ഇനാരമോളെ മറക്കരുതേ....
text_fieldsകണ്ണൂർ: അപൂർവ ജനിതക രോഗം ബാധിച്ച ഏഴുമാസം പ്രായമുള്ള ഇനാര മോളോട് കാരുണ്യം കാണിക്കാൻ മറക്കരുതേയെന്നാണ് മുഴപ്പിലങ്ങാട്ടുകാരുടെ അഭ്യർഥന. സ്പൈനൽ മസ്കുലാർ അട്രോഫി എന്ന ഗുരുതര രോഗം കണ്ടെത്തിയതിനെ തുടർന്ന് മുഴപ്പിലങ്ങാട് കെട്ടിനകത്തെ മുഹമ്മദ് റാഷിദ് - ഫാത്തിമ ഹിസാന ദമ്പതികളുടെ മകൾ ഇനാര മറിയം അടിയന്തര ചികിത്സ തേടുകയാണ്.
ഭീമമായ ചെലവുള്ള ചികിത്സക്ക് വകയില്ലാതെ നിസ്സഹായാവസ്ഥയിലായ കുരുന്നിന്റെ ചികിത്സക്കായി കഴിഞ്ഞ ആഗസ്റ്റിൽ സർവകക്ഷി കൂട്ടായ്മ രൂപവത്കരിച്ച് പ്രവർത്തനം തുടങ്ങിയിരുന്നു. കഴിഞ്ഞ അഞ്ചുമാസത്തെ പ്രവർത്തനത്തിലൂടെ കമ്മിറ്റിക്ക് മൂന്നരക്കോടി രൂപ മാത്രമാണ് സമാഹരിക്കാനായത്. ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഇനാര മോളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ആറുലക്ഷം രൂപ വില വരുന്ന റിസപ്ലാം എന്ന മരുന്ന് മാസം തോറും കുത്തിവെച്ചാണ് ജീവൻ നിലനിർത്തുന്നത്.
18 കോടിയുടെ മരുന്ന് എത്രയുംവേഗം നൽകുക എന്നത് മാത്രമാണ് പ്രതിവിധി. മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി. സജിത ചെയർപേഴ്സനും എടക്കാട് മഹല്ല് കമ്മിറ്റി പ്രസിഡൻറ് പി. ഹമീദ് മാസ്റ്റർ ജനറൽ കൺവീനറുമായി ചികിത്സ സഹായ കമ്മിറ്റി പ്രവർത്തനം തുടരുകയാണ്. കുഞ്ഞിന്റെ പുഞ്ചിരിയും ജീവനും നിലനിർത്താനായി കാരുണ്യമതികളുടെ സഹായം തേടുകയാണ് നാട്ടുകാർ.
ഇനാരയുടെ ചികിത്സക്കായി ചുവടെയുള്ള അക്കൗണ്ടിൽ സഹായമയക്കാം. യു.പി.ഐ ഐ.ഡി: 9744918645@sbi ഹാഷിം എ.പി, ഗൂഗ്ൾ പേ: 8590508864 ഫർസാന കെ.ടി, ബ്രാഞ്ച്: കാടാച്ചിറ എസ്.ബി.ഐ, അക്കൗണ്ട് നമ്പർ: 403 441 997 87, ഐ.എഫ്.എസ്.സി: SBIN 0071263
വാർത്തസമ്മേളനത്തിൽ ചികിത്സ സമിതി ട്രഷറർ ഹാഷിം ബപ്പൻ, കൺവീനർ ഹുസീബ് ഉമ്മൽ, ചാരിറ്റി പ്രവർത്തകരായ അമർ ഷാൻ, ആബിദ കോടിയേരി, അബ്ദുറഹിമാൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.