കണ്ണൂർ കോട്ടയിൽ വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തൽ; പൊലീസുകാരന് സസ്പെൻഷൻ
text_fieldsകണ്ണൂർ: സെന്റ് ആഞ്ചലോസ് കോട്ടയിലെത്തുന്ന യുവതീ യുവാക്കളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട പൊലീസുകാരനെ സസ്പെൻഡ് ചെയ്തു. കോട്ടയിലെ സുരക്ഷ ചുമതലയിലുണ്ടായിരുന്ന കണ്ണൂർ സിറ്റി സ്റ്റേഷനിലെ സീനിയർ സി.പി.ഒയും പൊലീസ് അസോസിയേഷൻ ജില്ല ജോയന്റ് സെക്രട്ടറിയുമായ മുഴപ്പിലങ്ങാട് സ്വദേശി പ്രവീഷിനെയാണ് അന്വേഷണവിധേയമായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. അജിത്ത് കുമാർ സസ്പെൻഡ് ചെയ്തത്.
കൊല്ലം സ്വദേശിയായ യുവാവും പെൺസുഹൃത്തും നൽകിയ പരാതിയെ തുടർന്നാണ് നടപടി. രണ്ടാഴ്ച മുമ്പ് കണ്ണൂർ കോട്ടയിലെത്തിയ ഇവരുടെ ദൃശ്യങ്ങൾ പകർത്തി വീട്ടിൽ വിവരമറിയിക്കുമെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തി കാൽലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. ഓൺലൈനായി പണം അയക്കാനായി ലൈഫ് ഗാർഡിന്റെ ഫോൺനമ്പറും നൽകി. തിരികെ കൊല്ലത്ത് എത്തിയശേഷം ഓൺലൈനായാണ് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ഇതേത്തുടർന്ന് കമീഷണറുടെ നിർദേശ പ്രകാരം കണ്ണൂർ എ.സി.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥനെ ജില്ല ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് സസ്പെൻഡ് ചെയ്തത്.
കണ്ണൂർ സിറ്റി സ്റ്റേഷനിൽനിന്ന് ടൂറിസം വകുപ്പിലേക്ക് ഡെപ്യൂട്ടേഷനിലെത്തിയ പ്രവീഷ്, കോട്ടയിൽ സ്ത്രീകൾക്കൊപ്പം എത്തുന്നവരെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്നതായി നേരത്തെയും പരാതിയുണ്ടായിരുന്നു. പള്ളിക്കുന്ന് സ്വദേശിയായ സുഹൃത്തും കഴിഞ്ഞദിവസം പരാതിയുമായി രംഗത്തെത്തി.
യുവാവും സുഹൃത്തും കോട്ടയിലെത്തിയപ്പോൾ പൊലീസുകാരൻ പണം ആവശ്യപ്പെട്ടെന്നാണ് പരാതി. അന്ന് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് ചൊവ്വാഴ്ച സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകുകയായിരുന്നു. നേരത്തെ ഇയാൾക്കെതിരെ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇത് പൊലീസ് അസോസിയേഷൻ ഇടപെട്ട് ഒതുക്കിയതായി ആരോപണമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.