ഇതര സംസ്ഥാന തൊഴിലാളി; ആവാസ് കാർഡ് വിതരണം നിലച്ചു
text_fieldsകണ്ണൂര്‍: ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആവാസ് ആരോഗ്യ ഇന്‍ഷുറന്‍സ് കാർഡ് വിതരണം ജില്ലയിൽ നിലച്ചു. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനായി സംസ്ഥാന തൊഴില്‍വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണ് ‘ആവാസ്’ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി.
ഒരു തൊഴിലാളിക്ക് ഒരു ഇന്‍ഷുറന്‍സ് കാര്‍ഡ് എന്ന നിലയിലാണ് രജിസ്ട്രേഷന് നടപടി. ഇപ്രകാരം ഒരു കുടുംബത്തിലെ ഓരോ അംഗത്തിനും ധനസഹായത്തിന് അര്‍ഹതയുണ്ട്. തൊഴിലുടമയുടെ കീഴിലല്ലാതെ പ്രവൃത്തിയെടുക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും പദ്ധതിയിൽ അംഗമാകാമെന്നതാണ് പ്രത്യേകത.
സ്മാര്‍ട്ട് ഐ.ടി എന്ന കമ്പനിയാണ് ഇൻഷുറൻസ് കാർഡിനാവശ്യമായ രജിസ്ട്രേഷന് നടപടികള്‍ ചെയ്യുന്നത്. തൊഴില്‍വകുപ്പും ഐ.ടി കമ്പനിയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് രജിസ്ട്രേഷന് നിലച്ചത്. എന്നാൽ, കരാർ പുതുക്കി മാർച്ചോടെ തൊഴിലാളികൾക്കുള്ള കാർഡ് വിതരണം പുനഃസ്ഥാപിക്കുമെന്നാണ് തൊഴിൽ വകുപ്പധികൃതരുടെ വിശദീകരണം.
കോവിഡ് കാലത്തിനു ശേഷം താൽക്കാലികമായി നിർത്തിവെച്ചിരുന്നെങ്കിലും 2022 മാർച്ചിൽ വീണ്ടും കാർഡ് വിതരണം തുടങ്ങിയിരുന്നു. തുടർന്ന് 174 പേർക്ക് രജിസ്ട്രേഷന് പൂർത്തിയാക്കി കാർഡ് നൽകി. ഇത് കഴിഞ്ഞ വർഷം ഡിസംബറോടെ വീണ്ടും നിലക്കുകയായിരുന്നു. ഐ.ടി കമ്പനിയുമായുള്ള കരാര്‍ പുതുക്കുന്നതിനുള്ള നടപടി തൊഴിൽ വകുപ്പ് തുടങ്ങിയിരിക്കുകയാണ്.
ഇതര സംസ്ഥാന തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥലത്ത് ക്യാമ്പുകൾ നടത്തിയും കരാറുകാര്‍ മുഖേന ഇവരെ ലേബര്‍ ഓഫിസില്‍ എത്തിച്ചുമായിരുന്നു രജിസ്ട്രേഷന് നടത്തിയത്. കാര്‍ഡുള്ളവര്‍ക്ക് അപകടമരണം സംഭവിച്ചാല്‍ കുടുംബത്തിനു രണ്ടുലക്ഷവും ചികിത്സക്ക് 25,000 രൂപയും ലഭിക്കും.
കോവിഡിന് മുമ്പ് വര്‍ഷം 28,945 പേര്‍ക്കാണ് ജില്ലയില്‍ ആവാസ് കാര്‍ഡ് ലഭിച്ചത്. ഇതില്‍ ആറുപേര്‍ക്കു രണ്ടുലക്ഷം നല്‍കിയിട്ടുണ്ട്. തൊഴിലിനിടെ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്നവര്‍ക്ക് 50,000 രൂപ ആംബുലന്‍സ് വാടകയുമായി നല്‍കും.
പരാതികൾ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തിക്കാം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള ‘ആവാസ്’ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പുന:സ്ഥാപിച്ചാൽ ഇതുസംബന്ധിച്ച പരാതികൾ ഫെസിലിറ്റേഷന്‍ കേന്ദ്രത്തിലെത്തിക്കാം. കഴിഞ്ഞ വർഷം ഏപ്രിലിലാണ് താവക്കര കണ്ണൂർ സർവകലാശാല റോഡിലെ ഷഹീം കോംപ്ലക്സിൽ കേന്ദ്രത്തിന്റെ പ്രവർത്തനം തുടങ്ങിയത്.
തൊഴിലിടങ്ങളില്‍ നേരിടുന്ന ചൂഷണങ്ങള്‍, നിയമപരമായ പ്രശ്നങ്ങള്‍, അവരുടെ അവകാശങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ തുടങ്ങി ഇവരുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങള്‍ക്കും ഇവിടെ പരിഹാരമുണ്ടാകും. എന്നാല്‍, നിലവിൽ ശമ്പള കുടിശ്ശിക നല്‍കുന്നില്ലെന്ന വളരെ കുറച്ച് പരാതികള്‍ മാത്രമാണ് ഇവിടെ എത്തിയതെന്ന് ഉദ്യോഗസ്ഥന് പറയുന്നു.
കേന്ദ്രത്തിന്റെ പ്രവർത്തനത്തെ കുറിച്ച് തൊഴിലാളികളിൽ അറിയാത്തതാണ് പ്രശ്നം. കൂടാതെ പരാതികൾ പുറത്തുവരാതിരിക്കാൻ തൊഴിലുടമകൾ വിവരം തൊഴിലാളികളുമായി പങ്കുവെക്കാത്തതും വിഷയമാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രത്തിന്റെ ഫോൺ: 04972996353.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.