ഈ പുഞ്ചിരി പുലരണം; ഇനാറ മോൾക്കും വേണം 18 കോടി
text_fieldsകണ്ണൂര്‍: കുഞ്ഞുശരീരത്തിലെ വേദനകൾ മുഖത്തുകാണിക്കാതെ ഇനാറ മോൾ ഇപ്പോഴും പുഞ്ചിരിക്കുകയാണ്. പതിനായിരം കുഞ്ഞുങ്ങളിൽ ഒരാളിൽ മാത്രം കണ്ടുവരുന്ന സ്പൈനല്‍ മസ്കുലാര്‍ അട്രോഫി (എസ്.എം.എ) എന്ന അപൂര്‍വ ജനിതകരോഗത്തിെൻറ കാഠിന്യങ്ങളൊന്നും അവൾക്കറിയില്ല.
ഏഴുമാസം മാത്രം പ്രായമുള്ള തങ്ങളുടെ പിഞ്ചോമനയെ മാറോടണച്ച് കണ്ണൂർ മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദും ഫാത്തിമ ഹിസാനയും കാരുണ്യമതികളുടെ സഹായം തേടുകയാണ്. 18 കോടിരൂപ വിലവരുന്ന മരുന്നു നൽകിയാൽ മാത്രമേ മകൾ ഇനാറ ഫാത്തിമയുടെ ജീവൻ രക്ഷിക്കാനാവൂ.
തലശ്ശേരിയിലെ ഇലക്ട്രോണിക്സ് കടയിലെ ജീവനക്കാരനായ റാഷിദിനെ സംബന്ധിച്ച് 18 കോടിയെന്നത് ചിന്തിക്കാൻ പോലുമാവാത്ത തുകയാണ്. മാട്ടൂലിലെ ഒന്നര വയസ്സുകാരൻ മുഹമ്മദിന് മലയാളികൾ നൽകിയ സ്നേഹവും കരുണയും കുഞ്ഞു ഇനാറക്കും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. മാട്ടൂലിലെ മുഹമ്മദിനും ചപ്പാരപ്പടവിലെ ഖാസിമിനും പിറകെയാണ് ജില്ലയില്‍ വീണ്ടും ഒരു കുട്ടിക്കുകൂടി എസ്.എം.എ റിപ്പോർട്ട് ചെയ്യുന്നത്. ഇനാറക്ക് ടൈപ്പ് എ എസ്.എം.എയാണ് ബാധിച്ചത്. അതിനാൽ കൃത്യമായ ചികിത്സ നൽകിയാൽ സാധാരണജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനാവും.
ഇനാറയുടെ ചികിത്സക്കായി പണം സ്വരൂപിക്കാൻ മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് ടി. സജിത ചെയർപേഴ്സനും എടക്കാട് മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി. ഹമീദ് മാസ്റ്റർ ജനറൽ കൺവീനറും ഹാഷിം ബപ്പൻ ട്രഷററുമായി ബഹുജന ചികിത്സ കൂട്ടായ്മ രൂപവത്കരിച്ചിട്ടുണ്ട്. കെ. സുധാകരൻ എം.പി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ, ജില്ല പഞ്ചായത്തംഗം കെ.വി. ബിജു, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.ടി. ഫർസാന, പഞ്ചായത്തംഗം ഫർസീന നിബ്രാസ് തുടങ്ങിയവർ രക്ഷാധികാരികളാണ്.
നേരത്തെ മാട്ടൂലിലെ മുഹമ്മദിനായി 46 കോടിയിലധികം അക്കൗണ്ടിലേക്കെത്തിയിരുന്നു. ചികിത്സ ചെലവിനുശേഷം അവശേഷിക്കുന്ന തുക സർക്കാറിന് കൈമാറാൻ തീരുമാനിച്ച ചികിത്സസഹായ കമ്മിറ്റി സമാന അസുഖം ബാധിച്ച ജില്ലയിലെ കുട്ടികളുടെ ചികിത്സക്കായി പരിഗണിക്കണമെന്ന അഭ്യർഥന മുന്നോട്ടുവെച്ചിരുന്നു. മുഹമ്മദ് മോന് നൽകിയതുപോതെ ഇനാറ മോൾക്കും കാരുണ്യമതികളുടെ സഹകരണം അഭ്യർഥിക്കുകയാണെന്ന് ചികിത്സ കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഫണ്ട് ശേഖരണാർഥം കാടാച്ചിറ എസ്.ബി.ഐയിലും എടക്കാട് കേരള ഗ്രാമീൺ ബാങ്കിലും അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: എസ്.ബി.ഐ കാടാച്ചിറ 40344199787, IFSC: SBIN0071263, കേരള ഗ്രാമീണ്‍ ബാങ്ക് എടക്കാട്: 40502101030248, IFSC: KLGB0040502, ഗൂഗ്ള്‍ പേ: 9744918645, 8590508864. വാർത്തസമ്മേളനത്തിൽ ചെയർപേഴ്സൻ ടി. സജിത, ജനറൽ കൺവീനർ പി. ഹമീദ് മാസ്റ്റർ, ട്രഷറർ ഹാഷിം ബപ്പൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.