ആഭ്യന്തര പരാതി പരിഹാര സെല്ലായി; കെ.എസ്.ഇ.ബിയിൽ ഇനി പരാതി പരിഹാരത്തിന് വേഗം കൂടും
text_fieldsകണ്ണൂർ: ഉപഭോക്താക്കളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുന്നത് ലക്ഷ്യമിട്ട് കെ.എസ്.ഇ.ബി നടപ്പാക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന് കെ.എസ്.ഇ.ബി കണ്ണൂർ സർക്കിൾ ഓഫിസിൽ തുടക്കമായി.
രാജ്യത്തെ എല്ലാ വൈദ്യുതി വിതരണ കമ്പനികളും അവരുടെ ഉപഭോക്താക്കൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ (ഐ.ജി.ആർ.സി) രൂപവത്കരിക്കണമെന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കെ.എസ്.ഇ.ബി സർക്കിൾ ഓഫിസിന്റെ കീഴിലുള്ള ഉപഭോക്താക്കൾക്കായി ആഭ്യന്തര പരാതി പരിഹാര സെല്ലിന് രൂപം നൽകിയത്. സെല്ലിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച യോഗശാല റോഡിലുള്ള ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ മുനിസിപ്പൽ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു.
ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ.കെ. രത്നകുമാരി അധ്യക്ഷതവഹിച്ചു.
നിലവിൽ ഉപഭോക്താക്കൾ വൈദ്യുതി വിതരണ കമ്പനികൾ നൽകുന്ന വിവിധ സേവനങ്ങളായ പുതിയ കണക്ഷൻ, വൈദ്യുതിയുടെ ഗുണമേന്മ, ബില്ലിങ് തുടങ്ങിയവയിൽ പരാതികളുണ്ടെങ്കിൽ ഉപഭോക്തൃ പരാതി പരിഹാര ഫോറത്തിനെയാണ് സമീപിക്കാറുള്ളത്.
എന്നാൽ, ഐ.ജി.ആർ.സി രൂപവത്കരിച്ചതോടെ ഉപഭോക്താക്കൾക്ക് ഈ സെൽ മുഖേന അതാത് സെക്ഷൻ ഓഫിസിലും സബ്ഡിവിഷൻ ഓഫിസിലും സർക്കിൾ ഓഫിസിലും പരാതികൾ ബോധിപ്പിക്കാവുന്നതാണ്.
കണ്ണൂർ ഇലക്ടിക്കൽ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എം.പി. സുധീർ റിപ്പോർട്ടവതരിപ്പിച്ചു. പ്രോജക്ട് മോണിറ്ററിങ് യൂനിറ്റ് എക്സി.എൻജിനീയർ ടി. രാധാകൃഷ്ണൻ സ്വാഗതവും തലശ്ശേരി ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ സി. മഹിജ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.