ജില്ലയിൽ 15 വർഷത്തിനിടെ ഏറ്റവും വലിയ മഴ
text_fieldsകണ്ണൂര്: കാലവർഷത്തിൽ കണ്ണൂരിന് ലഭിച്ചത് റെക്കോഡ് മഴ. 15 വർഷത്തിനിടെ ലഭിക്കുന്ന ഏറ്റവും വലിയ മഴയാണ് ഇത്തവണ ജില്ലയിൽ പെയ്തത്. ജൂൺ ഒന്ന് മുതൽ ജൂലൈ 30 വരെ 2176.8 മി.മീറ്റർ മഴ പെയ്തു. 22 ശതമാനം അധികമഴയാണ് ലഭിച്ചത്. മാഹിയിൽ 2047.8 മി.മീറ്റർ മഴ ലഭിച്ചു. ജൂലൈയിൽ ജില്ലയിൽ 1419.3 മി.മീറ്ററായിരുന്നു മഴ. 56 ശതമാനം അധികമഴയാണിത്. മാഹിയിലും 50 ശതമാനം അധികമഴ പെയ്തു. സംസ്ഥാനത്ത് 16 ശതമാനം അധിക മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്. ജൂലൈ മാസത്തിൽ അയ്യങ്കുന്ന്, പുളിങ്ങോം, കൊട്ടിയൂർ, പയ്യാവൂർ, മാലൂർ, പാലപ്പുഴ, നിടുംപൊയിൽ, മാങ്ങാട്ടുപറമ്പ്, പഴശ്ശി, ചെറുവാഞ്ചേരി, ആറളം, തില്ലങ്കേരി, കണ്ണവം, തളിപ്പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലാണ് സംസ്ഥാനത്തുതന്നെ കൂടുതൽ മഴ ലഭിച്ചത്.
1915 മി.മീറ്റർ മഴ ലഭിച്ച അയ്യങ്കുന്നാണ് പട്ടികയിൽ മുന്നിൽ. കണ്ണൂർ നഗരത്തിൽ 1381.4 മി.മീറ്റർ മഴ പെയ്തു. വിമാനത്താവളത്തിൽ 1375 മി.മീറ്ററും പെയ്തു. മഴപ്പെയ്ത്തിൽ ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് അനുഭവപ്പെടുന്നുണ്ട്. പുഴകൾ കരകവിഞ്ഞ് നിരവധി വീടുകളിൽ വെള്ളം കയറി. തുടർച്ചയായ ദിവസങ്ങളിൽ ജില്ലയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജില്ലയിൽ 129 കുടുംബങ്ങൾ ക്യാമ്പുകളിൽ
കണ്ണൂർ: ജില്ലയിൽ മൂന്നു താലൂക്കുകളിലെ ആകെ പത്തു ദുരിതാശ്വാസ ക്യാമ്പുകളിൽ നിലവിലുള്ളത് 129 കുടുംബങ്ങൾ. തലശ്ശേരി താലൂക്കിൽ ആറ് ക്യാമ്പുകളിലായി 90 കുടുംബങ്ങളാണ് താമസിക്കുന്നത്. ഇരിട്ടിയിൽ 37 കുടുംബങ്ങൾ മൂന്ന് ക്യാമ്പുകളിലായി കഴിയുന്നു.
കണ്ണൂർ താലൂക്കിലെ ഒരു ക്യാമ്പിൽ രണ്ട് കുടുംബങ്ങളാണ് നിലവിലുള്ളത്. ജില്ലയിൽ കാലവർഷത്തെ തുടർന്ന് ബുധനാഴ്ച നാല് താലൂക്കുകളിലെ 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 215 കുടുംബങ്ങളെയാണ് പാർപ്പിച്ചിരുന്നത്. മഴയും വെള്ളക്കെട്ടും കുറഞ്ഞതോടെ മിക്കവരും വീടുകളിലേക്ക് മടങ്ങി. ബന്ധുവീടുകളിലേക്ക് മാറിയവരും തിരിച്ചെത്തിത്തുടങ്ങി. ചളിവെള്ളം കയറിയ വീടുകളിലെ ശുചീകരണമടക്കം നടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.