നീതിയുടെ അടഞ്ഞ അധ്യായമായി അധ്യാപകദിനത്തിലെ ആ അറുകൊല
text_fieldsകണ്ണൂർ: പന്ത്രണ്ട് വർഷം മുമ്പുള്ള അധ്യാപകദിനത്തിലായിരുന്നു കണ്ണൂരിനെ നടുക്കിയ ഒരു അധ്യാപികയുടെ അറുകൊല. സ്വന്തം ഭർത്താവിെൻറ കൊലക്കത്തിയാണ് ശിഷ്യർക്ക് പ്രിയങ്കരിയായ ഹേമജ ടീച്ചറുടെ ജീവനെടുത്തത്. ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും സംഭവത്തിലെ കൊലയാളി ഇപ്പോഴും കാണാമറയത്തുതന്നെ. 2009 സെപ്റ്റംബർ അഞ്ചിന് അർധരാത്രിയിലാണ് കണ്ണൂർസിറ്റി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയായ ഉരുവച്ചാൽ ചന്ദ്രപുരത്തിൽ എ.വി. ഹേമജ(45)യെ ഭർത്താവായ ഡിങ്കൻ ശശിയെന്ന ശശീന്ദ്രൻ കഴുത്തറുത്ത് കൊല്ലുന്നത്. സംഭവം കഴിഞ്ഞ് ഒരുപതിറ്റാണ്ട് പിന്നിട്ടിട്ടും കേസിലെ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. വിദേശത്ത് കടന്നെന്നും നാട്ടിൽ ഒളിവിൽ കഴിയുകയാണെന്നുമുള്ള പല അഭ്യൂഹങ്ങൾ പൊലീസിനെയും പലതവണ കുഴപ്പിച്ചിരുന്നു. ലോക്കറിൽ വെക്കാൻ ഏൽപിച്ച സഹോദരിയുടെ സ്വർണാഭരണങ്ങൾ ഹേമജ തിരിച്ച് ചോദിച്ചതും തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കങ്ങളുമാണ് കൊലയിലേക്ക് നയിച്ചത്.
രാത്രിയിൽ സുഖമില്ലെന്ന് നടിച്ച് ആശുപത്രിയിലേക്കെന്ന വ്യാജേന ഹേമജയെയും കൂട്ടി ഭർത്താവ് വീട്ടിൽനിന്ന് പുറപ്പെട്ടു. തുടർന്ന് ശശീന്ദ്രൻ വഴിയിൽ െവച്ച് സുഹൃത്തായ ടി.എൻ. ശശിയുടെ സഹായത്തോടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം മൃതദേഹം ആരും കാണാതെ കുഴിച്ചുമൂടാനായിരുന്നു പദ്ധതി. എന്നാൽ, കൊലപാതകത്തിന് കൂട്ടുനിന്ന സുഹൃത്ത് ശശി സംഭവത്തിനിടയിൽ ഭയന്ന് ഓടിയതാണ് ശശീന്ദ്രെൻറ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചത്. ഇതോടെ ശശീന്ദ്രൻ വാനും മൃതദേഹവും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. താഴെ ചൊവ്വക്ക് സമീപം ഉരുവച്ചാലിൽ ഒമ്നി വാനിെൻറ മുൻസീറ്റിൽ കഴുത്തറുത്ത നിലയിലാണ് ഹേമജയുടെ മൃതദേഹം പിറ്റേന്ന് പുലർച്ചെ നാട്ടുകാർ കണ്ടത്. കൂട്ടുപത്രി ആലക്കോട് വെള്ളാട് സ്വദേശി ടി.എൻ. ശശിയെ ദിവസങ്ങൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു.
കൈയിലുണ്ടായിരുന്ന വാക്കത്തി ഉപയോഗിച്ചാണ് ഹേമജയെ ഭർത്താവ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിന് മൊഴിനൽകിയിരുന്നു. കൊലപാതകത്തെ തുടർന്ന് പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ തുടർന്ന് ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. മകളുടെ ഘാതകരെ പിടികൂടണമെന്നും നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹേമജയുടെ അച്ഛൻ അമ്പാടി ചന്ദ്രശേഖരൻ കേസിൽ സി.ബി.ഐ അന്വേഷണത്തിനായി ഹൈകോടതിയെയും സമീപിച്ചിരുന്നു. കേസന്വേഷണം സി.ബി.ഐക്കോ ക്രൈംബ്രാഞ്ചിനെയോ എൽപിക്കണമെന്ന് ആവശ്യപ്പെട്ട് കർമസമിതിയും കോടതിയെ സമീപിച്ചു. എന്നാൽ, ജില്ല പൊലീസ് മേധാവിയുടെ മേൽേനാട്ടത്തിൽ അന്വേഷണം കാര്യക്ഷമമാക്കാൻ നിർദേശിച്ച് കോടതി കർമസമിതിയുടെ ഹരജി തള്ളുകയായിരുന്നു. പിന്നീട് മുബൈ, ബംഗാൾ, ഗോവ തുടങ്ങിയ ഇതരസംസ്ഥാനങ്ങളിൽ അന്വേഷണസംഘം ശശീന്ദ്രനെ തേടിയിരുന്നെങ്കിലും ഫലമുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.