ആ ഹെൽമറ്റ് പക്ഷികൾക്ക്; പുതിയത് വാങ്ങി ഇർഷാദ് !
text_fieldsതൃക്കരിപ്പൂർ: ബുൾബുൾ കുഞ്ഞുങ്ങൾക്ക് ഈറ്റില്ലമായ സൈക്കിൾ ഹെൽമറ്റിൽ വീണ്ടും പക്ഷിക്കുഞ്ഞുങ്ങൾ ! വീട്ടിലെ പോർച്ചിൽ സൂക്ഷിച്ച ഹെൽമറ്റിൽ പക്ഷി കൂടുവെച്ചതിനെ തുടർന്ന് കുഞ്ഞുങ്ങൾ പറക്കമുറ്റുന്നതുവരെ കാത്തിരുന്ന എടച്ചാക്കൈയിലെ ഇർഷാദ് ഇസ്മായിലിന്റെ സ്നേഹവായ്പിനെ പറ്റി നേരത്തേ ‘മാധ്യമം’ വാർത്ത കൊടുത്തിരുന്നു. കൂടുവെച്ച പക്ഷിയുടെ പരിരക്ഷക്കായി മരുഭൂമിയിലെ നിർമാണപ്രവർത്തനം നിർത്തിവെച്ച ദുബൈ ഭരണാധികാരിയുടെ കാരുണ്യ പ്രവൃത്തിയിൽനിന്ന് പാഠമുൾക്കൊണ്ടാണ് ഇർഷാദ് പക്ഷികൾക്കായി ഹെൽമറ്റ് വിട്ടുനൽകിയത്. പക്ഷികൾ പറന്നകന്നെങ്കിലും തൂക്കിയിട്ട ഹെൽമറ്റിൽനിന്ന് കൂട് നീക്കംചെയ്തിരുന്നില്ല. ഏതാനും ദിവസം ഇക്കാര്യം ശ്രദ്ധിച്ചതേയില്ല. അതിനിടയിലാണ് വീണ്ടും കൂട് മിനുക്കി ബുൾബുൾ കുടുംബം മുട്ടയിട്ടത്.
വീടിന്റെ സുരക്ഷയിൽ മൂന്നു മുട്ടകളും വിരിഞ്ഞു. തള്ളക്കിളികൾ കൃത്യമായ ഇടവേളകളിൽ കുഞ്ഞുങ്ങൾക്ക് തീറ്റയെത്തിക്കുന്നു. പക്ഷികൾ പറന്നുപോയശേഷം സൈക്കിൾ യാത്രകൾക്ക് ഹെൽമറ്റ് എടുക്കാൻ കാത്തിരുന്ന ഇർഷാദിന് പക്ഷേ, ഇക്കുറിയും ഹെൽമറ്റ് ഉപയോഗിക്കാൻ സാധിച്ചില്ല.
ഹെൽമറ്റ് പൂർണമായും പക്ഷികൾക്ക് വിട്ടുകൊടുത്ത ഇർഷാദ് പുതിയൊരു ഹെൽമറ്റുതന്നെ വാങ്ങി സൈക്കിൾ സവാരി പുനരാരംഭിച്ചിരിക്കുകയാണ്. ചെറുവത്തൂർ ടൗണിൽ ‘കിക്കർ ഫോർ മെൻ’ എന്ന വസ്ത്രവ്യാപാരസ്ഥാപനം നടത്തുന്ന ഇർഷാദ് തൃക്കരിപ്പൂർ സൈക്ലിങ് ക്ലബ് വൈസ് പ്രസിഡന്റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.