ഹരിതകർമ സേനയുടെ സേവനം: ഒക്ടോബര്‍ 10 വരെ അംഗമാകാം
text_fieldsകണ്ണൂര്‍: കോര്പറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകര്‍മ സേനക്ക് കൈമാറാത്ത വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നതിന് മുന്നോടിയായി പദ്ധതിയിൽ അംഗങ്ങളാവാൻ ഒരു അവസരം കൂടി. ഹരിതകര്‍മ സേനയില്‍ രജിസ്റ്റര്‍ചെയ്യാന്‍ വിട്ടുപോയവര്‍ കോര്പറേഷന് ഏര്‍പ്പെടുത്തിയ മൊബൈല്‍ നമ്പറില്‍ മിസ്ഡ് കാള്‍ അടിച്ചാല്‍ ബന്ധപ്പെട്ട ജീവനക്കാര്‍ തിരികെ വിളിച്ച് രജിസ്റ്റര്‍ നടപടി സ്വീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് ലാന്‍ഡ് ഫോണ്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഒക്ടോബർ 10 വരെ രജിസ്റ്റർ ചെയ്യാം. പ്രവര്‍ത്തനം ഏകോപിപ്പിക്കാനായി രണ്ട് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സംവിധാനത്തില്‍ എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ ഓഫിസ് സമയത്ത് ഇവരെ വിളിച്ച് പരാതികള്‍ അറിയിക്കാം. വാര്‍ഡ് കൗണ്‍സിലര്‍മാരും ഇക്കാര്യത്തില്‍ വീട്ടുടമയെയും സ്ഥാപന ഉടമയെയും സഹായിക്കും.
നൂറു ശതമാനം വീടുകളും സ്ഥാപനങ്ങളും ഹരിതകര്‍മ സേനയില്‍ രജിസ്റ്റര്‍ ചെയ്ത് കോര്പറേഷന് മാലിന്യ വിമുക്ത പ്രഖ്യാപനം ഉടന്‍ നടത്താന്‍ ശ്രമം നടത്തുകയാണെന്നും സഹകരിക്കാത്തവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും മേയര്‍ അഡ്വ. ടി.ഒ. മോഹനന് അറിയിച്ചു.
മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാര സ്ഥാപനങ്ങളും ഫ്ലാറ്റുകളും അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോര്പറേഷന് നടപടിയുമായി രംഗത്തെത്തിയത്.
ഹരിതകര്‍മ സേനയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മിസ് കാള്‍ അടിക്കേണ്ട നമ്പര്‍: 8593000022. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാന്‍ഡ് ഫോണ്‍ നമ്പര്‍: 04973501001. ഹരിതകര്‍മ സേനയുമായി ബന്ധപ്പെടാന്‍ സാധിക്കാത്തവര്‍ ചുമതലയുള്ള ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുമായി ബന്ധപ്പെടാവുന്നതാണ്.
സി. ഹംസ -7012793909, സി.ആര്. സന്തോഷ്കുമാര്‍- 9605034840.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.