ഹരിതകർമസേനയോട് മുഖംതിരിച്ചാൽ നടപടി
text_fieldsകണ്ണൂര്‍: കോർപറേഷന് കീഴില്‍ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ ഹരിതകർമസേനക്ക് കൈമാറാത്ത വീടുകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍. പിഴചുമത്തല്‍, കോര്‍പറേഷനിലെ അവശ്യസേവനങ്ങള്‍ തടയൽ ഉള്‍പ്പെടെയുള്ള നടപടികൾ സ്വീകരിക്കും.
മാലിന്യങ്ങള്‍ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതിനെതിരെയും വീടുകളും വ്യാപാരസ്ഥാപനങ്ങളും ഫ്ലാറ്റുകളും അജൈവ മാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് സ്ഥിരമായ സംവിധാനം ഉണ്ടാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട ഉേദ്യാഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന ഹൈകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് കോർപറേഷന് ആരോഗ്യ വിഭാഗം കര്‍ശന നടപടിയുമായി രംഗത്തെത്തിയത്. ഹരിതകര്‍മസേനയിൽ രജിസ്റ്റര്‍ ചെയ്ത് ജൈവ മാലിന്യങ്ങള്‍ സ്വന്തമായും അജൈവമാലിന്യങ്ങള്‍ സേനക്ക് കൈമാറാനുമാണ് നിർദേശം നല്‍കിയിരുന്നത്.
എന്നാല്‍, ഇനിയും ചിലര്‍ ഹരിതകര്‍മസേനക്ക് അജൈവമാലിന്യങ്ങള്‍ കൈമാറാന്‍ തയാറായിട്ടില്ലെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ. തുടര്‍ന്ന് ഇത്തരം വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയാണ് പിഴചുമത്തല്‍, കോര്‍പറേഷനിലെ അവശ്യസേവനങ്ങള്‍ തടയൽ ഉള്‍പ്പെടെയുള്ള നടപടിയുമായി അധികൃതര്‍ മുന്നോട്ടുപോകുന്നത്. ഫ്ലാറ്റുകളില്‍ താമസിക്കുന്ന ഓരോ കുടുംബങ്ങളും വെവ്വേറെ ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്ത് മാലിന്യങ്ങള്‍ കൈമാറണം. നിലവിൽ പല ഫ്ലാറ്റുകളും പൂർണ തോതിൽ മാലിന്യനീക്കവുമായി സഹകരിക്കുന്നിെല്ലന്ന പരാതിയുണ്ട്.
ഹരിതകര്‍മസേനയില്‍ രജിസ്റ്റര്‍ ചെയ്താല്‍ സേനാംഗങ്ങള്‍ നിശ്ചയിച്ച തുക ഈടാക്കി വീടുകളിലെത്തി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ചേലോറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ എത്തിച്ച് സംസ്കരിക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. ഓരോ വീടും സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ഹരിതകര്‍മസേനാംഗങ്ങളും നേരിട്ട് പരിശോധിച്ച് നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി പിഴ അടപ്പിക്കും.
പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്താന്‍ കോര്പറേഷന് പരിധിയില്‍ 90 സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചു. രാത്രികാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി മാലിന്യം പൊതുസ്ഥലത്ത് തള്ളുന്നവരെയും മലിനജലം പൊതു സ്ഥലത്തേക്ക് ഒഴുക്കുന്നതും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നതും കണ്ടെത്താന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്പെഷല്‍ സ്ക്വാഡ് രൂപവത്കരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്.
മാലിന്യം തള്ളുന്ന വാഹനങ്ങള്‍ ഹൈകോടതി വിധിയുടെ അടിസ്ഥാനത്തില്‍ പിഴ അടപ്പിക്കുന്നതിന് പുറമെ വാഹനം ഇനി വിട്ടുനല്‍കില്ല.
ഹരിതകര്‍മസേനയില്‍ ഇനിയും രജിസ്റ്റര്‍ ചെയ്യാനുള്ളവര്‍ അടിയന്തരമായി വാര്‍ഡ് കൗണ്‍സിലര്‍മാരെയോ കോര്പറേഷന് മെയിന്‍, സോണല്‍ ഡിവിഷന് ഓഫിസുകളുമായി ബന്ധപ്പെട്ട് രജിസ്ട്രേഷൻ നടത്തണമെന്ന് മേയർ ടി.ഒ. മോഹനനും ആരോഗ്യ സ്ഥിരംസമിതി ചെയര്മാന് എം.പി. രാജേഷും ക്ലീന്‍ സിറ്റി മാനേജര്‍ പി.പി. ബൈജുവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.