ആവശ്യമുണ്ട്; സാമൂഹിക പ്രതിബദ്ധതയുള്ള ഡോക്ടർമാരെ
text_fieldsകണ്ണൂർ: കോവിഡ് വ്യാപനത്തിനെതിരെ അരയും തലയും മുറുക്കി നാടും നഗരവും പോരാടുേമ്പാൾ ആവശ്യത്തിന് ഡോക്ടർമാരെ ലഭിക്കാത്തത് ആരോഗ്യ വകുപ്പിനെ വലക്കുന്നു. ദേശീയാരോഗ്യ ദൗത്യം (എൻ.എച്ച്.എം) വഴിയാണ് ജില്ലയിലെ പ്രത്യേക സാഹചര്യം നേരിടാൻ ആവശ്യത്തിന് ഡോക്ടർമാരെയും ആരോഗ്യ പ്രവർത്തകരെയും നിയമിക്കുന്നത്. എന്നാൽ, വൈറസ് ഭീതിയിൽ ഡോക്ടർമാർ ആതുരസേവനത്തിന് തയാറാവാത്ത അവസ്ഥയാണ്.
പ്രതിരോധ പ്രവർത്തനങ്ങൾ ശരിയായ തരത്തിൽ മുന്നോട്ടുപോകാൻ ജില്ലയിൽ അധികമായി നൂറോളം ഡോക്ടർമാരുടെ സേവനം ആവശ്യമാണ്. കോവിഡ് അടിയന്തര സേവനത്തിനായി നാഷനൽ ഹെൽത്ത് മിഷനിൽ അനുവദിച്ച 80 ഡോക്ടർമാരുടെ അധിക തസ്തികയിൽ 32 പേർ മാത്രമാണ് ഇതുവരെ ജോലിക്ക് ഹാജരായത്. നേരത്തെ ജോലിയിൽ പ്രവേശിച്ചവരിൽ ചിലർ രാജിവെക്കുകയും ചെയ്തു. തിരഞ്ഞെടുക്കപ്പെട്ട ശേഷവും ചിലർ ജോലിയിൽ പ്രവേശിക്കാൻ തയാറാകുന്നില്ല.
കോവിഡ് ഭയം കാരണം ജോലിക്ക് ഹാജരാകാൻ രക്ഷിതാക്കൾ സമ്മതിക്കുന്നില്ലെന്നാണ് പലരും പറയുന്ന കാരണം. എന്നാൽ, ലഭ്യമായ കണക്കുകൾ പ്രകാരം 2.65 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമാണ് കോവിഡ് രോഗബാധിതരായത്. നേരത്തെ 41000 രൂപയായിരുന്ന ഡോക്ടർമാർക്കുള്ള വേതനം 25 ശതമാനം റിസ്ക് അലവൻസ് അടക്കം 60000 രൂപയായി ഉയർത്തിയിട്ടുണ്ട്. കോവിഡ് വ്യാപനം വർധിച്ച ഘട്ടത്തിൽ കൂടുതൽ ആരോഗ്യ പ്രവർത്തകരെ ആവശ്യമായ സാഹചര്യത്തിലാണ് സേവനത്തിന് ഡോക്ടർമാർ വിമുഖത കാണിക്കുന്നത്.
സാധാരണ ഇത്തരം ഒഴിവുകളിലേക്ക് നിരവധിപേർ അപേക്ഷകരായെത്താറുണ്ട്. അഞ്ചരക്കണ്ടിയിലെ ജില്ല കോവിഡ് ട്രീറ്റ്മെൻറ് സെൻറർ, കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകൾ, കണ്ണൂർ ജില്ല ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഡോക്ടർമാരെ ആവശ്യമുള്ളത്.
എം.ബി.ബി.എസും പെർമനൻറ് രജിസ്ട്രേഷനുമുള്ളവരെയാണ് എൻ.എച്ച്.എം നിയമിക്കുന്നത്. ഡോക്ടർമാർക്ക് പുറമെ സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ എന്നീ ഒഴിവുകളിലേക്കും നിയമനം നടത്തുന്നുണ്ട്. 370 നഴ്സ് ഒഴിവുകളിൽ 150 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. നഴ്സുമാർക്ക് 17000 രൂപയിൽനിന്നും 25000ത്തിലേക്കും ലാബ്, ഡയാലിസിസ് ടെക്നീഷ്യന്മാർക്ക് 14000ത്തിൽനിന്നും 25000ത്തിലേക്കും വേതനം ഉയർത്തിയെങ്കിലും പ്രതിസന്ധി തുടരുകയാണ്. ശുചീകരണ തൊഴിലാളികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ട്. ശുചീകരണ ജോലിക്കും ആളുകളെ ലഭിക്കാത്ത സ്ഥിതിയുണ്ട്. കോവിഡിനെ പേടിക്കേണ്ട സാഹചര്യമില്ലെന്നും ഡോക്ടർമാർ സേവനത്തിന് തയാറായി സമൂഹത്തോടുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും ഡി.എം.ഒ ഡോ. നാരായണ നായ്ക് പറഞ്ഞു.
സ്ഥിര ജീവനക്കാർക്ക് പുറമെ ഹൗസ് സർജൻസി അടക്കം ജില്ലയിലെ ജൂനിയർ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതാണ് ആരോഗ്യ വകുപ്പിനെ അൽപമെങ്കിലും താങ്ങിനിർത്തുന്നത്. ജില്ല കോവിഡ് ട്രീറ്റ്മെൻറ് സെൻററായി മാറ്റിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ വിദ്യാർഥികളടക്കം കണ്ണൂർ ജില്ല ആശുപത്രിയിൽ 52 ഹൗസ് സർജന്മാരാണ് ഇത്തരത്തിൽ ജോലിചെയ്യുന്നത്. മണിക്കൂറുകളോളം പി.പി.ഇ കിറ്റുകൾ ധരിച്ച് വേതനമൊന്നുമില്ലാതെയാണ് മാസങ്ങളായി ഇവർ ജോലിചെയ്യുന്നത്.
സാധാരണ ഹൗസ് സർജൻസി ഡ്യൂട്ടിയേക്കാൾ കൂടുതൽ സമയവും ഇവർ ജോലിചെയ്യേണ്ടി വരുന്നുണ്ട്. മറ്റ് മെഡിക്കൽ കോളജുകളിൽ പഠിച്ചതിനാൽ മുപ്പതോളംപേർ ആശുപത്രി വികസന ഫണ്ടിലേക്ക് 25000 രൂപ അടച്ചാണ് ഹൗസ് സർജൻസി ഡ്യൂട്ടിയെടുക്കുന്നത്. ഇതിൽ ഹൗസ് സർജൻസി കാലാവധി കഴിഞ്ഞവർ വരും ദിവസങ്ങളിൽ പുറത്തിറങ്ങുന്നതോടെ കാര്യങ്ങൾ കൂടുതൽ ബുദ്ധിമുട്ടിലാകും. രോഗപ്രതിരോധത്തിനായി ഡോക്ടർമാർ കടന്നുവരുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടവും ആരോഗ്യ വകുപ്പും. കോവിഡ് വ്യാപനത്തിൽ കൈകോർക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ www.nhmkannur.in എന്ന വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.