ഇവിടെ സീബ്രാലൈൻ വരക്കാൻ ഇനിയെത്ര കാത്തിരിക്കണം..?
text_fieldsകണ്ണൂർ: കണ്ണൂർ മുനിസിപ്പൽ സ്കൂളിന്റെ മുൻവശമാണിത്. അതീവതിരക്കേറിയ റോഡ് മുറിച്ചുകടക്കാൻ സീബ്രാലൈൻ പോലുമില്ല ഇവിടെ. കുട്ടികൾ കൂട്ടത്തോടെ റോഡ് മുറിച്ചുകടക്കുമ്പോൾ വാഹനങ്ങൾ ഇരുവശത്തും കാത്തിരിക്കുമെങ്കിലും കണ്ടിരിക്കുന്നവർക്ക് നെഞ്ചിടിക്കും. ഏതെങ്കിലും കുട്ടിക്ക് തനിച്ച് റോഡ് കടക്കാൻ മിനിറ്റുകൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്.
സീബ്രാലൈനോ ഡിവൈഡറോ ഉണ്ടെങ്കിൽ കാൽനടയാത്രക്കത് വലിയ ആശ്വാസമാവും. കണ്ണൂർ കോർപറേഷൻ പരിധിയിലെ സ്ഥലങ്ങളിൽ സീബ്രാലൈനുകൾ രേഖപ്പെടുത്താൻ 4,66,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. നഗരത്തിൽ മിക്കയിടത്തും സീബ്രാലൈനുകൾ മാഞ്ഞിട്ടുണ്ട്.
നിലവാരം കുറഞ്ഞ പെയിന്റ് ഉപയോഗിക്കുന്നതാണ് പെട്ടെന്ന് മായാൻ കാരണമെന്നാണ് പരാതി. കാൽനട യാത്രക്കാരുടെ സുരക്ഷക്ക് തിരക്കേറിയ റോഡുകളിൽ സീബ്രാലൈനുകൾ രേഖപ്പെടുത്തേണ്ടത് അനിവാര്യമായതിനാൽ നഗരസഭകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് നേരത്തേ സംസ്ഥാന മനുഷ്യാവകാശ കമീഷൻ കോർപറേഷൻ സെക്രട്ടറിയെ അറിയിച്ചിരുന്നു.
‘സ്കൂളുകൾക്ക് സമീപത്തെ റോഡുകളിൽ നിർബന്ധം’
സ്കൂളുകൾക്ക് സമീപമുള്ള പ്രധാന റോഡുകളിൽ സീബ്ര ക്രോസിങ് സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ വീണ്ടും നിർദേശിച്ചു. തളിപ്പറമ്പ്-ആലക്കോട് റോഡിലെ പൂവ്വത്ത് ഈവർഷം ജനുവരി 24ന് മദർ സുപ്പീരിയർ ബസിടിച്ച് മരിച്ച സംഭവത്തിൽ സ്കൂളിന് മുൻവശത്തുള്ള റോഡിൽ സീബ്ര ക്രോസിങ് ഏർപ്പെടുത്താത്തത് പൊതുമരാമത്ത് വകുപ്പിന്റെ അലംഭാവമാണെന്ന് കമീഷൻ ആക്ടിങ് ചെയർപേഴ്സൻ കെ. ബൈജുനാഥ് ചൂണ്ടിക്കാട്ടി. അശ്രദ്ധമായി ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനമോടിച്ച് അപകടങ്ങൾ വരുത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള കർശനനടപടി സ്വീകരിക്കണമെന്ന് കമീഷൻ നിർദേശം നൽകി.
ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്കും ആർ.ടി.ഒക്കും നിർദേശം നൽകി. സ്കൂളിന് മുന്നിലെ റോഡിലെ അപകടസാധ്യതയെ കുറിച്ച് തളിപ്പറമ്പ് ഡിവൈ.എസ്.പിക്ക് പരാതി നൽകി ദിവസങ്ങൾക്കുള്ളിലാണ് അതേസ്ഥലത്ത് മദർ സുപ്പീരിയർ ബസിടിച്ച് മരിച്ചത്. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ, ആർ.ടി.ഒ, ജില്ല പോലീസ് മേധാവി എന്നിവർ രണ്ടു മാസത്തിനകം കമീഷനെ അറിയിക്കണം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.