നല്ലോണം ആഘോഷിച്ചോണം
text_fieldsകണ്ണൂർ: തിരുവോണത്തെ വരവേൽക്കാൻ വിലക്കുറവിന്റെ മേളകളും വിപണന കേന്ദ്രങ്ങളും നാടെങ്ങും സജീവം. കോവിഡ് നിയന്ത്രണങ്ങൾ ഒഴിഞ്ഞ പശ്ചാത്തലത്തിൽ ഇക്കുറി നാട് നേരത്തേ ഓണത്തിരക്കിലാണ് സ്കൂളുകൾ വെള്ളിയാഴ്ച ഓണാഘോഷത്തോടെ ഓണാവധിയിലേക്ക് കടക്കും.
കുട്ടികളും രക്ഷിതാക്കളും ടൗണിലെത്തുന്നതോടെ ഓണ വിപണി പൊടിപൊടിക്കും. കലാലയങ്ങൾ ഓണാഘോഷത്തിരക്കിലാണ്. ഓണസദ്യക്ക് പച്ചക്കറി ലഭ്യമാക്കാൻ കൃഷിവകുപ്പിന് കീഴിലെ ഹോർട്ടികോർപ്പിന്റെ സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോർ കണ്ണൂർ, കാസർകോട് ജില്ലകളിൽ യാത്ര തുടങ്ങി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ കണ്ണൂരിൽ ഫ്ലാഗ് ഓഫ് നിർവഹിച്ചു. കണ്ണൂരിലെ ഹോർട്ടി സ്റ്റോറിലെ ആദ്യവിൽപനയും അവർ നിർവഹിച്ചു.
സെപ്റ്റംബർ ഏഴു വരെയാണ് ജില്ലയിലെ വിവിധ മേഖലകളിൽ ഹോർട്ടി സ്റ്റോർ എത്തുക. പച്ചക്കറികൾക്ക് പുറമേ പഴവർഗങ്ങളും ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ ഉൽപാദിപ്പിച്ച മൂല്യവർധിത ഉൽപന്നങ്ങളും ലഭ്യമാവും. ജില്ലയിലെ കർഷകരുടെ ഉൽപന്നങ്ങൾക്കു പുറമേ വയനാട്, പാലക്കാട്, ഇടുക്കി തുടങ്ങിയ ജില്ലകളിലെ കർഷകരിൽനിന്ന് സംഭരിക്കുന്ന പച്ചക്കറികളും ലഭ്യമാകും.
പൊതുവിപണിയിലെ സംഭരണവിലയേക്കാൾ 10 ശതമാനം അധികം നൽകിയാണ് കർഷകരിൽനിന്ന് പച്ചക്കറികൾ സംഭരിക്കുന്നത്. 30 ശതമാനം വിലക്കുറവിലാണ് ഉപഭോക്താക്കൾക്ക് ഇവ ലഭ്യമാക്കുക. രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെയാണ് വിപണനം. രണ്ടാം തീയതി തലശ്ശേരി ടൗൺ, പിണറായി, എടക്കാട്, ധർമടം, കൂത്തുപറമ്പ്, മൂന്നിന് പയ്യന്നൂർ ടൗൺ, നാലിന് മട്ടന്നൂർ ടൗൺ, ചാലോട്, ചക്കരക്കൽ, ചൊവ്വ, അഞ്ചിന് ഇരിക്കൂർ മണ്ഡലം, ആറിന് ചെറുകുന്ന്, കണ്ണപുരം, പാപ്പിനിശ്ശേരി, ഏഴിന് ധർമശാല, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് വിപണനം നടത്തുക. കണ്ണൂർ പഴയ സ്റ്റാൻഡിൽ പൂക്കച്ചവടവും കളിമൺ ചട്ടികളുടെ വിപണനവും നേരത്തേ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.