ഇന്ത്യ ഇന്ത്യയായി നിലനിൽക്കുമോയെന്ന ആശങ്ക ചിലർ സൃഷ്ടിച്ചു -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsകണ്ണൂർ: ഇന്ത്യ ഇന്ത്യയായി നിലനിൽക്കുമോ എന്ന ആശങ്ക ചില ചെയ്തികളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കണ്ണൂർ പൊലീസ് പരേഡ് ഗ്രൗണ്ടിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.
ഇന്ത്യയായി രാജ്യത്തെ നിലനിർത്തുകയെന്നതാണ് നമ്മുടെ ഉത്തരവാദിത്തം. മൂല്യങ്ങളെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കാൻ സാധിക്കണം. വൈവിധ്യങ്ങളില്ലെങ്കിൽ ഇന്ത്യയില്ല. ജാതി, മത, വർഗ, വർണ, ഭാഷാ വ്യത്യാസമില്ലാതെ ഇന്ത്യൻ പൗരനായി നിലകൊള്ളുകയെന്നതാണ് നമ്മുടെ ദേശീയതയുടെ അടിത്തറ. സഹിഷ്ണുതയും സഹവർത്തിത്വവും പുലരുമെന്നാണ് നാം എടുക്കേണ്ട പ്രതിജ്ഞ. മതനിരപേക്ഷ മൂല്യങ്ങളാണ് ഇന്ത്യയുടെ കരുത്തെന്നും മന്ത്രി പറഞ്ഞു.
ദേശീയപതാക ഉയർത്തിയ മന്ത്രി വിവിധ സേനാവിഭാഗങ്ങളുടെ പരേഡിൽ അഭിവാദ്യം സ്വീകരിച്ചു. പൊലീസ്, എക്സൈസ്, ജയിൽ, ഫോറസ്റ്റ്, എൻ.സി.സി സീനിയർ, ജൂനിയർ, എസ്.പി.സി, സ്കൗട്ട്, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ് ആൺകുട്ടികൾ, ജൂനിയർ റെഡ് ക്രോസ് പെൺകുട്ടികൾ എന്നിവയുടെ 33 പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. കണ്ണൂർ ഡി.എസ്.സി സെൻററിന്റെ നേതൃത്വത്തിൽ സെൻറ് തെരേസാസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, കടമ്പൂർ എച്ച്.എസ്.എസ് എന്നിവർ ബാൻഡ് മേളവുമായി പരേഡിന് താളം പകർന്നു. ഇരിക്കൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജേഷ് അയോടൻ പരേഡ് കമാൻഡൻറും കണ്ണൂർ സിറ്റി ഹെഡ് ക്വാർട്ടേഴ്സ് എസ്.ഐ ധന്യ കൃഷ്ണൻ പരേഡ് അസി. കമാൻഡൻറുമായി.
ജില്ല കലക്ടർ എസ്. ചന്ദ്രശേഖർ, കണ്ണൂർ റൂറൽ പൊലീസ് മേധാവി ഹേമലത, സിറ്റി പൊലീസ് കമീഷണർ അജിത് കുമാർ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. മേയർ അഡ്വ. ടി.ഒ. മോഹനൻ, എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.പി. മോഹനൻ, കെ.വി. സുമേഷ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.പി. ദിവ്യ, വൈസ് പ്രസിഡൻറ് അഡ്വ. ബിനോയ് കുര്യൻ, ഡെപ്യൂട്ടി മേയർ കെ. ഷബീന, അസി. കലക്ടർ അനൂപ് ഗാർഗ്, എ.ഡി.എം കെ.കെ. ദിവാകരൻ തുടങ്ങിയവർ സംബന്ധിച്ചു.
പരേഡിൽ സേന വിഭാഗത്തിൽ കണ്ണൂർ റൂറൽ, എൻ.സി.സി സീനിയർ വിഭാഗത്തിൽ കണ്ണൂർ ഗവ. പോളിടെക്നിക് കോളജ്, എൻ.സി.സി ജൂനിയർ വിഭാഗത്തിൽ ആർമി പബ്ലിക് സ്കൂൾ, എസ്.പി.സി വിഭാഗത്തിൽ കൂടാളി എച്ച്.എസ്.എസ്, സ്കൗട്ട് വിഭാഗത്തിൽ സെൻറ് മൈക്കിൾസ് ആംഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, ഗൈഡ്സ് വിഭാഗത്തിൽ എസ്.എൻ ട്രസ്റ്റ് എച്ച്.എസ്.എസ് തോട്ടട, ജൂനിയർ റെഡ് ക്രോസ് ബോയ്സ് വിഭാഗത്തിൽ കാടാച്ചിറ എച്ച്.എസ്.എസ്, ജൂനിയർ റെഡ് ക്രോസ് ഗേൾസ് വിഭാഗത്തിൽ ജി.വി.എച്ച്.എസ്.എസ് പയ്യാമ്പലം എന്നിവർ മികച്ച പ്ലാറ്റൂണുകൾക്കുള്ള ട്രോഫി കരസ്ഥമാക്കി. മികച്ച പ്ലാറ്റൂണുകൾക്കും മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചവർക്കും മന്ത്രി ഉപഹാരം നൽകി. തുടർന്ന് ജില്ലയിലെ സംഗീത അധ്യാപകരുടെ ദേശഭക്തി ഗാനാലാപനവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.