ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി; ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
text_fieldsകണ്ണൂർ: മുസ് ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗത്തിലെ വിധവകൾക്കും വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുമുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു.
ശരിയായ ജനലുകൾ/ വാതിലുകൾ/ മേൽക്കൂര/ ഫ്ലോറിങ്/ ഫിനിഷിങ്/ പ്ലംബിങ്/ സാനിറ്റേഷൻ/ വൈദ്യുതീകരണം എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് ധനസഹായം. ഒരു വീടിന്റെ അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് ധനസഹായം. ഇത് തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകയുടെ സ്വന്തം/ പങ്കാളിയുടെ പേരിലുള്ള വീടിന്റെ പരമാവധി വിസ്തീർണം 1200 ചതുരശ്ര അടിയിൽ കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയോ അവരുടെ മക്കളോ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരാണെങ്കിലും പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകയാണെങ്കിലും മുൻഗണന.
സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാറിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവനനിർമാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. www.minoritywelfare.kerala.gov.in എന്ന വകുപ്പിന്റെ വെബ്സൈറ്റിൽനിന്നും അപേക്ഷാഫോം ലഭിക്കും. 2023-24 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരമൊടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കുക.
പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കലക്ടർ (ജനറൽ), ജില്ല ന്യൂനപക്ഷക്ഷേമ സെക്ഷൻ, കലക്ടറേറ്റ് എന്ന വിലാസത്തിൽ അതാത് ജില്ല കലക്ടറേറ്റിലേക്ക് തപാൽ മുഖാന്തരമോ അപേക്ഷിക്കാം.
അപേക്ഷകൾ ജൂലൈ 31നകം കലക്ടറേറ്റിൽ ലഭിക്കണം.വീട് അറ്റകുറ്റപ്പണി ചെയ്യേണ്ടതിനും വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്ന് സാക്ഷ്യപ്പെടുത്തുന്നതിനും വില്ലേജ് ഓഫിസർ/ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അസി. എൻജിനീയർ/ ബന്ധപ്പെട്ട അധികാരികൾ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രം മതിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.