ദേശിയപാത നിർമാണം കലുങ്കുകൾ മൂടി; വെളളം കയറുന്നു
text_fieldsതളിപ്പറമ്പ്: ദേശീയപാത വികസനത്തിന്റെ ഭാഗമായി കലുങ്കു നിർമാണം പാതി വഴിയിലായതോടെ ഗ്രാമീണ മേഖലയിൽ വെള്ളക്കെട്ട് ഭീഷണി ഉയരുന്നു.
ദേശീയപാത മുറിച്ച് കടന്ന് ഗ്രാമീണ മേഖലയിൽ നിന്നുള്ള മഴവെള്ളം ഒഴുകിപ്പോകുന്ന പരമ്പരാഗത ഓവുചാലുകൾ പുതിയ ദേശീയപാതയുടെ നിർമാണത്തിന്റെ ഭാഗമായി പല ഭാഗത്തും കലുങ്കുകളാക്കി നവീകരിക്കുന്നുണ്ട്. എന്നാൽ, ഭൂരിഭാഗം കലുങ്കുകളുടെയും നിർമാണം പാതിവഴിയിലാണ്. കാലവർഷമെത്തിയതോടെ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ മണ്ണിടിഞ്ഞ് പല കലുങ്കുകളും പാതി മൂടിയ നിലയിലാണ്. ഇതോടെ പല സ്ഥലത്തും വലിയ തോതിൽ വെള്ളക്കെട്ടുണ്ടാകുമെന്ന സ്ഥിതിയാണ്.
കുറ്റിക്കോലിനും പാപ്പിനിശ്ശേരി തുരുത്തിക്കും ഇടയിൽ 12 കലുങ്കുകളാണ് നിർമാണത്തിലിരിക്കുന്നത്. ഇതിൽ രണ്ടു കലുങ്കുകളുടെ നിർമാണം മാത്രമാണ് ഏകദേശം പൂർത്തിയായത്. മാങ്ങാട്, കെൽട്രോണിന് സമീപം, ബക്കളം എന്നിവിടങ്ങളിലാണ് കലുങ്കുകളിലേക്ക് മണ്ണ് കുത്തിയൊലിച്ച് മൂടിയിരിക്കുന്നത്.
മാങ്ങാട് തെരുവിൽ പണി നടക്കുന്ന കലുങ്കിലേക്ക് മണ്ണിടിഞ്ഞ് പുതുതായി നിർമിച്ച സർവിസ് റോഡ് ഇടിഞ്ഞ് താഴ്ന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തി പ്രാപിക്കുന്നതോടെ കലുങ്കുകൾ പൂർണമായി മൂടി വെള്ളക്കെട്ട് ഉണ്ടാകുകയും വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി നാശനഷ്ടമുണ്ടാകാനുള്ള സാധ്യത ഏറെയാണ്. ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെട്ട് മഴവെളളം സുഗമമായി ഒഴുകിപ്പോകുന്നതിന് സംവിധാനമൊരുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.