ഹരിതകർമസേന ക്ലസ്റ്റർ അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തുന്നു
text_fieldsകണ്ണൂർ: ഹരിതകർമ സേനയുടെ പ്രവർത്തനം ക്ലസ്റ്റർ അടിസ്ഥാനത്തിൽ വിപുലീകരിക്കാനും ശക്തിപ്പെടുത്താനും നടപടി തുടങ്ങി. തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രവർത്തനം വിപുലീകരിക്കാനുള്ള കർമപദ്ധതിക്ക് തുടക്കമായി. നവകേരള മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, കില തുടങ്ങിയവരടങ്ങിയ മാലിന്യമുക്ത നവകേരളം കാമ്പയിൻ സെക്രേട്ടറിയറ്റാണ് കർമപദ്ധതി തയാറാക്കിയത്.
ഇതിന്റെ അടിസ്ഥാനത്തിൽ ജില്ലയിലെ മുഴുവൻ ഹരിതകർമസേന അംഗങ്ങളുടെയും യോഗങ്ങൾ മേഖല അടിസ്ഥാനത്തിൽ ആരംഭിച്ചു.
പയ്യാവൂർ, മുണ്ടേരി, കതിരൂർ, പായം, ഇരിക്കൂർ പഞ്ചായത്തുകളിലും കൂത്തുപറമ്പ് ബ്ലോക്കിലും യോഗം ചേർന്നു. ക്ലസ്റ്റർ അടിസ്ഥാനത്തിൽ പ്രവർത്തനം മാറിയശേഷം ഹരിത പെരുമാറ്റച്ചട്ടങ്ങളുടെ നടത്തിപ്പിന് സഹായകരമായ നൂതന സംരംഭങ്ങൾ വ്യാപകമായി തുടങ്ങാനാണ് ലക്ഷ്യം. ജോലിഭാരം കുറയുന്നതിനാൽ ഹരിതകർമ സേനാംഗങ്ങൾക്ക് മറ്റ് പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കാനാവും. എല്ലാ വീടുകളിലുമെത്തി മാലിന്യശേഖരണവും യൂസർ ഫീ പിരിക്കലും എളുപ്പമാവും. നിലവിൽ വാർഡ് തലത്തിൽ ഒന്നോ രണ്ടോ പേർ ചേർന്നാണ് പ്രവർത്തനം. മൂന്നോ നാലോ വാർഡുകൾ ചേർന്ന് ക്ലസ്റ്ററാവുന്നതോടെ ഹരിതകർമ സേനാംഗങ്ങൾ അവധിയിലായാലും പ്രവർത്തനങ്ങൾ നടക്കും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഹരിതകർമസേനക്ക് ഓഫിസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. നിലവിൽ എം.സി.എഫിനോട് ചേർന്നാണ് ഓഫിസ് നടപടികൾ. ഇതിലേറെയും ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ്. പഞ്ചായത്ത് ആസ്ഥാനത്തോട് ചേർന്നാണ് പുതിയ ഓഫിസുകൾ ഒരുക്കുക.
ബ്രഹ്മപുരം അടക്കമുള്ള സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഹരിതകർമസേന പ്രവർത്തനം ശക്തിപ്പെടുത്തുന്നത്. നേരത്തെ, ഈ നിർദേശമുണ്ടായിരുന്നെങ്കിലും പ്രാവർത്തികമായിരുന്നില്ല. ജില്ലയിൽ കതിരൂർ, കോട്ടയം മലബാർ, ചപ്പാരക്കടവ്, ആന്തൂർ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ ഹരിതകർമസേന പ്രവർത്തിക്കുന്നുണ്ട്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പത്ത് മുതൽ 40 വരെ അംഗങ്ങളുള്ള ഒരു സംരംഭമാണ് ഹരിതകർമസേന. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം.സി.എഫിൽ എത്തിക്കുകയാണ് പ്രധാന ജോലി.
ഇതിനായുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് തദ്ദേശ സ്വയം ഭരണ സ്ഥാപനമാണ്. ഹരിതകർമ സേനയെ ക്ലസ്റ്റർ അടിസ്ഥാനത്തിലേക്ക് മാറ്റുന്നതോടെ പ്രവർത്തനം ശക്തിപ്പെടും. ഇതു സംബന്ധിച്ച ജില്ലയിലെ 21 കേന്ദ്രങ്ങളിലായി നടക്കുന്ന മേഖല അവലോകന യോഗങ്ങൾ ജൂൺ 20ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.