മരണസംഖ്യയിൽ വർധന; കുരുതിക്കളമായി നിരത്തുകൾ
text_fieldsകണ്ണൂർ: വാഹനാപകടങ്ങളിലും നിരത്തിൽ പൊലിയുന്ന ജീവനുകളുടെയും എണ്ണത്തിലും വൻ വർധന. ഈ വർഷം ജില്ലയിലെ വാഹനാപകടങ്ങളിൽ മരിച്ചത് 215 പേർ. മരണനിരക്കിൽ 21 ശതമാനം വർധനയുണ്ടായി. മൂവായിരത്തോളം അപകടങ്ങളാണ് ഈ വർഷമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റവരുടെ എണ്ണം ആയിരക്കണക്കിനാണ്. അവയവങ്ങൾ നഷ്ടമായും ഗുരുതരമായി പരിക്കേറ്റും ചികിത്സയിൽ കഴിയുന്നത് 1500 പേരാണ്. വാഹനങ്ങളുടെ വർധനയും റോഡുകളുടെ നിലവാരമില്ലായ്മയും അപകട നിരക്ക് കൂട്ടി.
ഈ വർഷം ഗതാഗതത്തിനായി തുറന്ന മാഹി ബൈപാസിലും അപകടം സ്ഥിരമാണ്. ബൈപാസിൽ പാറാലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചത് കഴിഞ്ഞ ദിവസമാണ്. പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ശക്തമാക്കുന്നുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവൊന്നുമില്ല. നാറ്റ്പാക്കിന്റെ കണക്ക് പ്രകാരം ജില്ലയിൽ 27 അപകട സാധ്യത മേഖലകൾ കണ്ടെത്തിയിരുന്നു.
ഈ മേഖലകളിൽ പൊലീസും മോട്ടോർ വാഹനവകുപ്പും സംയുക്ത പരിശോധന നടത്തിവരുന്നുണ്ട്. ദേശീയപാത വികസനത്തിന്റെ ഭാഗമായി ജില്ലയിൽ റോഡ് നിർമാണം നടക്കുന്നുണ്ട്.
പ്രവൃത്തിക്കായി റോഡുകൾ അടക്കുന്നതും വഴിമാറ്റിവിടുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് മിക്ക അപകടങ്ങൾക്കും കാരണം. കുട്ടി ഡ്രൈവർമാരും പിടിയിലാവുന്നുണ്ട്. മാഹി ബൈപാസ് സർവിസ് റോഡിലടക്കം ബൈക്കിലും കാറിലും സാഹസിക യാത്ര നടത്തുന്ന സംഭവങ്ങളും വർധിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ റോഡിൽ നടത്തുന്ന അഭ്യാസപ്രകടനങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയാണ്. പുതുവർഷത്തിൽ നിരത്തിലെ നിയമലംഘനങ്ങൾ തടയാനായി പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും.
28.45 ലക്ഷം പിഴ
ഡിസംബർ 17 മുതൽ പൊലീസും മോട്ടോർ വാഹനവകുപ്പും നടത്തുന്ന സംയുക്ത പരിശോധനയിൽ ഇതുവരെ 1782 ചലാനുകളിൽ നിന്ന് 28.45 ലക്ഷം രൂപ പിഴയീടാക്കി. ലൈസൻസില്ലാതെ നിരത്തിലിറങ്ങിയ 95 പേർ പിടിയിലായി. എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന തരത്തിൽ അനധികൃത ലൈറ്റ് ഘടിപ്പിച്ച 77 പേരും പരിശോധനയിൽ കുടുങ്ങി. അനധികൃത ഹോണുമായി 28 പേരെയും ബ്രേക്ക് ലൈറ്റില്ലാതെ 25 പേരെയും കണ്ടെത്തി നടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.