കനത്ത മഴ; കണ്ണൂർ വെള്ളക്കെട്ടിൽ
text_fieldsകണ്ണൂർ: മൂന്നു മണിക്കൂറോളം പെയ്ത കനത്ത മഴയിൽ നഗരത്തിലെ റോഡുകൾ തോടുകളയായി. പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ റെയിൽവേ അടിപ്പാതയിലടക്കം വെള്ളം കയറി. ചിലയിടത്ത് ഗതാഗതം തടസ്സപ്പെടുകയും ചിലയിടത്ത് മന്ദഗതിയിലാവുകയും ചെയ്തു. വെള്ളക്കെട്ടിൽ കുടുങ്ങിയ ഇരുചക്ര വാഹനങ്ങൾ തള്ളിക്കൊണ്ടുപോവുകയായിരുന്നു.
കനത്ത ഇടിമിന്നലുമുണ്ടായി. പുലർച്ച മുതൽ തന്നെ ആകാശം മേഘാവൃതമായിരുന്നു. ഇടിയും മഴയും വെള്ളക്കെട്ടും കാരണം രാവിലെ സ്കൂളുകളിലും ഓഫിസുകളിലും ജോലി സ്ഥലങ്ങളിലും പോകാനിറങ്ങിയവർ ദുരിതത്തിലായി. വെള്ളക്കെട്ട് കാരണം ഗതാഗതം മന്ദഗതിയിലായത് പലരെയും ബുദ്ധിമുട്ടിലാക്കി. എന്നാൽ, അധികം വൈകാതെ മഴ നിൽക്കുകയും ഉച്ചയോടെ വെള്ളമിറങ്ങുകയും ചെയ്തു.
മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ബോട്ട്, വള്ളം തുടങ്ങിയവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം.
മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പാറ വീണ് വീട് തകർന്നു; വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
കണ്ണൂർ: കക്കാട് കുഞ്ഞിപ്പള്ളി ടി.സി മുക്കിന് സമീപം കൂറ്റൻ പാറക്കല്ല് വീണ് വീട് തകർന്നു. കൈലാസത്തിൽ റീത്ത സുനിലിന്റെ വീടാണ് തകർന്നത്.
കൂറ്റൻ പാറക്കല്ല് വീണ് റീത്ത സുനിലിന്റെ വീട് തകർന്ന നിലയിൽബുധനാഴ്ച രാവിലെ പെയ്ത ശക്തമായ മഴയിൽ വീടിന്റെ പിൻവശത്തെ കൂറ്റൻ പാറക്കല്ലുകൾ അടർന്ന് വീടിനു മുകളിൽ പതിക്കുകയായിരുന്നു. രാവിലെ ഒമ്പതോടെയാണ് സംഭവം. റീത്തയും ഭർത്താവും രണ്ടു മക്കളും വീട്ടിലുണ്ടായിരുന്നെങ്കിലും രക്ഷപ്പെട്ടു. വീടിന്റെ നടുമുറി തകർത്താണ് കൂറ്റൻ കല്ലുകൾ പതിച്ചത്.
ജനലും ചുവരുമെല്ലാം തകർന്നിട്ടുണ്ട്. രണ്ടു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. കോർപറേഷൻ കൗൺസിലർ ടി. രവീന്ദ്രനും വില്ലേജ് ഓഫിസറും സ്ഥലം സന്ദർശിച്ചു. മൂന്നു നില വീടിന്റെ ബാക്കിഭാഗങ്ങളും അപകടഭീഷണിയിലാണെന്ന് വീട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.