റോഡ് അപകടമേഖലകളില്‍ പരിശോധന; ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണം കര്‍ശനമാക്കും
text_fieldsകണ്ണൂർ: ജില്ലയിലെ ദേശീയ, സംസ്ഥാന പാതകളിലെ അപകടമേഖലകളില്‍ വിവിധ വകുപ്പുകളുടെ ജില്ല മേധാവികള്‍ സംയുക്ത പരിശോധന നടത്തും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപവത്കരിക്കും. ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ല റോഡ് സുരക്ഷ സമിതി യോഗത്തിലാണ് തീരുമാനം.
പൊലീസ്, പൊതുമരാമത്ത് വകുപ്പ്, മോട്ടോര്‍ വാഹന വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കമ്മിറ്റി രൂപവത്കരിക്കുക. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്‌നങ്ങള്‍ ഇവര്‍ വിലയിരുത്തി തീരുമാനമെടുക്കും.
ജില്ലയില്‍ റോഡ് സുരക്ഷ സംവിധാനങ്ങളൊരുക്കാന്‍ 13.27 ലക്ഷം കേരള റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഫണ്ടില്‍നിന്നും അനുവദിച്ചതായി കലക്ടര്‍ അറിയിച്ചു. തിരക്കുള്ള സമയത്ത് കണ്ണൂര്‍ നഗരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയത് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ പറഞ്ഞു.
നിയന്ത്രണം ലംഘിച്ച നിരവധി ഭാരവാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു. നിയന്ത്രണം കര്‍ശനമാക്കാന്‍ നഗരത്തില്‍ പൊലീസ് പരിശോധന ശക്തമാക്കുമെന്നും കമീഷണര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ കെ.വി. സുമേഷ് എം.എല്‍.എ, എ.ഡി.എം കെ.കെ. ദിവാകരന്‍, കണ്ണൂര്‍ റൂറല്‍ പൊലീസ് അഡീഷനല്‍ എസ്.പി എ.ജെ. ബാബു എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.