തീരങ്ങളിൽ തിരക്കേറി; തീരെയില്ല സുരക്ഷ
text_fieldsകണ്ണൂർ: കോവിഡ് അടച്ചിടലുകളിൽ നഷ്ടമായ കാഴ്ചകളും അനുഭവങ്ങളും തേടി സഞ്ചാരികൾ ബീച്ചുകളിൽ എത്തിയതോടെ ജില്ലയിലെ കടൽതീരങ്ങൾ സജീവമായി. രാത്രിയിലടക്കം ആയിരക്കണക്കിന് പേരാണ് തീരസൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. ഏറെനാളത്തെ അടച്ചിടലിന് ശേഷം വിനോദസഞ്ചാരമേഖലയിലടക്കം ഇളവുകൾ അനുവദിച്ചതോടെയാണ് ജില്ലയിലെ പ്രധാന ബീച്ചുകളിൽ സന്ദർശകർ എത്തിത്തുടങ്ങിയത്. ഞായറാഴ്ച വൻ തിരക്കാണ് പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ അനുഭവപ്പെട്ടത്. അയ്യായിരത്തോളം പേരാണ് പയ്യാമ്പലത്ത് സൂര്യാസ്തമയ സമയത്ത് എത്തിയത്. ഞായർ അടക്കമുള്ള ഒഴിവുദിവസങ്ങളിൽ സഞ്ചാരികളുടെ എണ്ണം 12,000 കടക്കും. ഏഷ്യയിലെതന്നെ പ്രധാന ഡ്രൈവ് ഇൻ ബീച്ചായ മുഴപ്പിലങ്ങാട് 15,000 പേരോളമെത്തി. ചാൽ, എട്ടിക്കുളം, ചൂടാട്ട്, ധർമടം ബീച്ചുകളും സന്ദർശകരെകൊണ്ട് നിറഞ്ഞു. ആയിരങ്ങൾ തീരത്തെത്തുേമ്പാഴും സുരക്ഷയുടെ കാര്യത്തിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല.
ജില്ലയിലെ ബീച്ചുകളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെയും പൊലീസ് പട്രോളിങ്ങും ഒരുക്കണമെന്നത് ഏറക്കാലമായുള്ള ആവശ്യമാണ്. ഏറെ സഞ്ചാരികളെത്തുന്ന പയ്യാമ്പലം, മുഴപ്പിലങ്ങാട് ബീച്ചുകളിൽ അഞ്ചു ലൈഫ്ഗാർഡുമാർ വീതമാണുള്ളത്. നാലു കിലോമീറ്ററിലധികം നീണ്ടുകിടക്കുന്ന മുഴപ്പിലങ്ങാട് ബീച്ചിൽ കടലിൽ കുളിക്കാനാണ് പലരും എത്തുന്നത്. ചുരുങ്ങിയത് 30 പേരെങ്കിലും ഉണ്ടെങ്കിലേ ഇവിടെ സുരക്ഷയൊരുക്കാനാവൂ. ഒഴുക്കിൽപെട്ട് സന്ദർശകർ അപകടത്തിൽപെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞമാസം കടലിൽ അകപ്പെട്ട കുടക് സ്വദേശിയെ സാഹസികമായാണ് ലൈഫ് ഗാർഡും മത്സ്യത്തൊഴിലാളികളും രക്ഷിച്ചത്.
പയ്യാമ്പലത്ത് നടപ്പാത നിർമിച്ചതോടെ ഏറെപ്പേർ എത്തുന്നുണ്ട്. ഒരു കിലോമീറ്റർ നടപ്പാതയിലുള്ള സന്ദർശകർക്ക് സുരക്ഷ ഒരുക്കാൻ മാത്രം 10 ലൈഫ് ഗാർഡുമാരെങ്കിലും വേണം. രാത്രിയിലും വിനോദസഞ്ചാരികൾ എത്താറുണ്ട്. സാമൂഹികവിരുദ്ധരുടെ ശല്യവുമുണ്ട്. പുതുതായി നിർമിച്ച നടപ്പാതയിലെ ഇരിപ്പിടങ്ങളിൽ രണ്ടെണ്ണവും ഏഴു ലൈറ്റുകളും നശിപ്പിച്ച നിലയിലാണ്. നവീകരണം നടക്കുന്ന കുട്ടികളുടെ പാർക്ക് തുറക്കുന്നതോടെ കുഞ്ഞുങ്ങൾ അടക്കമുള്ള സഞ്ചാരികളുടെ ഒഴുക്കുമുണ്ടാകും. ചൂടാട്ട്, എട്ടിക്കുളം, ചാൽ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരില്ല.
നേരത്തെ ചൂടാട്ട് ഒരു കുട്ടി വെള്ളത്തിൽവീണ് മരിച്ചതോടെ പയ്യാമ്പലത്തുനിന്നും രണ്ടുേപരെ ഇവിടെ താൽക്കാലികമായി നിയമിച്ചിരുന്നു. കോവിഡ് വന്നതോടെ ഇതുമില്ലാതായി. രണ്ടാഴ്ചമുമ്പ് പയ്യാമ്പലത്ത് കടലിൽ അകപ്പെട്ട മാഹി സ്വദേശിയെ രക്ഷപ്പെടുത്തിയിരുന്നു. തീരങ്ങളിൽ ആവശ്യത്തിന് ലൈഫ് ഗാർഡുമാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള ടൂറിസം ലൈഫ് ഗാർഡ് എംപ്ലോയീസ് യൂനിയൻ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.
സാധാരണ വേനലവധിക്കാലമായ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് പാർക്ക്, ബീച്ച് അടക്കമുള്ള കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടമായെത്തുക. എന്നാൽ, ഇപ്പോൾ അടച്ചിടലിെൻറ മടുപ്പ് മാറ്റാൻ പ്രവൃത്തിദിവസങ്ങളിലടക്കം സഞ്ചാരികൾ കൂട്ടമായെത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.