കനത്ത മഴയും കാറ്റും; മരങ്ങൾ പൊട്ടിവീണു
text_fieldsമാഹി: ശനിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയിലും കാറ്റിലും മാഹിയിൽ പലയിടത്തും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. മാഹി ആർ.എ ഓഫിസ് - എം.എൽ.എ ക്യാമ്പ് ഓഫിസിന് സമീപം ഗവ. ഗെസ്റ്റ് ഹൗസിന് മുൻവശത്തെ റോഡിൽ മരം പൊട്ടിവീണു. ഇത് വഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു.ചെറുകല്ലായി ടി.വി റിലേ സ്റ്റേഷൻ റോഡിൽ സമീപം സ്നേഹസദന്‍ പിറകിൽ വൈദ്യുതി ലൈനിന് മുകളിൽ മരം മുറിഞ്ഞുവീണു.
ചെമ്പ്ര ശ്രീനാരയണ മഠത്തിനടുത്ത് തേക്ക് മരം മുറിഞ്ഞുവീണ് വൈദ്യുതിബന്ധം തകരാറിലായി. മാഹി അഗ്നിരക്ഷാസേന യൂനിറ്റ് ഇൻചാർജ് ലീഡിങ് ഫയർമാൻ യു.കെ. രാഗേഷ്, ഫയർമാൻമാരായ സി. സിറോഷ്, ധനേഷ് വളവിൽ, സനൂപ് വളവിൽ, ഡ്രൈവർ തങ്കമണി എന്നിരടങ്ങുന്ന സംഘം സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമങ്ങൾക്ക് ശേഷം മരങ്ങൾ മുറിച്ചുമാറ്റി.
തലശ്ശേരി: മഴയോടൊപ്പം വീശിയ കാറ്റിൽ നാശനഷ്ടം. കണ്ണിച്ചിറ, പെരിങ്കളത്ത് ശനിയാഴ്ച പുലർച്ചെ ആൾതാമസമുള്ള വീടിന് മുകളിൽ സമീപമുള്ള തെങ്ങ് കടപുഴകി. വീട് ഭാഗികമായി തകർന്നു.
പെരിങ്കളത്തെ എ. പത്മനാഭനും കുടുംബവും താമസിക്കുന്ന ജ്യോതി നിവാസ് വീടിന്റെ കിണർ ഭാഗമാണ് തകർന്നത്. അടുക്കള പാടേ തകർന്നിട്ടുണ്ട്. വീടിന് മുകളിൽ പാകിയ അലൂമിനിയം ഷീറ്റുകളും നശിച്ചു. പുലർച്ചെ വീട്ടുകാർ ഉറങ്ങുന്ന സമയമായതിനാലും അടുക്കളയിൽ ആളില്ലാത്തതിനാലും വലിയ അപായം സംഭവിച്ചില്ല. 50,000 രൂപയുടെ നാശനഷ്ടം നേരിട്ടതായി വീട്ടുടമ അറിയിച്ചു. നഗരസഭയിലെ പതിനെട്ടാം വാർഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.