നന്മയുടെ മേൽക്കൂരയിൽ വീടുകളൊരുങ്ങി
text_fieldsകണ്ണൂർ: സ്നേഹത്താൽ അടിത്തറ പാകി മനുഷ്യനന്മയാൽ മേൽക്കൂരയൊരുക്കി നിരാലംബർക്ക് വീടുകളൊരുങ്ങി. നാലുവയലിൽ നൂറ്റാണ്ട് പഴക്കമുള്ളതും ജീർണിച്ച് നിലംപൊത്താനുമായ ലൈൻ മുറിയിൽ താമസിക്കുന്ന കുടുംബങ്ങൾക്കാണ് മനുഷ്യസ്നേഹികളുടെ നേതൃത്വത്തിൽ വീടൊരുങ്ങിയത്.
നവംബർ 27ന് രാവിലെ എട്ടിന് ഹാഫിസ് അനസ് മൗലവി താക്കോൽ കൈമാറും. രണ്ട് വർഷം മുമ്പാണ് കണ്ണൂർ സിറ്റി കൊടപ്പറമ്പ് കൗകബുൽ ഹുദാ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജനകീയ യോഗം വിളിച്ച് പ്രവർത്തനങ്ങൾക്ക് തുടക്കമായത്. ഇതേതുടർന്ന് ഐ.സി.എം മദ്റസ ഹാളിൽ 'ലൈൻമുറി പുനരധിവാസ ജനകീയ കമ്മിറ്റി'ക്ക് രൂപം നൽകിആദ്യഘട്ടത്തിൽ രണ്ട് വീടുകളുടെ നിർമാണമായിരുന്നു ലക്ഷ്യമെങ്കിലും അണ്ടത്തോട് മൂന്ന് പേർക്ക് ഭവനമൊരുക്കാവുന്ന ഒമ്പത് സെന്റ് സ്ഥലം ഒരു മനുഷ്യസ്നേഹി സൗജന്യമായി നൽകിയതോടെ ഒരു നിർധന കുടുംബത്തെ കൂടി ഏറ്റെടുത്തു.
ആദ്യഘട്ടത്തിൽ താളിക്കാവിലുള്ള പ്രോഫ്സോൾഫ് കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ മേൽനോട്ടത്തിലായിരുന്നു നിർമാണം. സാമ്പത്തിക പ്രയാസം കാരണം നിർമാണം പാതിവഴിയിൽ അവസാനിപ്പിച്ചു. സാമ്പത്തിക സഹായം ലഭിച്ച ശേഷമാണ് പുനരാരംഭിച്ചത്.
പ്രവാസി കൂട്ടായ്മകൾ, സ്നേഹതീരം കൂട്ടായ്മ, സ്നേഹസല്ലാപം കൂട്ടായ്മ, ഒ.കെ.സി.കെ (ഒമാൻ കൂട്ടായ്മ), കുവൈത്ത് മുസ്‍ലിം ജമാഅത്ത് കമ്മിറ്റി, അരട്ടക്കപള്ളി കമ്മിറ്റി, കെ.ഡബ്ല്യു.എഫ് ജിദ്ദ കമ്മിറ്റി, ഖത്തർ കമ്മിറ്റി, താണപള്ളി കമ്മിറ്റി, ബൈത്തുസ്സകാത് തുടങ്ങിയവയും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരും സഹായവുമായെത്തി. വീട് നിർമാണം പൂർത്തിയായതോടെ ഇതുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ റദ്ദാക്കിയെന്ന് ചെയർമാൻ ഇ.ടി. മുഹമ്മദ് മൻസൂർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.