പകർച്ചവ്യാധി; ബോധവത്കരണവുമായി ആരോഗ്യവകുപ്പ്
text_fieldsകണ്ണൂർ: നഗരത്തിലെ വിവിധ വാർഡുകളിൽ ഡെങ്കിപ്പനി തുടങ്ങിയ പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് ബോധവത്കരണവുമായി ആരോഗ്യവകുപ്പ്. നഗരത്തിലെ കടകൾ, സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.
ഓട്ടോറിക്ഷകളിലും ബസുകളിലും അടക്കം പൊതുജനങ്ങൾ ഇടപെടുന്ന ഇടങ്ങളിൽ ബോധവത്കരണ പോസ്റ്റർ പതിച്ചു. നഗരത്തിലെ ഓട്ടോ തൊഴിലാളികൾക്ക് പോസ്റ്ററുകൾ വിതരണം ചെയ്തു.
ജില്ല മെഡിക്കൽ ഓഫിസർ ഡോ. പീയുഷ് എം. നമ്പൂതിരിപ്പാടിന്റെ നിർദേശപ്രകാരം ജില്ല വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫിസർ ഡോ. കെ.കെ. ഷിനിയുടെയും ജില്ല മെഡിക്കൽ ഓഫിസ് മാസ് മീഡിയ വിഭാഗത്തിന്റെയും നേതൃത്വത്തിലാണ് ബോധവത്കരണം നടത്തിയത്.
കെ.എസ്.ആർ.ടി.സി ബസുകളിൽ ഡെങ്കി/മലമ്പനി വിരുദ്ധ പോസ്റ്ററുകൾ പതിപ്പിക്കുന്നതിന് ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ഗിരീശൻ നേതൃത്വം നൽകി. ഡി.ടി.ഒ ഇൻചാർജ്, ഡിപ്പോ എൻജിനീയർ എന്നിവരുമായി ചർച്ച നടത്തി മാലിന്യവും വെള്ളക്കെട്ടും നീക്കം ചെയ്യാൻ തീരുമാനിച്ചു. ബോധവത്കരണ പരിപാടികളിൽ ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസർ എസ്.എസ്. ആർദ്ര, സുധീഷ് മാച്ചേരി, ഫീൽഡ് അസിസ്റ്റന്റ് പി.വി. മഹേഷ് എന്നിവർ പങ്കെടുത്തു.
നഗരത്തിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്ത കേസുകൾ വർധിക്കുകയാണ്. കോര്പറേഷന് കാനത്തൂര്‍ ഡിവിഷന് ഭാഗത്ത് ഡെങ്കിപ്പനി കേസുകള്‍ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച ആരോഗ്യവകുപ്പ് സംഘം പരിശോധന നടത്തിയിരുന്നു.
പലയിടങ്ങളിലും വെള്ളം കെട്ടിനില്‍ക്കുന്നതായി ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ.സി. സച്ചിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയില്‍ കണ്ടെത്തി. ഇവിടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വെള്ളക്കെട്ട് അടിയന്തരമായി ഒഴിവാക്കുന്നതിന് സ്ഥലങ്ങളുടെയും കെട്ടിടങ്ങളുടെയും ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വിവിധ സ്ഥാപനങ്ങളുടെ അണ്ടർ ഗ്രൗണ്ടിലും ടെറസുകളിലും വെള്ളം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.