ഹൈടെക് കണ്ണൂർ
text_fieldsകണ്ണൂർ: വിളിച്ചാൽ വിളിപ്പുറത്ത് ഓട്ടോറിക്ഷകൾ എത്താനുള്ള ആപ് മുതൽ ഐ.ടി മേഖലയില്‍ വീട്ടിൽനിന്ന് ജോലിചെയ്യുന്ന കണ്ണൂരുകാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ജോലി ചെയ്യുന്നതിന് സൈബര്‍ വര്‍ക്ക് സ്പേസ് വരെ ഒരുക്കാൻ ഹൈടെക് വികസന പദ്ധതികളുമായി കോർപറേഷൻ ബജറ്റ്. റോഡ് അപകടങ്ങളും പ്രകൃതി ദുരന്തങ്ങളും നേരിടാൻ കോർപറേഷന് റെസ്ക്യൂ ഡാറ്റാബാങ്ക്, ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത കോര്‍പ്പറേഷനാകാൻ ഡിജിറ്റല്‍ സിറ്റി പദ്ധതി, വിനോദ സഞ്ചാരികൾക്ക് നാടുകാണാൻ ഇലക്ട്രിക്ക് ബസ് സർവിസ്, വിമാനത്താവളം റോഡിൽ ചേലോറയില്‍ ഫുഡ്കോര്‍ട്ടും പെട്രോള്‍പമ്പും ഉള്‍പ്പെടെയുള്ള ആധുനിക ഹാല്ട്ടിങ് പോയിന്റ് തുടങ്ങിയ പുത്തൻ പദ്ധതികൾ ശ്രദ്ധേയം. 400 കോടി വരവും 331 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് കൗൺസിൽ യോഗത്തിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര അവതരിപ്പിച്ചു.
ദാരിദ്ര്യമകറ്റാൻ 1.18 കോടി
അതിദരിദ്രര്‍ക്ക് ഭക്ഷ്യക്കിറ്റ് വിതരണം, മരുന്ന് വിതരണം, സുസ്ഥിര വരുമാനം ലക്ഷ്യമിട്ട് തൊഴില്‍ സംരംഭം തുടങ്ങാൻ ധനസഹായം ഉള്‍പ്പെടെ നല്‍കുന്നതിന് 1.18 കോടി രൂപ.
ഭിന്നശേഷി കുട്ടികൾക്ക് വിനോദയാത്ര
അംഗപരിമിതിയുള്ള കുട്ടികളുമായി വിനോദയാത്ര നടത്തുന്നതിനും ശ്രീനാരായണ പാര്‍ക്കില്‍ ഏകദിന ക്യാമ്പ് സംഘടിപ്പിക്കാനും പദ്ധതി. വിദ്യാർഥികളായ അംഗപരിമിതര്‍ക്ക് സ്കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികൾക്ക് 1.75 കോടി.
വയോജനങ്ങള്‍ പുഞ്ചിരിക്കട്ടെ
പകല്‍ സമയങ്ങളില്‍ വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന വയോജനങ്ങള്‍ക്ക് വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കും. വയോജനങ്ങള്‍ക്ക് കൂട്ടായ്മ വഴി മാനസിക ഉല്ലാസവും ആരോഗ്യവും ഉറപ്പ് വരുത്തുക ലക്ഷ്യം. നീര്ച്ചാല്, ഉദയംകുന്ന് എന്നിവിടങ്ങളില്‍ വയോജന വിശ്രമകേന്ദ്രങ്ങള്‍ ആരംഭിക്കും. വകയിരുത്തിയത് 1.4 കോടി രൂപ.
വയോജനങ്ങളുടെ മാനസികാരോഗ്യത്തെ ലക്ഷ്യമിട്ട് ഹാപ്പിനെസ് ലാബ് പദ്ധതി. ഹാപ്പിനെസ് കൗണ്‍സലിങ് സെന്ററുകള്‍, ഹാപ്പി എല്‍ഡേഴ്സ് പാര്‍ക്കുകള്‍, വയോജനങ്ങളെ ഒരുമിച്ച് ചേര്‍ത്ത് ഹാപ്പി എല്‍ഡേഴ്സ് ടൂറുകള്‍, പ്രഫഷണല്‍ ജോലികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് സാമൂഹിക വികസന പ്രക്രിയയില്‍ സന്നദ്ധ സേവനം നടത്തുന്നതിനായി ഹാപ്പി എല്‍ഡേഴ്സ് റിസോഴ്സ് പൂളുകള്‍. ആദ്യഘട്ടത്തിനായി 25 ലക്ഷം.
കിടപ്പിലായവർക്ക് സാന്ത്വനം
പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്കും കിടപ്പ് രോഗികളുടെ പരിചരണത്തിനുമായി 66 ലക്ഷം. ചേലോറ പാര്‍ക്കില്‍ കിടപ്പ് രോഗികളുടെ സംഗമം നടത്തും.
വനിത ടൂറിസ്റ്റ് ടാക്സി
വനിത ഡ്രൈവര്‍മാരെ പരിശീലിപ്പിക്കാൻ പദ്ധതി. വനിതാ ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് ടൂറിസ്റ്റ് ടാക്സി, ഒട്ടോ സർവിസുകൾ തുടങ്ങുന്നതിന് പ്രത്യേക സഹായം നല്‍കും. വനിതകളുടെ സ്വയംതൊഴില്‍ സംരംഭങ്ങള്‍ക്കും ജന്റര്‍ ഡെസ്ക്, സ്ത്രീപദവി പഠനം എന്നിവ ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കുമായി 2.89 കോടി. കുടുംബശ്രീ സംരംഭകര്‍ക്ക് വഴികാട്ടുന്നതിനും ആവശ്യമായ പരിശീലനം നല്‍കുന്നതിനും കോര്‍പറേഷനില്‍ സ്കില്‍ ഡെസ്ക്. മാര്‍ച്ച് എട്ടിന് കോര്‍പറേഷനിലെ വനിതാസംരംഭകരെ സംഘടിപ്പിച്ച് വിപുലമായ വിപണനമേള.
കിഴുന്നപ്പാറയിൽ ആശുപത്രി
എടക്കാട് സോണല്‍ പരിധിയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം ഒരറ്റത്തുള്ള ആറ്റടപ്പയിലാണ്. മുഴുവന്‍ ജനങ്ങള്‍ക്കും എത്തിച്ചേരാന്‍ സാധിക്കാത്തതിനാൽ പുതിയ ആശുപത്രിക്കായി കിഴുന്നപ്പാറയിലുള്ള റവന്യു പുറമ്പോക്ക് സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെയും ഹോമിയോ, ആയുര്‍വേദ ആശുപത്രികളുടെയും ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് കോടിയും ഉപകരണങ്ങളും സാധന സാമഗ്രികളും വാങ്ങുന്നതിന് ഒരു കോടിയും മരുന്ന് വാങ്ങുന്നതിനായി 1.5 കോടി രൂപയും ഉള്‍പ്പെടെ 4.5 കോടി.
റെസ്ക്യൂ ഡാറ്റാബാങ്ക് - 2 ലക്ഷം
റെസ്ക്യൂ ഡാറ്റാബാങ്ക് എന്ന പദ്ധതി ബജറ്റിൽ കോര്പ്പറേഷന് അവതരിപ്പിക്കുന്നുണ്ട്. അത്യാഹിത ഘട്ടത്തിലും ദുരന്തവേളയിലും അടിയന്തര സഹായം ലഭ്യമാക്കാനായി ഡോക്ടര്‍മാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, മുങ്ങല്‍ വിദഗ്ധര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സ്നേക്ക്/ആനിമല്‍ റെസ്ക്യു ഗ്രൂപ്പിലെ അംഗങ്ങള്‍, ബോട്ട് ഉടമകള്‍ എന്നിവരുടെയും അത്യാവശ്യ രക്ഷാ ഉപകരണങ്ങള്‍ ഉള്ളവരുടെയും വിവരങ്ങളടങ്ങിയ ഡാറ്റാബാങ്ക് ഉണ്ടാക്കുകയും അത് പ്രത്യേക ആപ്പ് വഴി കൗണ്‍സിലര്‍മാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രണ്ട് ലക്ഷം രൂപ നീക്കിവെച്ചു.
ഇംഗ്ലീഷ് കീറാമുട്ടിയാവില്ല
ഏഴാം തരത്തില്‍ നിന്നും ഹൈസ്കൂളിലേക്ക് വരുന്ന കുട്ടികള്‍ക്കുപോലും ഇംഗ്ലീഷില്‍ എഴുതാനും വായിക്കാനും സാധിക്കാത്തത് പരിഹരിക്കാൻ പ്രത്യേക പരിശീലനം. 10, 12 പരീക്ഷകളെ അഭിമുഖീകരിക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഊര്‍ജിത പരിശീലനവും ലഘുഭക്ഷണവും. സ്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമടക്കം രണ്ട് കോടി രൂപ.കോര്‍പറേഷനിലെ അംഗൻവാടികളിലെ ശിശു പോഷണ പൂരക പദ്ധതിക്ക് 1.75 കോടി.
പട്ടികജാതി ക്ഷേമത്തിന് 3.7 കോടി
പട്ടികജാതി വിഭാഗത്തില്‍പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി 3.7 കോടി രൂപ നീക്കിവെച്ചു. പട്ടികവര്‍ഗക്ഷേമ പദ്ധതികള്‍ക്ക് 36 ലക്ഷവും അനുവദിച്ചു.
മുറ്റത്തൊരു മീന്തോട്ടം
പാവപ്പെട്ട മത്സ്യതൊഴിലാളികളുടെ ജോലി സാഹചര്യം മെച്ചപ്പെടുത്തുന്നതിന് സ്കൂട്ടര്‍, ഐസ് ബോക്സ് എന്നിവ നല്‍കും. മുറ്റത്തൊരു മീന്തോട്ടം പദ്ധതിയും നടപ്പാക്കും. ഒരു കോടി രൂപ നീക്കി വെച്ചു.
കാര്‍ഷിക മേഖലക്ക് 2.2 കോടി
തെങ്ങ് കൃഷി വികസനം, പൂകൃഷി, പച്ചക്കറി കൃഷി തുടങ്ങിയ കാര്‍ഷിക മേഖലയിലെ പദ്ധതികള്‍ക്കായി 2.2 കോടി.
ശുചിത്വം, മാലിന്യ സംസ്കരണം ഉഷാറാവും
കോര്‍പറേഷനിലെ 55 വാര്‍ഡുകളിലെയും ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായും കേന്ദ്രീകൃത പദ്ധതികള്‍ക്കുമായും 10 കോടി. മുഴുവന്‍ വീടുകളിലും റിങ് കമ്പോസ്റ്റ് അടക്കമുള്ള മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ ഒരുക്കും. മാലിന്യം തള്ളുന്നവരെ കണ്ടുപിടിക്കാൻ കാമറകളുടെ എണ്ണം ഇരട്ടിയാക്കും.
40 മുതല്‍ 44 വരെ ഡിവിഷനുകള്‍ക്കായി മൈതാനപ്പള്ളിയില്‍ അമൃത് 2.0ല്‍ ഉള്‍പ്പെടുത്തി മലിനജന ശുദ്ധീകരണ പ്ലാന്റും നെറ്റ് വര്‍ക്ക് ലൈനുകളും സ്ഥാപിക്കുന്നതിന് 124 കോടി.
ചേലോറയില്‍ ഹാല്ട്ടിങ് പോയന്റ്
വിമാനത്താവളം റോഡിൽ ചേലോറയില്‍ ഫൂഡ്കോര്‍ട്ടും പെട്രോള്‍ പമ്പും ശൗചാലയ കോംപ്ലക്സും ഉള്‍പ്പെടെയുള്ള നവീന രീതിയിലുള്ള ഹാല്ട്ടിങ് പോയിന്റ്. പൊതുമേഖലയിലെ ഓയില്‍ കമ്പനികളുമായി സഹകരിച്ചാവും പെട്രോള്‍പമ്പ് സ്ഥാപിക്കുക. എട്ട് ലക്ഷം വകയിരുത്തി.
kannur
കോര്‍പറേഷന്റെ ആസ്ഥാന മന്ദിരത്തിന്റെ തുടർ പ്രവൃത്തിക്ക് 10 കോടി വകയിരുത്തി. നിലവില്‍ തയ്യിലില്‍ പ്രവര്‍ത്തിക്കുന്ന ഡി ഡിവിഷന് ഹെല്‍ത്ത് ഓഫിസിനായി മരക്കാര്‍കണ്ടിയില്‍ പുതിയ ഓഫിസ് കെട്ടിടം നിർമിക്കും. ഇതിനായി 10 ലക്ഷം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.