ആരോഗ്യ കാർഡ് വരുന്നു; ഹോട്ടൽ മേഖല മാറുന്നു
text_fieldsകണ്ണൂർ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഹോട്ടലുകളിലെയും മറ്റ് ഭക്ഷണശാലകളിലെയും പാചകത്തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് വരുന്നു. ഫെബ്രുവരി ഒന്നു മുതൽ നടപ്പാക്കേണ്ടിയിരുന്ന സംവിധാനം രണ്ടാഴ്ച നീട്ടിയെങ്കിലും ജില്ലയിൽ ഇതിനകം പകുതിയോളം പേർ കാർഡ് എടുത്തിട്ടുണ്ട്.
നിബന്ധനകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് ഭക്ഷ്യസുരക്ഷ വകുപ്പും ആരോഗ്യവകുപ്പും ചേർന്ന് ഹോട്ടലുകളിലും ഭക്ഷണ നിർമാണശാലകളിലും പരിശോധന ശക്തമാക്കും. ജില്ലയിൽ 8000ത്തിലധികം ചെറുകിട, ഇടത്തരം ഹോട്ടലുകളാണുള്ളത്. ഇവയിലാകെ 65,000ത്തോളം ജീവനക്കാരുണ്ടെന്നാണ് കണക്ക്.
ബേക്കറി, ഭക്ഷണ നിർമാണ യൂനിറ്റുകളിലും അതിലേറെയുണ്ട്. തട്ടുകടകളിലടക്കം ഭക്ഷ്യസുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണം. ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദേശം. ഇതോടെ താൽക്കാലിക ജീവനക്കാർക്കടക്കം കാർഡ് നിർബന്ധമാക്കും.
ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് ലഭ്യമാക്കാൻ കുറഞ്ഞ സമയമാണ് ലഭിച്ചതെന്ന് വ്യാപാരികൾക്ക് പരാതിയുണ്ട്. രണ്ടാഴ്ച നീട്ടിയ തീരുമാനം ഇവർക്ക് ആശ്വാസമാണ്. ഡോക്ടറുടെ നിർദേശ പ്രകാരം രക്തപരിശോധനകൾ അടക്കം പൂർത്തിയാക്കാൻ സമയമെടുക്കും. നാട്ടിൽപോയ ഇതര സംസ്ഥാന തൊഴിലാളികൾക്കടക്കം കാർഡ് നൽകേണ്ടതുണ്ട്.
ഭക്ഷണം കൈകാര്യം ചെയ്യുന്നവരിലൂടെ അപകടകാരികളായ വൈറസുകൾ, ബാക്ടീരിയകൾ അടക്കമുള്ള സൂക്ഷ്മജീവികൾ പകർന്ന് രോഗമുണ്ടാകാൻ സാധ്യതയുണ്ട്. ജീവനക്കാർ പകർച്ചവ്യാധികൾ, മുറിവ്, മറ്റു രോഗങ്ങൾ തുടങ്ങിയവ ഇല്ലാത്തവരാണെന്ന് ഉറപ്പാക്കുന്നതിനാണ് ശരീര പരിശോധന നടത്തുന്നത്. ജില്ലയിൽ വിവിധയിടങ്ങളിൽ പഴകിയ ഭക്ഷണങ്ങൾ പിടികൂടിയ നിരവധി കേസുകളാണ് ഈ വർഷമുണ്ടായത്.
പഴകിയതും വിഷാംശങ്ങൾ കലർന്നതുമായ ഭക്ഷണപദാർഥങ്ങൾ ജീവനെടുത്തതോടെയാണ് ജോലിക്കാരുടെ ശുചിത്വത്തിലും ഭക്ഷണശാല നടത്തിപ്പിലും സര്ക്കാര് നിയമം കര്ശനമാക്കിയത്. ഹെൽത്ത് കാർഡില്ലാത്ത ജീവനക്കാർ സ്ഥാപനത്തിലുണ്ടെങ്കിൽ നടപടിയുണ്ടാവും.
സ്ഥാപനത്തിന്റെ പ്രവർത്തനം നിർത്തിലാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാനാണ് സാധ്യത. നേരത്തെയും സ്ഥാപനത്തിന്റെ ലൈസൻസുമായി ബന്ധപ്പെട്ട് തൊഴിലാളികൾക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു.
ഭക്ഷ്യവിഷബാധയിൽ കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കൂടുതൽ നിർദേശങ്ങളും പരിശോധനകളും ഉൾപ്പെടുത്തിക്കൊണ്ട് സർക്കാർ ഹെൽത്ത് സർട്ടിഫിക്കറ്റ് നിബന്ധന പുതുക്കിയത്. ക്രമക്കേടുകൾ കണ്ടെത്തി അടപ്പിച്ച സ്ഥാപനങ്ങൾ തുറന്നുകൊടുക്കുമ്പോൾ ജീവനക്കാർ രണ്ടാഴ്ചക്കുള്ളിൽ ഭക്ഷ്യസുരക്ഷ പരിശീലനം നേടുമെന്നും ഹൈജീൻ റേറ്റിങ്ങിനായി രജിസ്റ്റർ ചെയ്യുമെന്നും സത്യപ്രസ്താവന ഹാജരാക്കേണ്ടി വരും.
പുതിയ നിർദേശ പ്രകാരം പാഴ്സൽ ഭക്ഷണങ്ങളിൽ അടക്കം എത്രസമയത്തിനകം കഴിക്കണമെന്ന് രേഖപ്പെടുത്തണം. തുടർച്ചയായി ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജില്ലയിലടക്കം ഹോട്ടൽ വ്യാപാര മേഖലയിൽ കച്ചവടത്തെ ബാധിച്ചുണ്ടെന്നാണ് വ്യാപാരികൾ നൽകുന്ന വിവരം. സസ്യേതര ഭക്ഷണപദാർഥങ്ങളുടെ വ്യാപാരത്തെയാണ് പ്രധാനമായും ബാധിച്ചത്.
മെഗാ ക്യാമ്പുകൾ
ഹെൽത്ത് കാർഡ് നൽകാനായി, ഹോട്ടൽമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ മെഗാക്യാമ്പുകൾ നടക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച തലശ്ശേരിയിൽ നടന്ന ക്യാമ്പിൽ ആയിരത്തിലേറെപേർ ഹെൽത്ത് കാർഡ് നേടി. ഞായറാഴ്ച മട്ടന്നൂരിലും പുതിയതെരുവിലും മെഗാ ക്യാമ്പുകൾ നടത്തും.
300 രൂപയാണ് ഹെൽത്ത് കാർഡ് പരിശോധനക്ക് ചെലവ്. നഗരസഭകളിലെ ഹോട്ടലുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് നിലവിൽ ഹെൽത്ത്കാർഡ് നിർബന്ധമാണ്. തദ്ദേശ സ്ഥാപനങ്ങളിൽ ഭക്ഷണശാലകളുടെ ലൈസൻസ് പുതുക്കാനും ഹെൽത്ത് കാർഡ് വേണം.
15 ദിവസത്തിനുള്ളിൽ പുതിയ നിർദേശങ്ങൾ പാലിച്ചുള്ള ഹെൽത്ത് കാർഡ് മുഴുവൻ പേർക്കും ലഭ്യമാക്കുകയാണ് വ്യാപാരികളുടെ ശ്രമം. ഹെൽത്ത് കാർഡുള്ളവരെ മാത്രം ജോലിക്കെടുക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറും.
എന്താണ് ഹെൽത്ത് കാർഡ്
രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെയോ സിവിൽ സർജന്റെയോ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ഹെൽത്ത് കാർഡ്.
ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക, കാഴ്ചശക്തി പരിശോധനകൾ, ത്വഗ് രോഗങ്ങൾ, വ്രണം, മുറിവ്, പകർച്ചവ്യാധികൾ എന്നിവയുണ്ടോയെന്ന പരിശോധനകളും നടത്തണം. വിവിധ വാക്സിനുകളെടുത്തിട്ടുണ്ടോ എന്നും നോക്കും. ഡോക്ടറുടെ നിർദേശ പ്രകാരം രക്തപരിശോധന ഉൾപ്പെടെ നടത്തിയാണ് കാർഡ് നൽകുക.
സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടായിരിക്കണമെന്ന് നിർബന്ധം. ഒരു വർഷമാണ് ഹെൽത്ത് കാർഡിന്റെ കാലാവധി. അടുത്തവർഷം കാർഡ് പുതുക്കിനൽകും. വ്യാജ സർട്ടിഫിക്കറ്റ് നൽകുന്നവർക്കെതിരെയും കൈവശമുള്ളവർക്കെതിരെയും നടപടിയുണ്ടാവും. എഫ്.എസ്.എസ്.എ.ഐയുടെ വെബ് സൈറ്റിൽനിന്നും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫോം ഡൗൺലോഡ് ചെയ്യാനാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.