യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസിന് വീഴ്ച്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്
text_fieldsതലശ്ശേരി: പാലയാട് ചിറക്കുനിയിലെ പാവനം വീട്ടിൽ സി.പി. പ്രത്യുഷിനും ഭാര്യ മേഘക്കും നേരെ പൊലീസ് അക്രമം നടത്തിയെന്ന പരാതിയിൽ തലശ്ശേരി പൊലീസിന് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. തലശ്ശേരി എ.എസ്.പി ടി.കെ. വിഷ്ണു പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് അന്വേഷണ സംഘം നടത്തിയ റിപ്പോർട്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോവിന് കൈമാറി. തലശേരി കടൽപ്പാലം പരിസരത്ത് നിന്ന് രാത്രി കസ്റ്റഡിയിലെടുത്ത ഭർത്താവിനെ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്നായിരുന്നു പ്രത്യുഷിന്റെ ഭാര്യ മേഘ കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. സ്റ്റേഷനിലെ സി.സി.ടി.വിയില്‍ പൊലീസ് ഭർത്താവായ പ്രത്യുഷിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ ഇല്ലെന്നും കടല്‍പ്പാലം പരിസരത്ത് നിന്ന് മേഘയെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിത പൊലീസ് ഉണ്ടായിരുന്നതായും അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രത്യുഷിനെ അറസ്റ്റ് ചെയ്യുമ്പോഴും ശേഷവും ഉണ്ടായിരുന്നത് ഒരേ മുറിവാണെന്നുമാണ് റിപ്പോര്‍ട്ട്. പൊലീസിന് അനുകൂലമായ റിപ്പോർട്ടായതിനാൽ വകുപ്പ് തല നടപടിക്ക് ഇനി സാധ്യതയില്ല.
സ്റ്റേഷനില്‍ കൊണ്ടുപോയി പൊലീസ് മര്‍ദിച്ചുവെന്ന് ജാമ്യം ലഭിച്ചതിനുശേഷം പ്രത്യുഷ് ആരോപിച്ചിരുന്നു. പ്രത്യുഷിന് മർദനമേറ്റെന്ന മെഡിക്കൽ റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കഴിഞ്ഞ അഞ്ചിനായിരുന്നു പ്രത്യുഷും മേഘയും രാത്രി വൈകി തലശ്ശേരിയിൽ കടൽ കാണാനെത്തിയത്. സംഭവസ്ഥലത്ത് നിന്ന് തലശ്ശേരി പൊലീസ് ഇരുവരോടും മോശമായി പെരുമാറുകയും സ്റ്റേഷനിൽ കൊണ്ടുപോയി പ്രത്യുഷിനെ മർദിച്ചെന്നുമായിരുന്നു പരാതി. അതേസമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രിൻസിപ്പൽ എസ്.ഐ ആർ. മനു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണം തടസ്സപ്പെടുത്തി പ്രത്യുഷ് മർദിച്ചെന്നും കാണിച്ച് സംഭവത്തിൽ പൊലീസ് കേസെടുത്തിരുന്നു.
കാലാവസ്ഥ മോശമായതിനാൽ രാത്രി കാലങ്ങളിൽ കടൽപ്പാലം പരിസരത്ത് സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നാണ് പൊലീസ് അറിയിച്ചത്. കേസിൽ റിമാൻഡിലായ പ്രത്യുഷ് കഴിഞ്ഞ 12 നാണ് ജാമ്യത്തിലിറങ്ങിയത്. സംഭവത്തിൽ പൊലീസുകാർക്കും മർദനമേറ്റന്ന മെഡിക്കൽ റിപ്പോർട്ടും പുറത്തു വന്നിരുന്നു. പൊലീസിനെതിരെ ശക്തമായ രീതിയിലാണ് ദമ്പതിമാർ കഴിഞ്ഞ ദിവസങ്ങളിൽ ആരോപണം ഉന്നയിച്ചത്. കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷനിൽ തലശ്ശേരി സി.ഐ ഉൾപ്പെടെ എട്ട് പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചെന്നാണ് പ്രത്യുഷിന്റെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.