടത്തിൽ ലഭിച്ച അപേക്ഷകളിൽനിന്ന് നറുക്കെടുപ്പിനുശേഷം തിരഞ്ഞെടുക്കപ്പെട്ട എല്ലാ കാറ്റഗറിയിലുള്ള അപേക്ഷകരും അവരുടെ അപേക്ഷയും അപേക്ഷയോടൊപ്പം സമർപ്പിച്ച രേഖകളും അസ്സൽ പാസ്പോർട്ട്, മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, അഡ്വാൻസ് തുക അടച്ച രസീത് എന്നിവയും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമർപ്പിക്കണം.
ഇപ്പോൾ നടക്കുന്ന അപേക്ഷ നടപടി താൽക്കാലികമാണ്. ഹജ്ജ് 2021 സംബന്ധിച്ച് സൗദി ഹജ്ജ് അതോറിറ്റി പുറത്തിറക്കുന്ന നിബന്ധനകൾക്ക് വിധേയമായായിരിക്കും തുടർനടപടികൾ.
അപേക്ഷകർ ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് ചെയ്തിട്ടില്ലാത്തവരായിരിക്കണം. ഈ വർഷത്തെ യാത്രച്ചെലവ് 3,70,000 രൂപ മുതൽ 5,25,000 രൂപ വരെ ആയേക്കാം. എംബാർക്കേഷൻ പോയൻറ് 21ൽനിന് 10 ആയി ചുരുക്കിയതിനാൽ കേരളത്തിൽ കൊച്ചി മാത്രമാണ് അനുവദിച്ചത്. കുട്ടികളും ഗർഭിണികളും അപേക്ഷിക്കാൻ അർഹരല്ല.
ഇത്തവണ രണ്ടു കാറ്റഗറികളിലായാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനറൽ കാറ്റഗറിയും പുരുഷന്മാരില്ലാത്ത സ്ത്രീകൾ മാത്രമായുള്ള വിത്തൗട്ട് മെഹറം കാറ്റഗറിയും. ജനറൽ കാറ്റഗറിക്ക് കുറഞ്ഞത് ഒരു അംഗത്തിനും കൂടിയാൽ മൂന്ന് അംഗങ്ങൾക്കും അപേക്ഷിക്കാം, ഈ ഗ്രൂപ്പിൽ പുരുഷൻ കവർ ലീഡർ ആയിരിക്കണം.
വിത്തൗട്ട് മെഹറം (മെഹറം ഇല്ലാത്ത സ്ത്രീകളുടെ വിഭാഗം): 2020 നവംബർ ഏഴിന് 45 വയസ്സ് പൂർത്തിയായവരും 65 വയസ്സ് കഴിയാത്തവരുമായ പുരുഷ മെഹറം ഇല്ലാത്ത മൂന്നു സ്ത്രീകൾക്ക് ഒന്നിച്ച് ഒരു കവറിൽ ജനറൽ വിഭാഗത്തിലെ നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം. ഈ ഗ്രൂപ്പിൽ നിർബന്ധമായും മൂന്നു സ്ത്രീകൾ ഉണ്ടായിരിക്കണം.
അപേക്ഷിക്കാൻ ആവശ്യമായ രേഖകൾ
• പാസ്പോർട്ട്: (2022 ജനുവരി 10 വരെ കാലാവധിയുള്ളതും 2020 ഡിസംബർ 10നുള്ളിൽ ഇഷ്യു ചെയ്തതും ആയിരിക്കണം).
• ഫോട്ടോ: പാസ്പോർട്ട് സൈസ് വലുപ്പമുള്ളതും 70 ശതമാനമെങ്കിലും മുഖം വ്യക്തമാകുന്നതും വെള്ള പ്രതലത്തിൽ ഉള്ളതുമായ ഒരു കളർ ഫോട്ടോ.
• നിലവിൽ ഉപയോഗിക്കുന്ന രണ്ടു ഫോൺ നമ്പറുകൾ
• രക്തഗ്രൂപ്, നോമിനിയുടെ പേരും വിലാസവും, ഫോൺ നമ്പർ എന്നീ വിവരങ്ങൾ
• അപേക്ഷഫീസ് ഓൺലൈനായാണ് അടക്കേണ്ടത്, ഒരാൾക്ക് 300 രൂപ
(വിത്തൗട്ട് മെഹറം ഗ്രൂപ്പിൽപെട്ട സ്ത്രീകൾക്ക് അപേക്ഷഫീസ് ആവശ്യമില്ല).
• മുഖ്യ അപേക്ഷകെൻറ പേരിലുള്ള കാൻസൽ ചെയ്ത IFSC കോഡുള്ള ബാങ്ക് ചെക്ക് (റീഫണ്ട് വന്നേക്കാവുന്നതിനാൽ കൃത്യമായ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് മാത്രമേ കൊടുക്കാവൂ).
• നിലവിലുള്ള അഡ്രസ് പാസ്പോർട്ടിൽനിന്ന് വ്യത്യസ്തമാണെങ്കിൽ അഡ്രസ് തെളിയിക്കാനുള്ള രേഖ (ആധാർ കാർഡ്/ വോട്ടർ ഐ.ഡി കാർഡ്/ ഇലക്ട്രിസിറ്റി ബിൽ/ ലാൻഡ് ഫോൺ ബിൽ/ വാട്ടർ കണക്ഷൻ ബിൽ / ഗ്യാസ് കണക്ഷൻ ബിൽ ഇവയിലേതെങ്കിലുമൊന്ന്).
•അപേക്ഷിക്കാൻ ആധാർ കാർഡ് നിർബന്ധമില്ലെങ്കിലും ആധാർ വിവരങ്ങൾ നൽകുന്നത് പിന്നീട് ഉപകാരമായിരിക്കും. യാത്രക്ക് മുമ്പായി ആർ.ടി.പി.സി.ആർ പോലെയുള്ള ടെസ്റ്റുകൾക്ക് വിധേയമാകേണ്ടി വന്നാൽ ആധാർ നിർബന്ധമായി വന്നേക്കാം. അതിനാൽ ആധാർ കാർഡ് ഇല്ലാത്തവർ തയാറാക്കി വെക്കേണ്ടതാണ്.
അപേക്ഷ പൂർത്തിയാക്കിയതിനുശേഷം പ്രിൻറ് എടുത്ത് സൂക്ഷിച്ചുവെക്കണം.
ജനറൽ കാറ്റഗറിക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി: 18 മുതൽ 65 വയസ്സു വരെയും (07.11.2002നും 08.11.1955നും ഇടയിൽ) വിത്തൗട്ട് മെഹറം ഗ്രൂപ്പിന് 45 മുതൽ 65 വയസ്സു വരെയും (07.11.1975നും 08.11.1955നും ഇടയിൽ) പ്രായം കണക്കാക്കാം.
അപേക്ഷകർക്ക് മാർഗനിർദേശങ്ങൾക്കായി ഹജ്ജ് മാസ്റ്റർ ട്രെയിനർ സി.കെ. സുബൈർ ഹാജി (9447282674), ജില്ല ഹജ്ജ് ട്രെയിനർ ഗഫൂർ പുന്നാട് (9446133582), അസി. ജില്ല ഹജ്ജ് ട്രെയിനർമാരായ റിയാസ് കക്കാട് (9497513882), കാസിം മാസ്റ്റർ (7559974266) എന്നിവരെ ബന്ധപ്പെടാം. എല്ലാ മണ്ഡലങ്ങളിലും ഹജ്ജ് കമ്മിറ്റി ട്രെയിനർമാരെ നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.