മുണ്ടേരിക്കടവിലെ അപകട വളവ് സമരത്തിനൊരുങ്ങി ജനം
text_fieldsകണ്ണൂർ: നൂഞ്ഞേരി-മുണ്ടേരിക്കടവ് റോഡിന്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങി ജനകീയ കമ്മിറ്റി. കഴിഞ്ഞ ദിവസം നൂഞ്ഞേരി മുണ്ടേരിക്കടവിലെ അപകട വളവിൽ രണ്ടു യുവാക്കളുടെ ജിവൻ പൊലിഞ്ഞിരുന്നു. സ്ഥിരം അപകടം നടക്കുന്ന വളവിൽ അധികൃതർ യാതൊരു നടപടികളും സ്വീകരിക്കാത്തത് ‘മാധ്യമം’ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ജനകീയ കമ്മിറ്റി പ്രതിഷേധങ്ങൾക്ക് രൂപം നൽകിയത്.
റോഡ് പ്രവൃത്തിയിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥക്കെതിരെ തിങ്കളാഴ്ച രാവിലെ 10.30ന് മുണ്ടേരിക്കടവ് റോഡ് ഉപരോധിക്കും. തുടർന്ന് അധികൃതരുടെ ഭാഗത്തു നിന്ന് നടപടിയുണ്ടായില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ജനകീയ കമ്മിറ്റി. അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ വെൽഫയർ പാർട്ടിയും പ്രതിഷേധ സംഗമം നടത്തിയിരുന്നു. കയ്യങ്കോട്ടെ ഹാരിസിന്റെ മകൻ അജാസ്, കണ്ണാടിപ്പറമ്പ് കാരയാപ്പിലെ വിഷ്ണു എന്നിവരാണ് അപകടത്തിൽ മരിച്ചത്. മുണ്ടേരി മൊട്ട -കണ്ണാടിപ്പറമ്പ് റോഡിലെ നൂഞ്ഞേരി മുണ്ടേരിക്കടവിലാണ് ഈ അപകട വളവ്.
റബ്ബർ ടാർ ചെയ്ത് റോഡ് നവീകരിച്ചെങ്കിലും ശാസ്ത്രീയമായ രീതിയിൽ ഒരുക്കാത്തതാണ് അപകടം കൂടാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. കണ്ണാടിപ്പറമ്പിൽ നിന്നു മുണ്ടേരിക്കടവിലേക്ക് പോകുന്ന വാഹനങ്ങൾ ഇറക്കത്തോടൊപ്പം വളവുമായ ഈ റോഡിൽ വേഗതിയിൽ പോകുന്നതാണ് അപകടത്തിന് പ്രധാന കാരണം. കൂടാതെ ഇറുങ്ങിയ റോഡും കൂടിയാണ്. ജിയോ നെറ്റ് വർക്കിന്റെ കേബ്ൾ തൂൺ കാരണം വാഹനങ്ങൾക്ക് അരികു നൽകാനും കഴിയുന്നില്ല. വീതി കൂട്ടി റോഡ് വളവ് നികത്താനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. ഇരുവശങ്ങളിലും ഓവുചാലുകളുണ്ടെങ്കിലും സ്ലാബ് ഇടാത്തത് കാൽനടയാത്രക്കാർക്കും വളരെ ബുദ്ധിമുട്ടാവുകയാണ്. നാട്ടിലെ എല്ലാവരെയും ഒരുമിച്ച് നിർത്തിയാണ് അശാസ്ത്രീയ റോഡ് നിർമിച്ചതിനെതിരെ ജനകീയ കമ്മിറ്റി സമരം നടത്തുന്നത്. ഇനിയൊരു അപകടം വരും മുന്നെ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ജനകീയ സമിതിയുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.