മനുഷ്യാവകാശ കമീഷൻ ഇടപെടൽ; വനപാതകളിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കാനൊരുങ്ങി വനംവകുപ്പ്
text_fieldsകണ്ണൂർ: മനുഷ്യാവകാശ കമീഷൻ ഇടപെടലിനെ തുടർന്ന് വനാന്തര പാതകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകുമെന്ന് വനംവകുപ്പ്. പൊതുമരാമത്ത് വകുപ്പ്, ത്രിതല പഞ്ചായത്തുകൾ എന്നിവ റോഡ് നിർമിക്കുന്ന വേളയിൽ ഇക്കാര്യം ആവശ്യപ്പെടുമെന്ന് വനംവകുപ്പ് മനുഷ്യാവകാശ കമീഷനെ അറിയിച്ചു.
കാട്ടുപോത്തുകളെ കാണുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും അപകടം ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വനം വകുപ്പ് ഉദ്യോഗസ്ഥർ പുലർത്തുമെന്ന് കണ്ണൂർ ഡിവിഷൽ ഫോറസ്റ്റ് ഓഫിസർ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വന മേഖലയിലുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗപരിധി കർശനമായി നിയന്ത്രിക്കാൻ നടപടിയെടുക്കണം. ഇവിടങ്ങളിലെ വേഗപരിധി 30 കി.മീറ്ററാക്കാൻ മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ത്രിതല പഞ്ചായത്ത് എന്നിവയുടെ സേവനം ലഭ്യമാക്കും.
വനത്തിനകത്ത് അനധികൃതമായി പ്രവേശിച്ച് വന്യജീവികളെ പ്രകോപിതരാക്കുന്ന വിധത്തിൽ ഫോട്ടോയെടുക്കുന്നതും പേടിപ്പിക്കുന്നതും തടയും. കാട്ടുപോത്തിന്റെ സാന്നിധ്യമുള്ള പ്രദേശങ്ങളിൽ വനംവകുപ്പ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോളയാട്, നിടുംപൊയിൽ, പെരുവ, നരിക്കോട്, വാഴമല, കൊമ്മേരി പ്രദേശങ്ങളിലാണ് കാട്ടുപോത്തുകളെ സാധാരണ കാണാറുള്ളതെന്ന് റിപ്പോർട്ടിൽ പറയുന്നു. കന്നുകാലികളെ വനമേഖലയിലേക്ക് മേയാൻ വിടുന്നതു കാരണമാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടാകുന്നത്. ചങ്ങലഗേറ്റ് പെരുവ റോഡിൽ അമിതവേഗതയിൽ വാഹനമോടിച്ചയാളാണ് വളവിൽ കാട്ടുപോത്തിനെ കണ്ട് തെന്നിവീണത്.
കുറ്റ്യാടിൽ 98 കാരൻ മരിച്ചത് കാട്ടുപോത്തിന്റെ കുത്തുകൊണ്ടല്ല. ആക്രമണകാരി എന്ന് പറയുന്ന കാട്ടുപോത്തിനെ നിരീക്ഷിച്ചതായും അതിനെ ശാന്തമായാണ് കണ്ടതെന്നും റിപ്പോർട്ടിലുണ്ട്. കണ്ണവം വനമേഖലിയിലെ കാട്ടുപോത്തുകൾ കൃഷി നാശം വരുത്തുന്നവയല്ല. കുറവ് കൃഷി നാശംവരുത്തുന്ന വന്യമൃഗങ്ങളിൽ ഒന്നാണ് കാട്ടുപോത്ത്.
കണ്ണവം മേഖലയിൽ കാട്ടുപോത്തുകളെ കാണുന്ന സ്ഥലങ്ങൾ വനമേഖലയായതിനാൽ അവയെ ഇവിടെനിന്ന് തുരത്താനാവില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അങ്ങനെ ചെയ്താൽ അവ അക്രമാസക്തരാവുകയും അപകടകാരികളായി സമീപപ്രദേശങ്ങളിൽ ചിതറിയെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻകരുതൽ സ്വീകരിക്കുന്നതാണ് ഉചിതം.
കോളയാട് പഞ്ചായത്തിലെ വനാതിർത്തി പ്രദേശങ്ങളിലുള്ള ജനവാസ മേഖലയിൽ കാട്ടുപോത്തുകളുടെ ശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. മനുഷ്യാവകാശ പ്രവർത്തകനായ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.