ഐ.എൻ.എസ് സിന്ധുധ്വജ് ഓർമകളിലേക്ക്; സിൽക്ക് നേട്ടത്തിലേക്ക്
text_fieldsകണ്ണൂർ: ഇന്ത്യൻ നാവികസേനയിലെ ഏക മുങ്ങിക്കപ്പലായ ഐ.എൻ.എസ് സിന്ധുധ്വജ് ഓർമകളിലേക്ക് നീങ്ങുമ്പോൾ കണ്ണൂർ അഴീക്കൽ സിൽക്ക് നടന്നു കയറുന്നത് നേട്ടത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽനിന്ന് ഇന്നവേഷനുള്ള സി.എൻ.എസ് റോളിങ് ട്രോഫി നേടിയ ഖ്യാതിയുള്ള നാവിക സേനയിലെ ഏക മുങ്ങിക്കപ്പലാണ് അഴീക്കൽ സിൽക്കിൽ ചരിത്രത്തിന്റെ ഭാഗമാകുന്നത്.
ഇന്ത്യൻ നാവികസേനയിൽ തലയുയർത്തി നിന്ന മുങ്ങിക്കപ്പലിന്റെ പൊളിക്കൽ ആറുമാസം കൊണ്ട് പൂർത്തിയാകുന്നതോടെ അഴീക്കൽ സിൽക്കിന് തുറന്നുകിട്ടുന്നത് നേട്ടങ്ങളുടെ വലിയ സാധ്യതയാണ്. 1987 ജൂൺ 12നാണ് കപ്പൽ കമീഷൻ ചെയ്തത്. 35 വർഷത്തെ സേവനത്തിനു ശേഷമാണ് 2022 ജൂലൈ 16 ഡീ കമീഷൻ ചെയ്തത്. 1975ൽ ആരംഭിച്ച സിൽക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു മുങ്ങിക്കപ്പൽ പൊളിക്കാനായി എത്തിക്കുന്നത്.
വിശാഖ പട്ടണത്തിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സിത്താര ട്രേഡേഴ്സ് ആണ് മുങ്ങിക്കപ്പൽ വാങ്ങിച്ചത്. അവരാണ് ഇത് പൊളിക്കാനായി അഴീക്കൽ സിൽക്കിന് കൈമാറിയത്. പൊളിച്ചു മാറ്റുന്നതിന് ഒരു ടണ്ണിന് 4525 രൂപയും ജി.എസ്.ടി വരുന്ന തുകയും സിൽക്കിന് ലഭിക്കും. പൊളിക്കുന്ന ഒരു ടണ്ണിന് 2400 രൂപയും ജി.എസ്.ടി തുകയുമാണ് സിൽക്ക് ചെലവ് കണക്കാക്കിയിട്ടുള്ളത്. കപ്പൽ പൂർണമായി പൊളിച്ചാൽ 2000 ടൺ ഉണ്ടാകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതു പ്രകാരം 50 ലക്ഷത്തോളം രൂപയുടെ നേട്ടമാണ് സിൽക്ക് പ്രതീക്ഷിക്കുന്നത്.
അതിനു പുറമെ സിൽക്കിന് മുന്നിൽ തുറന്നു കിട്ടുന്ന സാധ്യതയാണ് അധികൃതർ പ്രധാനമായും മുന്നിൽ കാണുന്നത്. മുങ്ങിക്കപ്പൽ പൊളിക്കുന്ന വിവരമറിഞ്ഞ് സംസ്ഥാനത്തിന് പുറത്തുനിന്ന് അന്വേഷണം വന്നു തുടങ്ങിയിട്ടുണ്ട്. ഭാവിയിൽ നല്ല സാധ്യത ലഭിക്കുന്നതോടെ കൂടുതൽ ലാഭം നേടാൻ കഴിയുമെന്ന കണക്കു കൂട്ടലിലാണ് അധികൃതർ. പൊളിക്കൽ മാത്രമല്ല അഴീക്കൽ സിൽക്ക് യൂനിറ്റിൽ നടക്കുന്നത്. പുതിയ ഉരുക്കളും ബോട്ടുകളും മറ്റും നിർമിക്കുന്നുണ്ട്. അതിനു പുറമെ ഇവയൊക്കെ അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്നു. കൂടാതെ വിദ്യാലയങ്ങൾ, ആശുപത്രികൾ ഉൾപ്പെടെ വ്യത്യസ്ത എൻജിനീയറിങ് പ്രവൃത്തികളും സിൽക്ക് ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായാണ് 2007 മുതൽ തുടർച്ചയായി സിൽക്ക് ലാഭത്തിലാകുന്നത്. ഇതിനകം ഉരു ഉൾപ്പെടെ 65ഓളം ബോട്ടുകൾ ഇവിടെ നിർമിച്ചിട്ടുണ്ട്. ചെറുതും വലുതുമായ 60ഓളം കപ്പലുകളും ബോട്ടുകളും ഇവിടെ നിന്ന് പൊളിച്ചിട്ടുമുണ്ട്. വരും വർഷങ്ങളിൽ വലിയ ലാഭമുള്ള കമ്പനിയാക്കി മാറ്റാനുള്ള ലക്ഷ്യവുമായാണ് സിൽക്കിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.