മണ്ണൊലിപ്പ്; ഭീതിയോടെ കുടുംബങ്ങൾ
text_fieldsകണ്ണൂർ: ചിറക്കൽ ഗ്രാമപഞ്ചായത്തിലെ തട്ടുകോളനിയായ കുണ്ടൻചാൽ കോളനിയിലെ 32ഓളം കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീതിയിൽ.
അഞ്ചു തട്ടുകളായുള്ള കോളനികളിൽ താഴെയുള്ള മൂന്നു തട്ടുകളിലായാണ് വിവിധ കുടുംബങ്ങൾ താമസിക്കുന്നത്. വർഷങ്ങൾക്കുമുമ്പ് പഞ്ചായത്ത് നിർധന കുടുംബങ്ങൾക്ക് പതിച്ചുനൽകിയാണ് ഭൂമിയാണിത്.
കോളനിയിലെ പാർശ്വഭിത്തികൾ ഇളകി മണ്ണൊലിപ്പും താഴെയുള്ള വീടുകൾക്ക് മുകളിൽ മണ്ണ് വീണ് അപകടവും ഉണ്ടാകുന്നു. ഇക്കുറിയുണ്ടായ കനത്ത മഴയിൽ മണ്ണൊലിപ്പ് രൂക്ഷമായിരുന്നു. ഇതോടെയാണ് കുടുംബങ്ങൾ കൂടുതൽ ഭീതിയിലായത്. ചിലർ തങ്ങളുടെ വീടിന് ചുറ്റുമതിൽ കെട്ടി സംരക്ഷണമൊരുക്കിയിരുന്നു. എന്നാൽ, എട്ടോളം കുടുംബങ്ങളാണ് തീർത്തും അപകടാവസ്ഥയിൽ കഴിയുന്നത്.
പ്രശ്നം പരിഹരിക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കാര്യമായ ഇടപെടലുകൾ നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് പി. ശ്രുതി പറഞ്ഞു. ഓരോ വീടിനും ചുറ്റുമതിൽ കെട്ടാൻ ഏഴു വർഷം മുമ്പുള്ള കണക്കനുസരിച്ച് ഏഴു ലക്ഷത്തിലധികം രൂപയാകും.
നിലവിൽ കോളനിയിലെ ഭൂമി അതത് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണ്. അതിനാൽ ഇത്രയും ഭീമമായ തുക മതിലിനായി ചെലവഴിക്കാൻ പഞ്ചായത്തിനാകില്ല. ഇതൊരു പ്രതിസന്ധിയാണെന്നും പ്രസിഡന്റ് പറഞ്ഞു.
സംഭവത്തിൽ കോളനിയിലെ അപകടാവസ്ഥ പരിശോധിച്ച് പരിഹരിക്കാൻ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ധർ അടുത്ത ദിവസംതന്നെ കോളനി സന്ദർശിക്കും. പ്രദേശത്തെ മണ്ണ് പരിശോധിച്ച് വിഷയത്തിൽ ശാശ്വത പരിഹാരത്തിനുള്ള മാർഗം തേടും.
പരിശോധന റിപ്പോർട്ട് വിദഗ്ധർ എ.ഡി.എമ്മിന് സമർപ്പിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോളനിയിലെ പ്രശ്നങ്ങൾക്കുള്ള ശാശ്വത പരിഹാരം കണ്ടെത്താനുള്ള നടപടികൾ സ്വീകരിക്കും.
ഭൗമശാസ്ത്ര വിദഗ്ധരാണ് കോളനികളിൽ പഠനത്തിനെത്തുക. മണ്ണ് പരിശോധിച്ച് ഭാവിയിലും അപകടസാധ്യതക്കുള്ള ഘടകമടക്കം പരിശോധനക്ക് വിധേയമാക്കും. പഞ്ചായത്തിലെ കിഴക്കേമൊട്ട കോളനിയിലും മണ്ണൊലിപ്പ് പ്രശ്നം രൂക്ഷമാണ്.
ഒരു മാസം മുമ്പ് കാലവർഷം ശക്തിപ്രാപിച്ചപ്പോൾ കോളനിവാസികളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ദുരന്ത നിവാരണ സമിതി നിർദേശിച്ചിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടി സ്വീകരിക്കുമെന്ന് ശ്രുതി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.