മഴ...കാറ്റ്...കടലേറ്റം....സർവനാശം
text_fieldsകണ്ണൂർ: രണ്ട് ദിവസമായി തുടരുന്ന മഴക്കെടുതിയിൽ ജില്ലയിൽ വ്യാപക നാശം. കടൽക്ഷോഭത്തിലും കാറ്റിലുമടക്കം വ്യാപക നാശമാണ് വിവിധയിടങ്ങളിൽ സംഭവിച്ചത്. തീരദേശത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾക്കും വാഹനങ്ങൾക്കും കേടുപാട് പറ്റി. ശക്തമായ മഴയിൽ നിയന്ത്രണം വിട്ട നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു.
21 വീടുകൾ ഭാഗികമായും ഒരു കിണർ പൂർണമായും തകർന്നു. വിവിധ ഭാഗങ്ങളിലായി 65 ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. തലശ്ശേരി താലൂക്കിൽ 11 വീടുകളും തളിപ്പറമ്പ് താലൂക്കിൽ ഒമ്പത് വീടുകളും ഇരിട്ടി താലൂക്കിൽ ഒരുവീടുമാണ് ഭാഗികമായി തകർന്നത്. തലശ്ശേരി താലൂക്കിലെ കോടിയേരി മുബാറക് ഹയർ സെക്കൻഡറി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. മഴ ശക്തമായതിനെ തുടർന്ന് ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലും കൺട്രോൾ റൂമുകൾ ആരംഭിച്ചു.ഇരിട്ടി -04902494910, തളിപ്പറമ്പ് -04602202569 എന്നിവയാണ് കൺട്രോൾ റൂം നമ്പറുകൾ. ജില്ലയിൽ 53.2 ഹെക്ടർ കൃഷിനാശമുണ്ടായി. പലയിടങ്ങളിലും കടൽ കയറി. നിരവധി പേരെ ബന്ധുവീടുകളിലേക്ക് മാറ്റി. പയ്യാമ്പലം, മുഴപ്പിലങ്ങാട്, തയ്യിൽ, മൈതാനപ്പള്ളി, മാട്ടൂൽ കടപ്പുറങ്ങളിലും തലശ്ശേരി പെട്ടിപ്പാലം കോളനിയിലും രണ്ടാം ദിവസവും ശക്തമായ കടൽക്ഷോഭമാണ് അനുഭവപ്പെട്ടത്. മലയോര മേഖലകളിൽ കാറ്റിലും മഴയിലും വ്യാപക കൃഷിനാശമുണ്ടായി.
രാമന്തളി പാലക്കോട് വലിയ കടപ്പുറത്ത് 80 മീറ്ററിലധികം കരയിലേക്ക് കടൽ കയറി. പയ്യന്നൂർ നഗരസഭ കാനായി മീൻകുഴി അണക്കെട്ടിെൻറ ഷട്ടർ തുറന്നു. ശക്തമായ മഴയിൽ പുഴയിലെ വെള്ളം കവിഞ്ഞൊഴുകി പ്രദേശങ്ങളിലേക്ക് വെള്ളം കയറുന്നതിനാലാണ് ഷട്ടർ തുറന്നത്.
കനത്ത മഴയിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നതും പതിവാകുകയാണ്. വെള്ളിയാഴ്ച താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപം കനത്ത മഴയിൽ ലോറി ട്രാൻസ്ഫോർമർ ഇടിച്ച് തകർത്തിരുന്നു. ശനിയാഴ്ചയും ഇതേ രീതിയിൽ ഇവിടെ ലോറി ട്രാൻസ്ഫോർമറിലിടിച്ച് അപകടം സംഭവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.