വീട്ടിലെത്തി വോട്ടു ചെയ്യിപ്പിക്കൽ: നാളെ തുടങ്ങും
text_fieldsകണ്ണൂർ: ലോക്സഭ മണ്ഡലത്തിൽ ഭിന്നശേഷിക്കാരെയും 85 വയസ്സ് കഴിഞ്ഞ വരെയും വീട്ടിലെത്തി വോട്ട് ചെയ്യിപ്പിക്കുന്ന പ്രവർത്തനം ഏപ്രിൽ 15 ന് ആരംഭിക്കും. ഏപ്രിൽ 20 വരെയാണ് ഈ സൗകര്യം.
കണ്ണൂർ മണ്ഡലത്തിലെ ഏഴു നിയമസഭ മണ്ഡലങ്ങളിലായി 10,960 പേരാണ് 85 കഴിഞ്ഞവർ, ഭിന്നശേഷിക്കാർ എന്ന വിഭാഗങ്ങളിൽ പോസ്റ്റൽ ബാലറ്റിന് അർഹരായിക്കുന്നത്. ഇതിനായി ആകെ 149 ടീമുകളെയാണ് ഏഴു നിയമസഭ മണ്ഡലങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്.
ഒരു ടീമിൽ രണ്ട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ഒരു വിഡിയോഗ്രാഫർ, പൊലീസ്, സൂക്ഷ്മ നിരീക്ഷകൻ എന്നിവരുണ്ടാകും. കൂടാതെ സ്ഥാനാർഥികളുടെ പ്രതിനിധികൾക്കും ഇവർക്കൊപ്പം പോകാം. ഈ 149 ടീമുകൾക്ക് 15ാം തീയതി രാവിലെ അതത് നിയമസഭ മണ്ഡലത്തിലെ വിതരണ കേന്ദ്രത്തിൽനിന്ന് പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യും.
തുടർന്ന് ഈ ടീം അർഹരായവരുടെ വീടുകൾ സന്ദർശിച്ച് വോട്ടുചെയ്യിക്കും. വോട്ടറെ ഫോണിലൂടെയോ ബി.എൽ.ഒ മാർ വഴിയോ സന്ദർശിക്കുന്ന ദിവസവും ഏകദേശ സമയവും അറിയിക്കും.
വോട്ട് ചെയ്യിപ്പിച്ചതിനുശേഷം അന്ന് വൈകീട്ടുതന്നെ പോസ്റ്റൽ ബാലറ്റുകൾ ഉപവരണാധികാരിക്ക് കൈമാറുകയും സ്ട്രോങ് റൂമിലേക്ക് മാറ്റുകയും ചെയ്യും.
ആദ്യ ദിവസം വോട്ടർ വീട്ടിലില്ലെങ്കിൽ രണ്ടാമതും ടീം വേറൊരു ദിവസം ആ വോട്ടറുടെ വീട്ടിൽ വരുകയും വോട്ടു ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്യും.
രണ്ടാമത്തെ സന്ദർശനത്തിന്റെ തീയതി ആദ്യസദർശന വേളയിൽ തന്നെ വോട്ടറുടെ വീട്ടുകാരെ അറിയിച്ചിരിക്കും. രണ്ടാമത്തെ സന്ദർശനവേളയിലും വോട്ടർ വീട്ടിലില്ലെങ്കിൽ പിന്നെ അവസരം നൽകില്ല.
അന്ധതകൊണ്ടോ ശാരീരിക അവശതകൾ കൊണ്ടോ സ്വയം വോട്ടു ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ വോട്ടർക്ക് തന്റെ വോട്ട് രേഖപ്പെടുത്താൻ സഹായിയെ വെക്കാം. അതിനുള്ള അപേക്ഷ വന്നിരിക്കുന്ന ടീമിന് സമർപ്പിച്ചാൽ മതി. എന്നാൽ, സഹായിയായിട്ട് കൂടെ വന്നിരിക്കുന്ന ടീം അംഗങ്ങളെയോ, സ്ഥാനാർഥിയുടെ പ്രതിനിധികളെയോ, സ്ഥാനാർഥിയെയോ വെക്കാൻ പാടില്ല. സഹായിക്ക് 18 വയസ്സ് പൂർത്തിയായിരിക്കണം.
85 വയസ്സ് കഴിഞ്ഞവർ 8,457
കണ്ണൂർ മണ്ഡലത്തിൽ ആകെ 8,457 പേരാണ് 85 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാരുടെ വിഭാഗത്തിലേക്ക് പോസ്റ്റൽ വോട്ട് ചെയ്യുന്നതിനായി അപേക്ഷിച്ചത്. രേഖകൾ പരിശോധിച്ചതിനു ശേഷം 8,434 പേർ ഈ വിഭാഗത്തിൽ അർഹരാണെന്ന് കണ്ടെത്തി. ഭിന്നശേഷിക്കാരുടെ വിഭാഗത്തിൽ 3,948 പേരാണ് അപേക്ഷിച്ചത്. ഇതിൽ 2,526 പേർ രേഖകൾ പരിശോധിച്ചതിനു ശേഷം അർഹരാണെന്ന് കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.