അനധികൃത മത്സ്യബന്ധനം കർശനമായി തടയും -ഫിഷറീസ് വകുപ്പ്
text_fieldsഅഴീക്കൽ: അഴീക്കലിൽ അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസും എൻഫോഴ്സ്മെന്റും ചേർന്ന് പിടിച്ചെടുത്തു. നിശ്ചിത മൈൽ അകലെനിന്ന് മാത്രം ട്രോളിങ് നടത്തേണ്ട വലിയ ബോട്ടുകൾ നിയന്ത്രണരേഖ ലംഘിച്ച് (കരവലി) മത്സ്യ ബന്ധനം നടത്തുന്നതായി പരമ്പരാഗത മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരം ഡയറക്ടറേറ്റിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ഫിഷറീസ് അസി. ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് കഴിഞ്ഞ ദിവസം കടലിൽ പട്രോളിങ് നടത്തി. പരിശോധനക്കിടെ ദുർഗാംബികയെന്ന ഫിഷിങ് ബോട്ട് കസ്റ്റഡിയിലെടുത്തു.
ബോട്ട് കസ്റ്റഡിയിലെടുത്ത് പൊലീസ് ബോട്ടിനോട് ചേർത്ത് കെട്ടുന്ന സമയത്തുണ്ടായ കാറ്റിന്റെ ഗതിയിലാണ് ദുർഗാംബികയെന്ന ബോട്ടിന് വിള്ളൽ ഉണ്ടായതെന്നാണ് ബന്ധപ്പെട്ടവർ പറഞ്ഞു. ബോട്ട് പിടിച്ചെടുത്ത് അഴീക്കൽ ഹാർബറിൽ എത്തിച്ചു. എന്നാൽ നിശ്ചിത അകലത്തിനപ്പുറത്തുനിന്ന് മത്സ്യം പിടിച്ച് വരുമ്പോഴാണ് ഫിഷറീസും എൻഫോഴ്സ്മെന്റ് അധികൃതരും ബോട്ട് പിടികൂടിയതെന്നാണ് ഉടമകളായ കെ.വി. രാജേഷും വി. രാജേഷും പറയുന്നത്.
അതേസമയം മറൈൻ എൻഫോഴ്സ്മെന്റിന്റെ കൂറ്റൻ സ്റ്റീൽ ബോട്ട് ഇടിച്ച് നിർത്തിയതിനെ തുടർന്നാണ് ബോട്ടിന് വിള്ളലുണ്ടായതെന്നാണ് ബോട്ടുടമകൾ പറയുന്നത്.
അഞ്ചു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും ഇവർ പറയുന്നു. ബോട്ടുടമ ഉദ്യോഗസ്ഥന്മാരെ തടഞ്ഞു നിർത്തുകയും നടപടികൾ തടസ്സപ്പെടുത്തുകയും ചെയ്തപ്പോഴാണ് വളപട്ടണം പൊലീസ് സ്ഥലത്തെത്തിയത്. പിന്നീട് കെ.വി. സുമേഷ് എം.എൽ.എയും അസി. ഡയറക്ടറും ചേർന്ന് നടന്ന ചർച്ചയിൽ പ്രശ്നം താൽക്കാലികമായി പരിഹരിച്ചു. പിടിച്ചെടുത്ത ബോട്ട് ഉടമ തന്നെ നന്നാക്കമെന്ന വ്യവസ്ഥയിൽ ബോട്ടു വിട്ടുനൽകി.
മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾ നിയന്ത്രണം പാലിക്കാതെയും ഇതരസംസ്ഥാന ബോട്ടുകൾ സർക്കാറിലേക്ക് അടക്കേണ്ട യൂസർ ഫീ തുക അടക്കാതെയും നടത്തുന്ന മത്സ്യബന്ധനം തടയാൻ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് അസി. ഡയറക്ടർ ആർ. ജൂഗുനു മാധ്യമത്തിനോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.