നാല് വിഭാഗമായി തിരിച്ചുള്ള നിയന്ത്രണം കടലാസിൽ; നാടും നഗരവും നിറഞ്ഞ് ജനം
text_fieldsകണ്ണൂർ: കോവിഡ് രണ്ടാം തരംഗം കുറഞ്ഞതിനെ തുടർന്ന് സമ്പൂർണ അടച്ചിടൽ പിൻവലിച്ച വ്യാഴാഴ്ച നിയന്ത്രണങ്ങൾ കാറ്റിൽപറത്തി ജനം നിരത്തിലിറങ്ങി. രോഗ സ്ഥിരീകരണ നിരക്കനുസരിച്ച് തദ്ദേശസ്ഥാപനങ്ങളെ നാല് വിഭാഗമായി തരംതിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും തിരക്ക് കുറക്കാനായില്ല.
രാവിലെതന്നെ നിരവധി സ്വകാര്യ വാഹനങ്ങളാൽ നിരത്തുകൾ സജീവമായിരുന്നു. കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. ചുരുക്കം സ്വകാര്യ ബസുകൾ മാത്രമാണ് സർവിസ് നടത്തിയത്. ഈ ബസുകളിലും കാര്യമായ യാത്രക്കാരുണ്ടായില്ല. കോവിഡ് ഭീതിയെ തുടർന്ന് പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാതെ സ്വകാര്യ വാഹനങ്ങളിലാണ് ജനം കൂട്ടമായി പുറത്തിറങ്ങിയത്. രോഗ സ്ഥിരീകരണ നിരക്കിെൻറ അടിസ്ഥാനത്തിൽ വിവിധ പ്രദേശങ്ങളിൽ കടകൾ തുറക്കുന്നതടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, നിയന്ത്രണം കുറഞ്ഞ പ്രദേശങ്ങളിലേക്ക് ആളുകൾ തമ്പടിക്കുന്ന കാഴ്ചയായിരുന്നു. എട്ട് ശതമാനത്തിൽ കുറവ് നിരക്കുണ്ടായിരുന്ന 13 തദ്ദേശ സ്ഥാപനങ്ങളിൽ എല്ലാ കടകളും രാവിലെ ഏഴു മുതല്‍ വൈകീട്ട് ഏഴുവരെ പ്രവര്‍ത്തനം അനുവദിച്ചിരുന്നു. എട്ട് മുതൽ 20 വരെ നിരക്കുള്ള 67 തദ്ദേശ സ്ഥാപനങ്ങളിൽ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രമാണ് തുറന്നത്.
ഈ മേഖലകളിൽ കാര്യമായ പൊലീസ് പരിശോധനയും ഉണ്ടായില്ല. സർക്കാർ സ്ഥാപനങ്ങളിലടക്കം പകുതി ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തനം തുടങ്ങിയതോടെ നഗരങ്ങളിലും തിരക്കു വർധിച്ചു. ജില്ലയിലെ പ്രധാന നഗരങ്ങളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ഒരുമാസത്തിലേറെയായി പുറത്തിറങ്ങാതെ കഴിഞ്ഞവർ കൂട്ടത്തോടെ നിരത്തിലിറങ്ങിയതിന് സമാനമായ സാഹചര്യമായിരുന്നു. കടകളിലും തിരക്കേറി. മാർക്കറ്റുകളിലും കൂട്ടമായി ആളുകളെത്തി.
കൂടുതൽ ഇളവുകൾ അനുവദിച്ച വെള്ളിയാഴ്ച ജില്ലയിൽ തിരക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. 20 ശതമാനത്തിന് മുകളിൽ രോഗ സ്ഥിരീകരണ നിരക്ക് റിപ്പോർട്ട് ചെയ്തതിനാൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കുന്നോത്തുപറമ്പ് പഞ്ചായത്തിലടക്കം വൻ തിരക്കാണ് വ്യാഴാഴ്ച അനുഭവപ്പെട്ടത്. ജില്ലയിൽ നൂറോളം സ്വകാര്യ ബസുകളാണ് വ്യാഴാഴ്ച നിരത്തിലിറങ്ങിയത്. അതേസമയം, ഒറ്റ- ഇരട്ട അക്ക നമ്പര്‍ അനുസരിച്ച് ബസുകള്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ സര്‍വിസ് നടത്താമെന്ന സർക്കാർ നിർദേശത്തിനെതിരെ ബസ് ഉടമകളും തൊഴിലാളികളും രംഗത്തെത്തിയിട്ടുണ്ട്.
ഈ നിയന്ത്രണം പ്രായോഗികമല്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. എല്ലാ ദിവസവും സർവിസ് നടത്തിയിട്ടുപോലും ബസ് വ്യവസായം നഷ്ടമാണെന്നാണ് ഇവർ പറയുന്നത്.
പൊലീസ് പരിേശാധന പേരിനുമാത്രം
ലോക്ഡൗൺ പിൻവലിച്ചതോടെ പൊലീസ് പരിശോധന പേരിന് മാത്രമായി. വാഹനങ്ങളിൽ അനുവദിച്ചതിലധികം ആളുകൾ യാത്രചെയ്യുന്ന സാഹചര്യവുമുണ്ടായി. റോഡിൽ തിരക്ക് വർധിച്ചതോടെ വാഹനങ്ങൾ തടഞ്ഞുള്ള പരിശോധന പ്രാവർത്തികമാക്കാനാവാത്ത അവസ്ഥയാണ്. പ്രധാന നഗരങ്ങളിലെല്ലാം പൊലീസ് പിക്കറ്റ് ഉണ്ടെങ്കിലും കാര്യമായ പരിശോധന ഉണ്ടായില്ല.
കുന്നോത്തുപറമ്പിൽ നിയന്ത്രണങ്ങൾ കടുക്കും
20 ശതമാനത്തിന് മുകളിൽ രോഗ സ്ഥിരീകരണ നിരക്ക് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കുന്നോത്തുപറമ്പ് പഞ്ചായത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ആർ.ആർ.ടി യോഗത്തിൽ തീരുമാനം.
കോവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങളിലെ ജീവനക്കാർ, ഹോം ഡെലിവറി ജീവനക്കാർ, ടാക്സി വാഹന തൊഴിലാളികൾ, പത്രം -പാൽ -മത്സ്യ വിതരണക്കാർ തുടങ്ങിയവർക്കടക്കം വെള്ളിയാഴ്ച പരിശോധന നടത്തും. അവശ്യസാധനങ്ങളുടെ കടകൾ വെള്ളിയാഴ്ച മുതൽ വൈകീട്ട് അഞ്ചുവരെ മാത്രമേ പ്രവർത്തിക്കൂ. ഹോട്ടലുകളിൽ രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ ഹോംഡെലിവറി മാത്രം.
ജ്വല്ലറി, തുണി, പാദരക്ഷ, ബുക്സ് കടകൾ, റിപ്പയർ സേവനങ്ങൾ എന്നിവ വെള്ളിയാഴ്ച രാവിലെ ഏഴു മുതൽ അഞ്ചുവരെ. ഞായറാഴ്ചകളിൽ മെഡിക്കൽ ഷോപ്പുകൾ മാത്രമേ പ്രവർത്തിക്കൂ. കടകളിൽ ക്ലീനിങ് ജോലികൾ അനുവദിക്കും. കോവിഡ് വ്യാപന സാഹചര്യത്തിൽ പഞ്ചായത്തിൽ പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.