അന്ന് ആ തീരുമാനം മാറ്റിയില്ലെങ്കിൽ...
text_fieldsകണ്ണൂർ: 25 വർഷത്തെ പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയ അനീഷ് കുമാർ തീരുമാനംമാറ്റി ഒരുതവണകൂടി കുവൈത്തിലേക്ക് പോയത് അന്ത്യയാത്രയിലേക്ക്. കുവൈത്തിലെ മൻഗഫ് ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കുറുവ സ്വദേശി അനീഷ് കുമാറിന്റെ വിയോഗം നാടിനെ ഞെട്ടിച്ചു. ഒരുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയതായിരുന്നു അനീഷ്.
നീണ്ട പ്രവാസജീവിതം മതിയാക്കി നാട്ടിൽ മറ്റെന്തിങ്കിലും ജോലി ചെയ്ത് ഉപജീവന മാർഗം കണ്ടെത്താൻ തീരുമാനിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. എന്നാൽ, തീരുമാനം മാറ്റി ഒരുതവണകൂടി പോയിവരാമെന്ന് പറഞ്ഞാണ് മെയ് 16ന് അനീഷ് കുവൈത്തിലേക്ക് തിരിച്ചത്. 15ന് കുവൈത്തിലേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. അന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയപ്പോൾ എയർ ഇന്ത്യസമരത്തെ തുടർന്ന് പുറപ്പെടാനായില്ല. പിന്നീട് 16ന് കുവൈത്തിലേക്ക് മടങ്ങി.
വ്യാഴാഴ്ച വൈകീട്ടോടെയാണ് കുവൈത്തിലുള്ള സഹോദരൻ അജിത്ത് കുമാർ അനീഷിന്റെ മരണവാർത്ത നാട്ടിലെ ബന്ധുക്കളെ വിളിച്ചറിയിച്ചത്.
നിനച്ചിരിക്കാത്ത നേരത്തുള്ള അനീഷിന്റെ വിയോഗം കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ഉൾകൊള്ളാനായില്ല. മുമ്പ് നാട്ടിൽ ബസ് കണ്ടക്ടറായി ജേലിചെയ്ത അനീഷ് കുവൈത്തിലെ സുപ്പർമാർക്കറ്റിൽ സുപ്പർവൈസറായാണ് ജോലി ചെയ്തിരുന്നത്.
സഹോദരങ്ങളായ അജിത്ത് കുമാറും രഞ്ജിത്തും കുവൈത്തിൽ തന്നെയാണ് ജോലിചെയ്യുന്നത്. പരേതനായ യു.കെ. ചന്ദ്രന്റെയും പി. സതിയുടെയും മകനാണ്. ഭാര്യ: സന്ധ്യ. മക്കൾ: അശ്വിൻ അനീഷ്, ആദിഷ് അനീഷ്. സഹോദരങ്ങൾ: അജിത്ത്കുമാർ, രഞ്ജിത്ത് (ഇരുവരും കുവൈത്ത്), രാജേഷ് (ഖത്തർ). വെള്ളിയാഴ്ച നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഉച്ചയോടെ കണ്ണൂരിൽ എത്തിക്കുമെന്നും സംസ്കാരം ശനിയാഴ്ച നടത്തുമെന്നും ബന്ധുക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.