തിരിമുറിയാതെ മഴക്കെടുതി
text_fieldsമെരുവമ്പായിയിൽ വീട്ടിൽ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തുന്നു
കണ്ണൂർ: രണ്ടുദിവസമായി തുടരുന്ന കനത്ത മഴയിൽ ജില്ലയിൽ നാശനഷ്ടവും കൂടുന്നു. മലയോര മേഖലയിൽ ഉരുൾപൊട്ടൽ-പ്രളയഭീതിയിൽ കഴിയുമ്പോൾ നഗരപ്രദേശങ്ങളിൽ വെള്ളം കയറുന്ന ആശങ്കയിലാണ് ജനം. ജില്ലയിലെ തലശ്ശേരി, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലായി ഏഴ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി. 79 കുടുംബങ്ങളിലെ 277 അംഗങ്ങളെ ഇവിടങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
വെള്ളം കയറിയ ഉളിയിൽ ഗവ. യു.പി സ്കൂളിൽനിന്നും അരിയും കഞ്ഞിപ്പാത്രങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് നാട്ടുകാർ മാറ്റുന്നു
തലശ്ശേരി താലൂക്കിൽ 66 കുടുംബങ്ങളിലെ 235 അംഗങ്ങളെ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ഇതിൽ 61 പേർ കുട്ടികളാണ്. തൃപ്പങ്ങോട്ടൂരിൽ നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിൽ ആരംഭിച്ച ക്യാമ്പിൽ 10 കുടുംബങ്ങളിലെ 31 പേർ കഴിയുന്നു. കതിരൂരിലെ സൈക്ലോൺ ഷെൽട്ടറിൽ ആറു കുടുംബങ്ങളിലെ 17 പേർ കഴിയുന്നു. ശിവപുരത്ത് കുണ്ടേരി പൊയിൽ എൽ.പി സ്കൂളിലെ ക്യാമ്പിലേക്ക് 15 കുടുംബങ്ങളിലെ 57 പേരെ മാറ്റി.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽ വെള്ളം കയറി നശിച്ച വീടുകളിലൊന്ന്
ശിവപുരം കുണ്ടേരിപൊയിൽ വാഗ്ഭടാനന്ദ സാംസ്കാരിക കേന്ദ്രത്തിലെ ക്യാമ്പിലേക്ക് 28 കുടുംബങ്ങളിലെ 103 ആൾക്കാരെ മാറ്റി. ശിവപുരത്ത് മള്ളന്നൂർ ചിത്ര എന്നവരുടെ വീട്ടിൽ (താൽക്കാലികമായി) ഏഴ് കുടുംബങ്ങളിലെ 27 പേർ കഴിയുന്നു.
തളിപ്പറമ്പ് താലൂക്കിൽ ചങ്ങളായിയിൽ മാപ്പിള എൽ.പി സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ ഏഴ് കുടുംബങ്ങളിലെ 19 പേർ കഴിയുന്നു. ഇരിട്ടി താലൂക്കിൽ കണിച്ചാർ സാംസ്കാരിക നിലയത്തിൽ ആറ് കുടുംബങ്ങളിലെ 23 അംഗങ്ങൾ കഴിയുന്നു. ഇരിട്ടി താലൂക്കിൽ ചാവശ്ശേരി പോസ്റ്റ് ഓഫിസിനടുത്ത് കുത്തനെയുള്ള ഒരു വലിയ പാറ ഇടിഞ്ഞതിനെ തുടർന്ന് അഞ്ച് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി.
ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇതുവഴിയുള്ള രാത്രിസഞ്ചാരങ്ങളടക്കം ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കേളകം, ഇരിട്ടി, ശ്രീകണ്ഠപുരം, കണ്ണവം, തളിപ്പറമ്പ് തുടങ്ങിയ ഇടങ്ങളിലാണ് ചൊവ്വാഴ്ച വ്യാപക നാശനഷ്ടമുണ്ടായത്.
നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ 29ാം മൈലിന് സമീപമുണ്ടായ വിള്ളൽ
ചുരം റോഡിൽ വ്യാപക വിള്ളൽ; ഗതാഗതം നിരോധിച്ചു
കേളകം: കനത്ത മഴയിൽ അന്തർ സംസ്ഥാന പാതയായ നെടുംപൊയിൽ-മാനന്തവാടി ചുരം റോഡിൽ വ്യാപകമായി വിള്ളൽ. 29ാം വളവിന് സമീപമാണ് റോഡ് നെടുകെയും കുറുകെയും പിളർന്നത്. നാലാം വളവിന് സമീപത്തെ ശക്തമായ വിള്ളലുകൾ വ്യാപിക്കുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മാനന്തവാടിയിലേക്ക് പോകേണ്ട വാഹനങ്ങളും പേരിയ വഴി തിരിച്ചുള്ള വാഹനങ്ങളും കൊട്ടിയൂർ പാൽചുരം റോഡ് വഴി പോകണമെന്ന് അധികൃതർ അറിയിച്ചു.
പാതയുടെ ഇരുഭാഗങ്ങളിലും ഗതാഗത നിരോധന ബോർഡുകൾ സ്ഥാപിച്ചു. നിടുംപൊയിൽ-മാനന്തവാടി ചുരം പാത അടഞ്ഞതോടെ കൊട്ടിയൂർ-വയനാട് ചുരം പാതയിൽ വാഹനത്തിരക്ക് വർധിച്ചു. ഉരുൾപൊട്ടലുണ്ടായ വയനാട് മേപ്പാടിയിലേക്കുള്ള സൈനിക വാഹനങ്ങൾ ഉൾപ്പെടെ കൊട്ടിയൂർ പാതയിലൂടെയാണ് കടന്നുപോയത്.
ശ്രീകണ്ഠപുരം-ഇരിക്കൂർ സംസ്ഥാന പാതയിൽ കോട്ടൂർ തുമ്പേനിയിൽ വെള്ളം കയറി ഗതാഗതം മുടങ്ങിയപ്പോൾ
കോളയാട് നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ
പേരാവൂർ: കോളയാട് പഞ്ചായത്തിന്റെ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ. നടപ്പാലം തകർന്നു. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു. എടയാർ ക്ഷേത്രപരിസരം വെള്ളത്തിലായി.
കണ്ണവം വനമേഖലയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിനെ തുടർന്ന് പുഴകൾ കരകവിഞ്ഞൊഴുകിയത് ജനവാസകേന്ദ്രത്തിലൂടെ. നിരവധി വീടുകൾ വെള്ളത്തിലായി. പെരുവ-ചങ്ങല ഗേറ്റ് പ്രദേശം വെള്ളത്തിലായി. വാഹന ഗതാഗതം തടസ്സപ്പെട്ടു. കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ വാർഡിലുൾപ്പെട്ട കൊളപ്പ, തെറ്റുമ്മൽ, ചെമ്പുക്കാവ്, പാലയത്തുവയൽ ഉൾപ്പെടെയുള്ള നഗറുകളിൽ തുടർച്ചയായ മഴകാരണം കനത്ത നാശനഷ്ടങ്ങൾ ഉണ്ടായി.
ശ്രീകണ്ഠപുരം മാർക്കറ്റിൽ വെള്ളം കയറിയപ്പോൾ
നിരവധി പാലങ്ങൾ ഒലിച്ചുപോയി. നിരവധി വീടുകൾ തകർന്നു. ദുരിതബാധിതരെ മാറ്റിപ്പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
പഴശ്ശി ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നേക്കും
റിസർവോയറിൽ ഉൾക്കൊള്ളാൻ കഴിയുന്നതിൽ കൂടുതൽ വെള്ളം ഒഴുകിയെത്താൻ സാധ്യതയുള്ളതിനാൽ പഴശ്ശി ഡാം ബാരേജിന്റെ മുഴുവൻ ഷട്ടറുകളും തുറന്ന് ജലം ഒഴുക്കിവിടേണ്ട സാഹചര്യമുണ്ടെന്ന് പഴശ്ശി ഇറിഗേഷൻ എക്സി. എൻജിനീയർ അറിയിച്ചു. ഇതിന്റെ ഫലമായി ബാരേജിന്റെ ഡൗൺ സ്ട്രീമിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം മേഖലയിൽ പുഴകൾ കരകവിഞ്ഞ് റോഡുകളിലും വയലുകളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയതോടെ ആശങ്കയിലാണ് ജനം. ശ്രീകണ്ഠപുരം, കോട്ടൂർ, തുമ്പേനി, പൊടിക്കളം, മടമ്പം, ചെങ്ങളായി, പരിപ്പായി എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം നിലവിൽ വെള്ളത്തിനടിയിലായി. പൊടിക്കളത്ത് വയലും നിരവധി കെട്ടിടങ്ങളും വെള്ളത്തിനടിയിലായി.
അലക്യം പാലത്തിനു സമീപം റോഡിൽ വെള്ളം കയറിയ നിലയിൽ
ശ്രീകണ്ഠപുരം-ഇരിട്ടി സംസ്ഥാന പാതയിൽ കോട്ടൂർ തുമ്പേനിയിലും ഇരിക്കൂർ പെടയങ്ങോടും ഗതാഗതം മുടങ്ങി. തുമ്പേനിയിൽ എസ്.ഇ.എസ് കോളജ്-കണിയാർവയൽ റോഡ് വഴി വാഹനങ്ങൾ തിരിച്ചുവിട്ടു. ഇരിക്കൂറിൽനിന്ന് കല്യാട്-പടിയൂർ വഴിയാണ് ഇരിട്ടിയിലേക്ക് വാഹനങ്ങൾ തിരിച്ചുവിട്ടത്.
ഇരിക്കൂർ മാർക്കറ്റ്, ഡയനാമോസ് ഗ്രൗണ്ട് ഉൾപ്പെടെ വെള്ളത്തിനടിയിലായി. ചെങ്ങളായി കൊവ്വപ്പുറം, മുങ്ങം, തേർലായി ഭാഗങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വണ്ണായിക്കടവ് കണ്ടകശ്ശേരി എന്നിവിടങ്ങളിലെ പാലങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.
മെരുവമ്പായി ടൗണിൽ വെള്ളം കയറിയപ്പോൾ അഗ്നിരക്ഷാസേനയും നാട്ടുകാരും റെസ്ക്യൂ ബോട്ടുമായി ഇറങ്ങിയപ്പോൾ
നിരവധി കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ചെങ്ങളായി, മുങ്ങം, കൊയ്യം, ശ്രീകണ്ഠപുരം, പൊടിക്കളം, മലപ്പട്ടം മേഖലകളിലെ വയലുകളെല്ലാം പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വെള്ളം കയറിയ നിലയിലാണ്. വൈകീട്ടോടെ, നഗരത്തിലെ പ്രളയഭീതി നിലനിൽക്കുന്ന വ്യാപാരികളും കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്തുടങ്ങിയിട്ടുണ്ട്.
ഇരിട്ടി മേഖലയിൽ 50 വീടുകൾ വെള്ളത്തിൽ
ഇരിട്ടി: തോരാമഴ മലയോര മേഖലയിൽ തീരാദുരിതവും ഭീതിയും വിതക്കുന്നു. ഉരുൾപൊട്ടലിന് സമാനമായി പുഴകളും തോടുകളും കരകവിഞ്ഞൊഴുകിയതോടെ മേഖലയിൽ 50ഓളം വീടുകൾ വെള്ളത്തിലായി.
മണ്ണിടിഞ്ഞ് രണ്ട് വീടുകൾ ഭാഗികമായി തകർന്നു. സംസ്ഥാന ഹൈവേ ഉൾപ്പെടെ ഗ്രാമീണ റോഡുകൾ പലതും വെള്ളത്തിൽ മുങ്ങി. മണ്ണിടിച്ചിൽ മാടത്തിൽ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിക്കു പിറകിൽ വൻ അപകട ഭീഷണിയായി. 25 കല്ലറകൾ മണ്ണിനടിയിലായി.
ഇരിട്ടി നഗരസഭയിലെ വെളിയമ്പ്ര, പെരിയത്തിൽ, ഉളിയിൽ പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് 30 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തില്ലങ്കേരി തെക്കംപൊലിലും 12ഓളം വീടുകളിൽ വെള്ളം കയറി. തോട് കരകവിഞ്ഞ് ഉളിയിൽ ഗവ. യു.പി സ്കൂളിന്റെ ക്ലാസ്മുറികളിലടക്കം വെള്ളം കയറി.
പള്ളിപ്രം എൽ.പി സ്കൂളിന് സമീപത്ത് കനത്ത മഴയിൽ തകർന്ന ഉത്തക്കണ്ടിയിൽ പാർഥൻ, ഗോപി സഹോദരന്മാരുടെ വീട്
ശക്തമായ ജാഗ്രത തുടരണം -കലക്ടർ
കണ്ണൂർ: മഴ തുടരുന്നതിനാൽ ജില്ലയിൽ ശക്തമായ ജാഗ്രത വേണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകണമെന്നും ജില്ല കലക്ടർ അരുൺ കെ. വിജയൻ. ഓൺലൈനായി ചേർന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
മുന്നൊരുക്കവുമായി ആരോഗ്യ വകുപ്പ്
കണ്ണൂർ: ജില്ലയില്‍ മഴക്കാല കെടുതികളുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനും നിലവിലെ സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനും ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. ജില്ല മെഡിക്കല്‍ ഓഫിസിലെ ഡെപ്യൂട്ടി ഡി.എം.ഒമാർ, വിവിധ പ്രോഗ്രാം ഓഫിസര്‍മാര്‍, മേജര്‍ ആശുപത്രികളിലെ സൂപ്രണ്ടുമാര്‍, ബ്ലോക്ക്തല മെഡിക്കല്‍ ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു.
മാടത്തിൽ സെന്റ് സെബാസ്റ്റ്യൻ പള്ളിക്ക് പിറകിലെ സെമിത്തേരിക്ക് സമീപമുണ്ടായ മണ്ണിടിച്ചിൽ
നിലവില്‍ ജില്ലയില്‍ പ്രതിരോധ മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, ബ്ലീച്ചിങ് പൗഡര്‍, ഗ്ലൗസ് തുടങ്ങിയ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ആവശ്യത്തിന് സ്റ്റോക്ക് ചെയ്തുവെച്ചിട്ടുണ്ട്. ക്ഷാമം നേരിടുകയാണെങ്കില്‍ അടിയന്തര ഘട്ടങ്ങളില്‍ ഇത് വാങ്ങുന്നതിനുള്ള നിർദേശം സ്ഥാപനമേധാവികള്‍ക്ക് നല്കി. ജില്ലയിലെ ആംബുലന്‍സുകള്‍, ആരോഗ്യ വകുപ്പിന്റെ മറ്റു വാഹനങ്ങള്‍ എല്ലാംതന്നെ കേടുപാടുകള്‍ മാറ്റി സജ്ജമാക്കേണ്ടതാണെന്ന് യോഗം നിര്‍ദേശിച്ചു.
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വളന്റിയര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് രോഗപ്രതിരോധത്തിന്റെ ഭാഗമായുള്ള ഗുളികകള്‍ നല്‍കാനും നിർദേശിച്ചു.
ടൂറിസം കേന്ദ്രങ്ങൾ അടച്ചു
കണ്ണൂർ: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ഡി.ടി.പി.സിക്ക് കീഴിലെ ടൂറിസം കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു. ജില്ലയിലെ ബീച്ചുകളിലേക്കുള്ള പ്രവേശനവും താൽക്കാലികമായി നിരോധിച്ചു. വിവിധ സ്ഥലങ്ങളിൽ/പുഴകളിൽ സർവിസ് നടത്തുന്ന സ്വകാര്യ ഉല്ലാസ ബോട്ടുകൾ, ഹൗസ്ബോട്ടുകൾ ഉൾപ്പെടെയുള്ളവ കാലാവസ്ഥ വകുപ്പ്, ജില്ല ദുരന്ത നിവാരണ അതോറിറ്റി എന്നിവിടങ്ങളിൽനിന്നുള്ള നിർദേശം അനുസരിച്ച് മാത്രമേ സർവിസ് നടത്താൻ പാടുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.